ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: കമ്മ്യൂണിസ്റ്റ് കോട്ടയായ മടിക്കൈയിൽ യാദവ കഴകങ്ങളുടെ വോട്ട് ഇത്തവണ യാദവനായ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. സുരേഷിന് മറിഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി ഇ. ചന്ദ്രശേഖരന് എതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ പി.വി.സുരേഷിന് വോട്ടു നൽകാൻ യാദവ കഴകങ്ങൾ രഹസ്യമായി കാലേക്കൂട്ടി തീരുമാനിച്ചിരുന്നു.
കഴക തീരുമാനമനുസരിച്ച് ആറായിരത്തോളം വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിഞ്ഞതായാണ് ഏറ്റവുമൊടുവിൽ മടിക്കൈയിൽ നിന്ന് ലഭിച്ച രഹസ്യം. ഒരു യാദവ (മണിയാണി) സ്ഥാനാർത്ഥി മടിക്കൈ ഉൾപ്പെടുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് ആറു പതിറ്റാണ്ടിന് ശേഷം, ജനവിധി തേടുന്നത് ഇതാദ്യമാണ്.
1960 മുതൽ സംവരണ മണ്ഡലമായ മടിക്കൈയിൽ നിന്ന് സിപിഐ സ്ഥാനാർത്ഥികളാണ് ആദ്യകാലത്ത് മത്സരിച്ചു ജയിച്ചത്. ഇവരിൽ കെ.ടി. കുമാരനും, പള്ളിപ്രം ബാലനും കണ്ണൂർ ജില്ലക്കാരായിരുന്നു. പിന്നീട് 15 വർഷക്കാലം ഹൊസ്ദുർഗ് മണ്ഡലത്തിൽ നിന്നുതന്നെയുള്ള എം. നാരായണനും, സഹോദരൻ എം. കുമാരനും സിപിഐ എംഎൽഏമാരായി.
2011 മുതൽ ഹോസ്ദുർഗ്ഗ് മണ്ഡലത്തിന്റെ പേര് കാഞ്ഞങ്ങാട് മണ്ഡലമാക്കി മാറ്റി. സംവരണം ഒഴിവാക്കി ജനറൽ മണ്ഡലമായി മാറിയതോടെയാണ് സിപിഐയിലെ ഇ. ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. രണ്ടാം തവണയും, ഈ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി ചന്ദ്രശേഖരൻ ഇത്തവണ ജനവിധി തേടിയപ്പോഴാണ് യുഡിഎഫിലെ യാദവ സ്ഥാനാർത്ഥി പി.വി സുരേഷ് എതിരാളിയായത്.
2011-ൽ കോൺഗ്രസിലെ അഡ്വ. എം.സി. ജോസ് ആയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി. 2016-ൽ കോൺഗ്രസ്സിലെ ധന്യ സുരേഷ് ആയിരുന്നു ചന്ദ്രശേഖരന്റെ എതിരാളി. ധന്യ പരേതനായ കോൺഗ്രസ് നേതാവ് പി. ഗംഗാധരൻ നായരുടെ മകളാണ്. മണ്ഡലം ജനറൽ ആയതിന് ശേഷം ഇതാദ്യമായാണ് ഒരു യാദവ സ്ഥാനാർത്ഥിയെ മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് യാദവർക്ക് വീണു കിട്ടിയത്. ഇതുകൊണ്ടു തന്നെ കമ്മ്യൂണിസം എന്ന ആശയം മറി കടന്ന് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിക്ക് യാദവർ അപ്പാടെ വോട്ടു ചെയ്തതായാണ് മടിക്കൈയുടെ പുതിയ രാഷ്ട്രീയ മുഖം തരുന്ന രഹസ്യ ചിത്രം.