ദുരന്ത തീരുമാനങ്ങൾ

കാസർകോട് ജില്ലയ്ക്കകത്ത് സഞ്ചരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ജില്ലാ ദുരന്താ നിവാരണ അതോറിറ്റിയുടെ തീരുമാനത്തിൽ പുനഃപരിശോധന നടത്താനുള്ള നീക്കം സ്വാഗതാർഹവും സാധാരണക്കാരായ പൊതുജനത്തിന് ആശ്വാസമേകുന്നതുമാണ്. ജില്ലയ്ക്കകത്ത് വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്ക് ദുരന്ത പൂർണ്ണമായ യാത്രാനുഭവം സമ്മാനിക്കുന്ന തീരുമാനമാണ് ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നതെന്നതിൽ യാതൊരു തർക്കവുമില്ല. ഈ തീരുമാനത്തിലാണ് ഒരു പുനർചിന്തനമുണ്ടായിരിക്കുന്നത്.

ജില്ലയിൽ കോവിഡ് വ്യാപന നിരക്ക് ഗണ്യമായ രീതിയിൽ വർദ്ധിച്ചിട്ടുണ്ടന്നതിൽ തർക്കത്തിനവകാശമില്ലെങ്കിലും, കോവിഡ് വ്യാപനം കുറയ്ക്കാൻ പൊതുജനത്തിന്റെ  സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തിയാൽ മതിയെന്ന തീരുമാനം ആരുടെ തലയിൽ നിന്നുദിച്ചതായാലും യുക്തിരഹിതവും അർത്ഥശൂന്യവുമാണ്. ശീതീകരണ യന്ത്രങ്ങൾ പിടിപ്പിച്ച മുറിയിലിരുന്ന് തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥർ പുറത്ത് പൊരിവെയിലിൽ അരവയർ നിറയ്ക്കാൻ പൊരുതുന്ന നിത്യവൃത്തിക്കാരന്റെ യാതനകളെ പരിഗണിക്കാത്തതാണ് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങളുണ്ടാകാൻ കാരണം.

സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപന നിരക്കുള്ളത് എറണാകുളത്തും, കോഴിക്കോടുമാണ്. കാസർകോട് ജില്ലയ്ക്ക് പുറമെ മറ്റ് പതിമൂന്ന് ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായിട്ടുണ്ടെങ്കിലും, അവിടെങ്ങുമുണ്ടാകാത്ത തീരുമാനമാണ് കാസർകോട്ടേത്  ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോഗം ചേർന്ന അതേദിവസം തന്നെയാണ് തൊട്ടടുത്ത ദിവസം മുതൽ എല്ലാവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് തവണ വാക്സിനിേഷൻ നടത്തിയ സർട്ടിഫിക്കറ്റോ കൈയിലില്ലാതെ പുറത്തിറങ്ങരുതെന്ന ഉത്തരവുണ്ടായത്. ഇരുപത്തിനാല് മണിക്കൂർ പോലും സാവകാശം കൊടുക്കാതെയാണ് നഗരങ്ങളിലെത്തുന്നവരോട് അധികൃതർ കോവിഡില്ലാ സർട്ടിഫിക്കറ്റാവശ്യപ്പെട്ടതെന്നതാണ് വിചിത്രം.

കോവിഡ് വാക്സിന്റെ ലഭ്യതക്കുറവ് മൂലം  വാക്സിനേഷന്റെ ഒന്നാം ഘട്ടം തന്നെ പലയിടത്തും പൂർത്തിയായിട്ടില്ല. ആദ്യഡോസ് വാക്സിനേഷന് ശേഷം ദിവസങ്ങളുടെ ഇടവേളയിലാണ് അടുത്ത ഡോസ് സ്വീകരിക്കേണ്ടതെന്ന സാമാന്യബോധം പോലുമില്ലാതെയാണ് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് രണ്ടുതവണ വാക്സിനേഷൻ നടത്തിയതിന്റെ രേഖകളാവശ്യപ്പെട്ടത്.

കോവിഡ് പരിശോധയുടെ ഫലം ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നഗരങ്ങളിൽ പ്രവേശിക്കുന്നവർ കയ്യിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടത്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുള്ള തീരുമാനമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൈക്കൊണ്ടതെന്നതിൽ യാതൊരു സംശയവുമില്ല. ജില്ലയിലെ പ്രധാന ടൗണുകളിലെത്തുന്ന മുഴുവൻ യാത്രക്കാരുടെയും സർട്ടിഫിക്കറ്റുകൾ    പരിശോധിക്കുന്നതിനാവശ്യമായ പോലീസ് ഉദ്യോഗസ്ഥസംവിധാനവും ജില്ലയിലില്ല.

വാഹന പരിശോധനകൾ മൂലമുണ്ടാകുന്ന ഗതാഗത സ്തംഭനവും സമയ നഷ്ടവും ഇതിന് പുറമേയുണ്ട്. കോവിഡ് പരിശോധനയ്ക്കും, കോവിഡ് വാക്സിനേഷനുമായെത്തുന്ന മുഴുവൻ പൊതുജനത്തെയും ഉൾക്കൊള്ളാനുള്ള പരിശോധനാ സംവിധാനമോ, വാക്സിനേഷൻ സൗകര്യമോ ജില്ലയിലില്ലെന്ന കാര്യവും ദുരന്ത നിവാരണ അതോറിറ്റി പരിഗണിച്ചില്ല. ഏത് തീരുമാനമെടുക്കുമ്പോഴും സമൂഹത്തിലെ താഴെത്തട്ടിലുള്ള സാധാരണ ജനത്തെ അതെങ്ങിനെ ബാധിക്കുമെന്ന് ചിന്തിക്കണമെന്ന് പറഞ്ഞത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ്. ഗാന്ധിജിയുടെ ഈ വാക്കുകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലുള്ളവർ ഇടയ്ക്കെങ്കിലും ഓർത്തിരിക്കുന്നത് നല്ലതായിരിക്കും.

കോവിഡ് രോഗ വ്യാപന നിരക്ക് കുറയ്ക്കാൻ ഒരു വർഷത്തിലധികമായി വിശ്രമമെന്തന്നറിയാതെ പണിയെടുക്കുന്നവരാണ് ജില്ലാ കലക്ടറും അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുമെങ്കിലും, ഈ സേവനങ്ങളുടെയയെല്ലാം ശോഭ കെടുത്തുന്നതാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിവാദ തീരുമാനം. സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരോട് സൗമ്യതയുടെ ആവശ്യമില്ലെങ്കിലും. ചില തീരുമാനങ്ങളെടുക്കുമ്പോൾ അതിൽ കുറച്ച് മനുഷ്യത്വവും കൂട്ടിച്ചേർക്കാവുന്നതാണ്.

LatestDaily

Read Previous

ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന തിരക്കിൽ ആശങ്ക

Read Next

കോവിഡ് 19 വാക്സിനേഷൻ കേന്ദ്രങ്ങൾ