ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അനുജൻ മരിച്ച് ഒരാഴ്ച തികയുന്നതിനിടെ ജ്യേഷ്ഠനും അന്തരിച്ചു. മടിക്കൈ ബങ്കളം കക്കാട്ടെ വി. രാജനാണ് 52, അനുജന്റെ ചിതയുടെ തീ കെട്ടടങ്ങും മുമ്പേ മരണത്തിലേക്ക് യാത്രയായത്. മടിക്കൈ സഹകരണ ബാങ്കിലെ സീനിയർ ക്ലർക്കായ വി. രാജനെ ഇന്നലെ ഉച്ചയോടെയാണ് അസുഖ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നായിരുന്നു മരണം. നീലേശ്വരം ഗ്രാമീൺ ബാങ്കിലെ ജീവനക്കാരനായിരുന്ന രാജന്റെ സഹോദരൻ അശോകൻ 45, ഒരാഴ്ച മുമ്പാണ് ഹൃദയസ്തംഭനത്തെത്തുടർന്ന് മരിച്ചത്.
അശോകന്റെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് കുടുംബാംഗങ്ങളെ വീണ്ടും ദുഃഖത്തിലാഴ്ത്തി വി. രാജൻ അന്തരിച്ചത്. 25 വർഷത്തോളം സിപിഎം കക്കാട്ട് ബ്രാഞ്ച് സിക്രട്ടറിയായിരുന്ന രാജൻ കർഷക സംഘം വില്ലേജ് സിക്രട്ടറി, പ്രസിഡണ്ട്, ബങ്കളം സഹൃദയ വായനശാലാ പ്രസിഡണ്ട്, സിക്രട്ടറി, ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മുൻ പിടിഏ പ്രസിഡണ്ടായിരുന്ന വി. രാജന്റെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. പരേതനായ പൊക്കന്റെയും, കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ജലജ. മക്കൾ: രഞ്ജിമ, സാമന്ത് രാജ്. സഹോദരങ്ങൾ: രാജീവൻ, രഘു, പരേതനായ അശോകൻ.