ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോവിഡ്കാലത്തെ ആദ്യത്തെ മാസങ്ങളിൽ തന്നെ കേരള സർക്കാർ ഉപയോഗിച്ചിരുന്ന ബോധവത്കരണ വാചകമാണ് “ജീവന്റെ വിലയുള്ള ജാഗ്രത.” ആദ്യത്തെ ഒരു വർഷം നമ്മൾ ഏറെക്കുറെ ജാഗരൂഗരായിരിക്കുകയും ചെയ്‌തു. ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നിലനിറുത്താൻ നമുക്ക് സാധിച്ചത് അതുകൊണ്ടാണ്. ഈ വർഷം തുടങ്ങിയതോടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു.
ഒന്നാം തരംഗത്തെ പൊതുവെ നന്നായി കൈകാര്യം ചെയ്തതും കോവിഡ്കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേസുകൾ ഉയരാതിരുന്നതും വാക്‌സിൻ എത്തിയതുകൊണ്ട് ഇനി കാര്യങ്ങൾ താഴേക്ക് മാത്രമേ പോകൂ എന്ന വിശ്വാസവുമാണ് ഇതിന് കാരണം. ഈ വിശ്വാസം കാരണം ഫെബ്രുവരി മുതൽ തന്നെ ആളുകൾ ജാഗ്രത വെടിഞ്ഞു. മാസ്ക് ഉപയോഗം തുടർന്നെങ്കിലും ജനജീവിതം ഏറെക്കുറെ സാധാരണഗതിയിലായി. അപ്പോളാണ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നത്. അതോടെ നിയന്ത്രണങ്ങൾ കൈവിട്ടു.
സാമൂഹിക അകലം പൂർണമായും ഇല്ലാതായി. കേരളത്തിൽ തെക്കും വടക്കും യാത്രകൾ അനവധിയായി. ആളുകൾ ജാഥക്കും പ്രചാരണത്തിനുമിറങ്ങി, വോട്ടുതേടി സ്ഥാനാർത്ഥികളും സംഘവും വീടുകളിലെത്തി. ഇതേസമയത്ത് തന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ രണ്ടാമത്തെ തരംഗം ഉണ്ടായത്. മഹാരാഷ്ട്ര പോലെ തിരഞ്ഞെടുപ്പില്ലാത്ത സ്ഥലങ്ങളിൽ ഉൾപ്പടെ. രണ്ടാംതരംഗം നമ്മെ തൊടാതെ പോകുമെന്ന നമ്മുടെ വിശ്വാസം അസ്ഥാനത്തായി.
കഴിഞ്ഞ ഒക്ടോബറിൽ നമ്മൾ കയറിയിറങ്ങിയ പതിനായിരത്തിന്റെ കുന്ന് വീണ്ടും കയറുകയാണ്. മറ്റു പ്രദേശങ്ങളിൽ ഒന്നാമത്തെ കുന്നിന്റെ പത്തുമടങ്ങ് വരെയാണ് രണ്ടാമത്തെ കുന്ന്. ഇവിടെയാണ് ജീവന്റെ വിലയുള്ള ജാഗ്രതയുടെ പ്രസക്തി. കേസുകളുടെ എണ്ണമല്ല, രോഗം ബാധിക്കുന്ന, ഓക്സിജനും മറ്റു പരിചരണങ്ങളും വേണ്ട ആളുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് മുകളിൽ പോകുന്നതാണ് അപകടകരമാകുന്നത്. സ്വാഭാവികമായും കേസുകളുടെ എണ്ണം കൂടുമ്പോൾ ഓക്സിജനും മറ്റു സൗകര്യങ്ങളും വേണ്ടവരുടെ എണ്ണം കൂടും.
ഒരു പരിധി വരെ ഇപ്പോഴുള്ള സംവിധാനം കൊണ്ടും, ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ വരെ ഓക്സിജൻ കൊടുക്കാനുള്ള സംവിധാനമുണ്ടാക്കിയും, കുറച്ചൊക്കെ മറ്റു രോഗചികിത്സകൾ മാറ്റിവച്ചും നമുക്ക് മരണനിരക്ക് പിടിച്ചു നിറുത്താം. എന്നാൽ രോഗികളുടെ എണ്ണം വീണ്ടും മുകളിലേക്ക് പോയാലോ? ആശുപത്രിയിൽ കിടക്കകൾ മതിയാകാതെ വരും. വെന്റിലേറ്റർ ആർക്ക് കൊടുക്കണമെന്ന് ചിന്തിക്കേണ്ടി വരും. മരണനിരക്ക് ഒരു ശതമാനത്തിന് മുകളിൽ പോകും. ഇറ്റലി മുതൽ അമേരിക്ക വരെയുള്ള പ്രദേശങ്ങളിൽ നമ്മൾ അത് കണ്ടതാണ്.
ഇത് കേരളത്തിൽ സംഭവിക്കില്ലെന്നൊരു പ്രതീക്ഷ ഇനി വേണ്ട. അമിതമായ ആത്മവിശ്വത്തിന് ഇപ്പോൾത്തന്നെ നമ്മൾ അല്പം വിലകൊടുത്തു കഴിഞ്ഞു. ഇനിയത് വഷളാകാതെ നോക്കാം. പ്രായോഗികമായി ചെയ്യേണ്ടത് ഇതാണ്.
∙ ആവർത്തിക്കില്ലെന്ന് ഉറപ്പിക്കരുത്
കോവിഡിന്റെ രണ്ടാമത്തെ കുന്നിറങ്ങുന്നത് വരെ രോഗം വരാതെ നോക്കാൻ അതീവ ജാഗ്രത പുലർത്തുക. ഒരിക്കൽ രോഗമുണ്ടായതു കൊണ്ടോ, വാക്സിൻ ലഭിച്ചു എന്നതുകൊണ്ടോ അമിത ആത്മവിശ്വാസം കാണിക്കാതിരിക്കുക. വാക്സിൻ ലഭിച്ചവർക്കും രോഗമുണ്ടായവർക്കും വീണ്ടും രോഗം ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്.
വീട്ടിൽ പ്രായമായവരോ ഹൈ റിസ്ക് ഗ്രൂപ്പിൽ ഉള്ളവരോ ഉണ്ടെങ്കിൽ അവരെ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറച്ചു സംരക്ഷിക്കുക. ആളുകളുമായി എത്രമാത്രം സമ്പർക്കം കുറയ്‌ക്കുന്നോ അത്രമാത്രം രോഗം വരാനുള്ള സാദ്ധ്യത കുറവാണ്. കൈകഴുകൽ / സാനിട്ടൈസർ, മാസ്ക്, സാമൂഹിക അകലം ഇതൊക്കെ കൃത്യമായി പാലിക്കുക. തിരഞ്ഞെടുപ്പ് കാലത്ത് / രാഷ്ട്രീയക്കാർക്ക് ഇതൊന്നും ബാധകമായിരുന്നില്ലേ എന്നത് തികച്ചും ന്യായമായ ചോദ്യമാണെങ്കിലും അതൊന്നും നിങ്ങളെ രക്ഷിക്കില്ലെന്ന് മനസിലാക്കുക. അതിനാൽ മുൻകരുതൽ കൈവിടരുത്
പൂരമാണെങ്കിലും പെരുന്നാളാണെങ്കിലും കൊവിഡിന് ചാകരക്കാലമാണെന്ന് ഉറപ്പിക്കുക. പരീക്ഷയാണെങ്കിലും പൂരമാണെങ്കിലും നടത്താൻ അനുമതി നൽകുന്നതൊക്കെ പൊതുസമൂഹത്തെ കോവിഡ്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ്. ഈ അനുമതി ലഭിച്ചതുകൊണ്ട് നമ്മൾ സുരക്ഷിതരാണെന്ന് കരുതരുത്.
∙ ആരോഗ്യപ്രവർത്തകരെ പരിഗണിക്കുക
രോഗത്തെപ്പറ്റി ഒന്നും അറിയാതിരുന്ന കാലത്തും കൊവിഡിന് വാക്സിൻ ഇല്ലാതിരുന്ന കാലത്തും നമ്മെ രോഗത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ മുൻപിൽ നിന്നു പടവെട്ടിയവരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ.
അവർക്കൊക്കെ വാക്സിൻ കിട്ടിയിട്ടുണ്ട് എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പക്ഷേ ഒരു വർഷമായി നിരന്തരം അമിതമായി തൊഴിൽ ചെയ്തും “ഇപ്പോൾ തീരും” എന്നും കരുതിയിരുന്ന കോവിഡ്വീണ്ടും ആവർത്തിക്കുന്നത് കണ്ടും അവർ അല്പം തളർന്നിരിക്കുകയാണ്. അവരെ വാക്കുകൊണ്ട് പിന്തുണയ്‌ക്കുന്നതോടൊപ്പം അവർക്ക് കൂടുതൽ പണിയുണ്ടാക്കാതെ നോക്കേണ്ടത് നമ്മുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണ്.
∙ മാനസിക പിന്തുണ അനിവാര്യം
കോവിഡ്മാറി ജീവിതം “സാധാരണഗതിയിലാകും” എന്ന വിശ്വാസത്തോടെ ഇരുന്നവരാണ് നാം . എന്നാൽ കാര്യങ്ങൾ വഷളാകുന്നത് നമ്മെ മാനസികമായി തളർത്തുന്നുണ്ട്. പ്രത്യേകിച്ചും അടുത്ത അദ്ധ്യയന വർഷം സ്‌കൂളിൽ പോയിത്തുടങ്ങാമെന്ന് ചിന്തിച്ചിരുന്ന കുട്ടികളെ. അതുകൊണ്ട് എല്ലാവരും പരസ്‌പരം കൂടുതൽ പിന്തുണയ്‌ക്കുക, ആളുകളുടെ വിഷമങ്ങൾ മനസിലാക്കുക, സമ്മർദ്ദത്തിന്റെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ചികിത്സ ഉൾപ്പടെയുള്ള സഹായങ്ങൾ തേടുക.
സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരും ചുറ്റുമുണ്ടാകും. പ്രത്യേകിച്ചും കോവിഡ്കാലത്ത് ഇല്ലാതായ തൊഴിലുകൾ ചെയ്തിരുന്നവർ (ടൂറിസം, കാറ്ററിങ്, ടാക്സി, ചെറുകിട കച്ചവടക്കാർ). അവരെ അറിഞ്ഞു സഹായിക്കുക. ഈ കാലവും കടന്നു പോകും. ലോകത്ത് കൊവിഡിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടും അമേരിക്കയും ഉൾപ്പടെയുള്ള രാജ്യങ്ങൾ വാക്സിനേഷൻ കൊണ്ടും കർശന നിയന്ത്രണങ്ങൾ കൊണ്ടും കൊവിഡിന് മേൽ വിജയം നേടുന്നതിന് അടുത്തെത്തിയിരിക്കുന്നു. സ്വിറ്റ്സർലന്റിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കുറയുകയാണ്.
കോവിഡിന് മേൽ മേൽക്കൈ നേടിയ രാജ്യങ്ങളിൽ തൊഴിലും സമ്പദ് വ്യവസ്ഥയും നന്നായി വരികയാണ്. കോവിഡ്കാലത്തുണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉൾപ്പടെ അനവധി രംഗങ്ങളിൽ ചെലവ് കുറയ്‌ക്കുകയും കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും കൂട്ടുകയുമാണ്. അപ്പോൾ ഈ മാരത്തോണിന്റെ അവസാന ലാപ്പിൽ നമ്മളെത്തി നിൽക്കുമ്പോൾ മുന്നോട്ട് നോക്കാൻ ഏറെ നല്ല കാര്യങ്ങളുണ്ട്.
– മുരളി തുമ്മാരുകുടി