രണ്ടു വർഷം നീണ്ട പ്രണയം അസിഫയ്ക്കും അജിനും പറക്കളായിൽ തണൽ

കാഞ്ഞങ്ങാട്: തോയമ്മൽ പെൺകുട്ടി ഇരുപത്തിയൊന്നുകാരി അസിഫയ്ക്കും ഭർത്താവ് അജിനും ബിജെപി– ആർഎസ്എസ് ശക്തി കേന്ദ്രമായ പറക്കളായിൽ പ്രവർത്തകർ തണലൊരുക്കി. ഹൊസ്ദുർഗ് കോടതിയിൽ നിന്ന് ഇന്നലെ സ്വന്തം ഇഷ്ടാനുസരണം അജിന്റെ കൈപിടിച്ച് പുറത്തിറങ്ങിയ ഇരുവരും നേരത്തെ പറക്കളായി പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൽ പരസ്പരം മാല ചാർത്തി വിവാഹിതരായ കാര്യം പുറത്തു വിട്ടത് അജിനാണ്.

വിവാഹത്തിനുള്ള തെളിവായി ഈ ക്ഷേത്രത്തിൽ നിന്ന് നൽകിയ വിവാഹ രസീത് അജിൻ കൈയ്യിൽ കരുതിയിരുന്നു. കോടതിയിൽ ആവശ്യമായാൽ പുറത്തെടുക്കാൻ ഈ രസീതിന്റെ കോപ്പി ഭാര്യ അസിഫയും കരുതിയിരുന്നു. എളേരിത്തട്ട് ഇ. കെ. നായനാർ സ്മാരക ഗവ: കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ അസിഫയെ അജിൻ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും തോയമ്മലിൽ അജിന്റെ ബന്ധത്തിൽപ്പെട്ട സ്ത്രീയുടെ വീട്ടിലാണ്.

രണ്ടു വർഷക്കാലം നീണ്ടു നിന്ന പ്രണയബന്ധത്തിനൊടുവിലാണ് നാലുദിവസം മുമ്പ് ഇരുവരും വീടുവിട്ട് കാലിച്ചന്തകൾക്ക് പേരുകേട്ട ദക്ഷിണ കർണ്ണാടകയിലെ സുബ്രഹ്മണ്യയിലെത്തിയത്. കേസ്സ് കാര്യം ഫോണിൽ അറിയിച്ചതിനെത്തുടർന്നാണ് അസിഫ ഇന്നലെ കാലത്ത് 10 മണിക്ക് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. മാതാപിതാക്കൾ എത്രമാത്രം കരഞ്ഞു പറഞ്ഞിട്ടും, നീണ്ട ഇരുപത്തിയൊന്ന് വർഷം പൊന്നു പോലെ പോറ്റി വളർത്തിയ രക്ഷിതാക്കളോടൊപ്പം പോകാൻ അസിഫ കൂട്ടാക്കിയില്ല.

ഇതേത്തുടർന്ന് പോലീസ് സ്റ്റേഷനിൽ അസിഫയുടെ മാതാവ് ബോധരഹിതയായി തളർന്നു വീണു. അസിഫയുടെ മൂത്ത സഹോദരൻ ആസിഫ് യുഎഇയിലെ അൽ– ഐനിൽ ജോലി നോക്കുകയാണ്. അസിഫ ബിരുദ പഠനം പൂർത്തിയാക്കിയ സന്തോഷത്താൽ സഹോദരിയേയും, മാതാപിതാക്കളേയും ജോലി സ്ഥലമായ അൽ– ഐനിലേക്ക് ക്ഷണിച്ചു കൊണ്ടുപോയത് ആസിഫാണ്.

രണ്ടാഴ്ചത്തെ ഹ്രസ്വ സന്ദർശത്തിന് ശേഷം കുടുംബം  കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയത് 2 മാസം മുമ്പാണ്. പിറകെ തന്നെ അസിഫയ്ക്ക് മോശമല്ലാത്ത ഒരു കല്ല്യാണാലോചന വന്നുവെങ്കിലും, തനിക്ക് തൽക്കാലം കല്ല്യാണം വേണ്ടെന്ന് പെൺകുട്ടി വീട്ടുകാരോട് തീർത്തു പറയുകയായിരുന്നു. നീലേശ്വരം ബങ്കളം സ്വദേശിയായ അജിൻ 6 വർഷമായി കാഞ്ഞങ്ങാട്ട് ഏബിസി സ്ഥാപനത്തിൽ സെയിൽസ്മാനാണ്.

വിവാഹിതനാണെങ്കിലും ബന്ധം നിലവിലില്ല. കുട്ടികളുമില്ല. ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉറ്റു നോക്കിയ ഒളിച്ചോട്ടമായിരുന്നു അസിഫ– അജിന്റേത്. ഇന്നലെ കോടതി പരിസരത്തും, പോലീസ് സ്റ്റേഷനിലും സംസ്ഥാന ജില്ലാ ഇന്റലിജൻസ് ഉദ്യോഗസ്ഥർ കടുത്ത നിരീക്ഷണത്തിലായിരുന്നു. ഇന്റലിജൻസ് ഡിവൈഎസ്പി  നേരിട്ട് കാഞ്ഞങ്ങാട്ട് തമ്പടിച്ചാണ് യഥാസമയം അസിഫ- അജിൻ  ഒളിച്ചോട്ട സംഭവത്തിൽ സ്ഥിതിഗതികൾ ഇന്നലെ സുസൂഷ്മം നിരീക്ഷിച്ചത്.

LatestDaily

Read Previous

അസിഫ അജിനൊപ്പം പോയി; കല്ല്യാണം ക്ഷേത്രത്തിൽ പോലീസ് സ്റ്റേഷൻ മുറ്റത്ത് സംഘർഷം

Read Next

പാലക്കുന്നിൽ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞില്ല; കൊല മദ്യ ലഹരിയിലുള്ള വാക്ക് തർക്കത്തിൽ