ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോട് മുഖം തിരിച്ചുവെന്ന കാരണത്തിന് മടിക്കൈയിൽ താമസിക്കുന്ന ബങ്കളം കുഞ്ഞികൃഷ്ണൻ, അജാനൂർ മഡിയൻ സ്വദേശി ഏ. ദാമോദരൻ എന്നിവരോട് സിപിഐ വിശദീകരണം തേടി. ബങ്കളം കുഞ്ഞികൃഷ്ണൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, ജില്ലാ നിർവ്വാഹക സമിതി അംഗവുമാണ്.
ഏ. ദാമോദരൻ സിപിഐ ജില്ലാ കമ്മിറ്റി അംഗവും, കാഞ്ഞങ്ങാട് മണ്ഡലം സിക്രട്ടറിയേറ്റംഗവുമാണ്. ഫലം കാത്തിരിക്കുന്ന 2021–ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും മത്സരിക്കാൻ മുന്നിട്ടിറങ്ങിയ ഇ. ചന്ദ്രശേഖരന്റെ തീരുമാനം സിപിഐയിൽ ചന്ദ്രശേഖരന് എതിരെ കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.
കാഞ്ഞങ്ങാട് ടൗൺ ഹാളിൽ ചേർന്ന ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വേദിയിൽ നിന്ന് വിട്ടു നിന്ന ബങ്കളം കുഞ്ഞികൃഷ്ണൻ ആൾക്കൂട്ടത്തിലാണ് അന്ന് സ്ഥാനം പിടിച്ചത്. മാത്രമല്ല, ഇ. ചന്ദ്രശേഖരൻ 2011–ലും, 2016–ലും മത്സരിച്ചപ്പോൾ ചന്ദ്രശേഖരന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്ന കുഞ്ഞികൃഷ്ണനെ 2021 ലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്വാഗതം പറയാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
പകരം ജില്ലാ കൗൺസിൽ അംഗം കെ.വി. കൃഷ്ണനാണ് അന്ന് സ്വാഗതം പറഞ്ഞത്. ചന്ദ്രശേഖരന്റെ ഒന്നാം ഘട്ട, രണ്ടാം ഘട്ട തെരഞ്ഞെടുപ്പുകളിൽ സജീവമായിരുന്ന ഏ. ദാമോദരനും മന്ത്രിയുടെ മൂന്നാം അങ്കത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കുകയായിരുന്നു. ഇരുവർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാതിരിക്കാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ 10 ദിവസത്തിനകം ബോധിപ്പിക്കാനാണ് പാർട്ടി നോട്ടീസ്. സിപിഐ ജില്ലാ നിർവ്വാഹക സമിതിയുടെ തീരുമാനമനുസരിച്ച് ജില്ലാ സിക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലാണ് ഇരുവർക്കും നോട്ടീസ് ഒപ്പിട്ടു നൽകിയത്.
ബങ്കളം കുഞ്ഞികൃഷ്ണൻ അര നൂറ്റാണ്ടുകാലമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന നേതാവാണ്. സിപിഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി. മുരളി, സംസ്ഥാന അസിസ്റ്റൻസ് സിക്രട്ടറി സത്യൻ മൊകേരി എന്നിവർ സംബന്ധിച്ച സിപിഐ കാസർകോട് ജില്ലാ നിർവ്വാഹക സമിതി യോഗമാണ് അച്ചടക്ക നടപടിക്ക് മുമ്പുള്ള വിശദീകരണ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. ജില്ലാ നിർവ്വാഹക സമിതി യോഗത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ, കെ.വി. കൃഷ്ണൻ, ടി. കൃഷ്ണൻ, വി. രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.