കല്ല്യാൺ റോഡ് മുത്തപ്പൻ തറയിൽ പുലി സാന്നിധ്യമറിയാൻ വനപാലകർ ക്യാമറ സ്ഥാപിച്ചു

കാഞ്ഞങ്ങാട്: വീട്ടമ്മ പുലിയെ കണ്ട മാവുങ്കാൽ കല്ല്യാൺ റോഡ് മുത്തപ്പൻ തറയിൽ വനപാലകർ ക്യാമറകൾ സ്ഥാപിച്ചു. കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ. അഷറഫിന്റെ നേതൃത്വത്തിലാണ് ഇന്നലെ മുത്തപ്പൻ തറ കുറ്റിക്കാട്ടിൽ വനപാലകർ രണ്ട് ക്യാമറകൾ സ്ഥാപിച്ചത്. രണ്ട് ദിവസമായി വനപാലകർ പുലിയെ കണ്ട കുറ്റിക്കാട് കേന്ദ്രീകരിച്ച് വ്യാപക തെരച്ചിൽ  നടത്തി വരികയാണ്. കാട്ടിനകത്തെ കുളം പരിശോധിച്ചു. ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം തള്ളിക്കളയാനാവില്ലെന്നു കണ്ടാണ് വനപാലകർ ഏക്കർ കണക്കിന് വരുന്ന കാട്ടിനകത്ത് രണ്ടിടങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചത്.

ക്യാമറ പരിശോധിച്ചതിൽ ഇന്ന് രാവിലെ വരെ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. മുത്തപ്പൻ തറയിലെ കെ.വി. ശ്യാമള 63, കുന്നിൽ ചെരിവിലൂടെ നടന്ന് നീങ്ങുന്ന പുലിയെ കണ്ടതായി ആദ്യം വിവരം നൽകിയതിനത്തുടർന്ന്  വനപാലകരും പോലീസും  സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. പുലിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് വനപാലകർ കാട്ടിൽ ക്യാമറ സ്ഥാപിച്ചത്. പ്രദേശത്തെ വീടുകളിലെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചിട്ടില്ല. വളർത്തു മൃഗങ്ങൾ ആക്രമിക്കപ്പെട്ട രണ്ട് സംഭവങ്ങൾ ഉണ്ടായാൽ പ്രദേശത്ത് പുലിയെ പിടികൂടാൻ വനപാലകർ കൂടുൾപ്പെടെ സ്ഥാപിക്കും.

LatestDaily

Read Previous

തറ തകർത്ത സംഭവം വഴിത്തിരിവിൽ അജാനൂർ പഞ്ചായത്ത് ഭരണത്തിൽ നിന്നും സിപിഎമ്മിനെ താഴെയിറക്കാൻ നീക്കം

Read Next

പി. കെ. രാമൻ അന്തരിച്ചു