മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വെട്ടിലായി

ചെറുവത്തൂർ: മുഖ്യമന്ത്രിയെയും, മുൻ ഉന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും ഫേസ്ബുക്കിലൂടെ നിശിതമായി വിമർശിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അച്ചടക്ക നടപടിയിൽ നിന്നും രക്ഷപ്പെടാൻ ജില്ലയിലെ സിപിഎം ഉന്നത നേതാവിന്റെ സഹായം തേടി. ചെറുവത്തൂർ വിദ്യാഭ്യാസ ഉപജില്ലാ ഏഇഒയും ഇടതുപക്ഷ സഹയാത്രികനുമായ കെ.ജി. സനൽഷായാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീൽ എന്നിവരെ ഫേസ്ബുക്കിലൂടെ നിശിതമായി വിമർശിച്ചത്. കെ.ടി. ജലീലിനെതിരെ ഉയർന്ന ബന്ധു നിയമന വിവാദത്തെച്ചൊല്ലിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

സർവ്വീസ് ചട്ടങ്ങളനുസരിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥന് സർക്കാരിനെതിരെ പരസ്യ വിമർശനമുന്നയിക്കുന്നതിന് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണങ്ങളെല്ലാം തൃണവൽഗണിച്ചാണ് കെ.ജി. സനൽഷാ മുഖ്യമന്ത്രിയെയും കെ.ടി. ജലീലിനെയും വിമർശിച്ചത്. വിവാദമുയർന്നതിനെത്തുടർന്ന് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും, ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ച് ഉന്നതാധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ജോലി തെറിക്കുമെന്നുറപ്പായതോടെയാണ് സനൽഷാ സഹായത്തിനായി പ്രമുഖ സിപിഎം നേതാവിനെ സമീപിച്ചത്. ഇടതു സഹയാത്രികനായ കെ.ജി. സനൽഷാ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനം സിപിഎം ഗൗരവതരമായാണ് കാണുന്നത്.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഫേസ്ബുക്കിലൂടെ നടത്തിയ വിമർശനം സർവ്വീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ്.

LatestDaily

Read Previous

കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പയ്യന്നൂരിൽ പിടിയില്‍

Read Next

അഫീസയെ ഹൈക്കോടതി ഹോസ്റ്റലിൽ പാർപ്പിച്ചു