ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ തീരദേശം ഇതര സംസ്ഥാനക്കാരായ ബ്ലേഡ് പലിശക്കാരുടെ പിടിയിൽ. മത്സ്യക്കുറവ് മൂലം വറുതിയിലായ തൊഴിലാളികളെ പിഴിഞ്ഞ് തീരദേശത്ത് ബ്ലേഡ് മാഫിയ വിലസുന്നു. കോവിഡ് പ്രതിസന്ധി മുതലെടുത്താണ് തമിഴ് നാട്ടുകാരായബ്ലേഡ് പലിശക്കാർ പണം പലിശയക്ക് കടം കൊടുത്ത് ഇവരെ ബലിയാടാക്കുന്നത്.
ഭീഷണിയും ഗുണ്ടായിസവും ഇവിടെ സാധാരണ സംഭവമാകുന്നു. അജാനൂർ കടപ്പുറം, ഹോസ്ദുർഗ്ഗ് കടപ്പുറം , ബല്ല കടപ്പുറം ആവി, പുഞ്ചാവി , പട്ടാക്കൽ പ്രദേശങ്ങളിൽ പലിശയ്ക്ക് പണം നൽകുന്ന സംഘങ്ങൾ തന്നെയുണ്ട്. ഇതര സംസ്ഥാനക്കാരെ കൂടാതെ നഗരത്തിൽ വട്ടി പലിശയ്ക്ക് പണം നൽകി ലക്ഷങ്ങൾ സമ്പാദിക്കുന്നവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഓട്ടോ ഡ്രൈവർമാർ മുതൽ ‘പോലീസ് ഉദ്യോഗസ്ഥർ വരെ അവരുടെ കൂട്ടത്തിലുണ്ട്. കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റ് മുതൽ തീരദേശം വരെ ബ്ലേഡ് മാഫിയയുടെ പിടിയിലാണ്.
ബ്ലേഡുകാരുടെ ഭീഷണിക്കും ഗുണ്ടായിസത്തിനും ഭയപ്പെട്ട് ഉള്ളതെല്ലാം വിറ്റു പെറുക്കി ജീവൻ നിലനിർത്തുകയാണിവർ. ആയിരം മുതൽ ഇരുപത്തി അയ്യായിരം വരെ വട്ടിപ്പലിശയ്ക്ക് നൽകിയാണ് ഇവർ സാധാരണക്കാരെ പിഴിയുന്നത്. പകലന്തിയോളം അധ്വാനിച്ച് കിട്ടുന്ന തുക ഒന്നിനും തികയാതെ വരുമ്പോൾ സാധാരണക്കാരായ തൊഴിലാളികൾ വട്ടിപ്പലിശക്കാരന്റെ ഇരയായി മാറുന്നു. ആയിരം രൂപ കടമായി നൽകുന്ന ഇടപാടുകാർ ഒരു മാസം 250 രൂപയാണ് പലിശയായി ഇടാക്കുന്നത്.
പതിനായിരം വായ്പ നൽകി തുടങ്ങുന്നവരുമുണ്ട്. പതിനായിരം കടം വാങ്ങിയാൽ ആയിരം കഴിച്ച് ഒമ്പതിനായിരം നൽകിയാണ് ഇവരുടെ ഇടപാട്. ഒരു മാസം തികഞ്ഞാൽ പതിനായിരം തന്നെ തിരിച്ച് നൽകണം. ഇത്തരം വട്ടി പലിശ ഇടപാട് തടയാൻ അടിയന്തിര നടപടികൾ അനിവാര്യമായിരിക്കുന്നു.