അലാമിപ്പള്ളി ബസ്സ്റ്റാന്റ് കടമുറി ഒന്നിന് ഡിപ്പോസിറ്റ് 10 ലക്ഷം, മൂന്ന് തവണ ടെന്റർ വിളിച്ചിട്ടും കടമുറികൾ ആർക്കും വേണ്ട

വ്യവസ്ഥകൾ മയപ്പെടുത്താനൊരുങ്ങി നഗരസഭ

കാഞ്ഞങ്ങാട്: നൂറ് സ്ക്വയർഫീറ്റുള്ള കടമുറിക്ക് 10 ലക്ഷം രൂപ ഡിപ്പോസിറ്റും, വൻ നഗരങ്ങളെ വെല്ലുന്ന വാടകയും നിശ്ചയിച്ചതോടെ അലാമിപ്പള്ളി പുതിയ ബസ്സ്സ്റ്റാന്റ്  ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ ഏറ്റെടുക്കാൻ ആളില്ലാതായി. ഈ ഭരണസമിതി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു തവണയും കഴിഞ്ഞ നഗരസഭാ ഭരണ സമിതി രണ്ട് പ്രാവശ്യവും കടമുറികൾ ലേലത്തിനുവെച്ചുവെങ്കിലും ഏറ്റെടുക്കാൻ ആരുമെത്തിയില്ല. 

കടമുറികൾക്ക് വലിയ വാടകയും ഡിപ്പോസിറ്റും  ഈടാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് ഇതോടെ തിരിച്ചടിയായി. കോടികൾ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയ അലാമിപ്പള്ളി ബസ്സ് ടെർമിനൽ രണ്ട് വർഷം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഹഡ്കോയിൽ നിന്നും അഞ്ച് കോടിയിലെറെ രൂപ വായ്പയെടുത്തായിരുന്നു നഗരസഭ ടെർമിനൽ നിർമ്മാണം പൂർത്തിയാക്കിയത്.

കഴിഞ്ഞ ഭരണസമിതി വാടക മുറികളുടെ നിരതദ്രവ്യവും വാടകയും കുത്തനെ കൂട്ടി കടമുറികൾ ലേലത്തിന് വെച്ചെങ്കിലും, വ്യാപാരികൾ മുറികൾ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതേത്തുടർന്ന് കഴിഞ്ഞ ഭരണസമിതി തന്നെ വീണ്ടും ടെന്റർ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുതിയ ഭരണസമിതി വന്നശേഷം ടെന്റർ നടപടികൾ പുനരാരംഭിച്ചപ്പോഴും,  കടമുറികൾ ലേലത്തിൽ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. കഴിഞ്ഞ ഭരണസമിതിയുടെ ഏകപക്ഷീയമായ നിലപാടാണ് നഗര സഭയുടെ 100- ഒാളം കടമുറികൾ ആർക്കും വേണ്ടാതെ രണ്ട് വർഷമായി അനാഥമായി കിടക്കാൻ കാരണമെന്നാണ് ആക്ഷേപം.

തത്്സ്ഥിതിയിൽ കടമുറികൾ ഏറ്റെടുക്കാൻ വ്യാപാരികൾ തയ്യാറാകില്ലെന്നുറപ്പായതോടെ വ്യവസ്ഥകൾ ഉദാരവത്ക്കരിച്ച് ടെന്റർ നടപടികൾ  പുനരാരംഭിക്കാമെന്ന നിലപാടിലെത്തിയിരിക്കുകയാണിപ്പോൾ കാഞ്ഞങ്ങാട് നഗര ഭരണസമിതി.

LatestDaily

Read Previous

പുലിപ്പേടിയിൽ കാഞ്ഞങ്ങാട് കല്യാൺ നിവാസികൾ, പുലിയെ കണ്ട പ്രദേശത്ത് രാത്രിയിലും തിരച്ചിൽ

Read Next

മടിക്കൈ യാദവ വോട്ടുകൾ യുഡിഎഫിന് വീണു