ബേപ്പൂരിൽ നിന്നും പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; 12മത്സ്യതൊഴിലാളികളെ കാണാനില്ല

അപകടം മംഗളൂരുവിൽ നിന്നും 60 കിലോ മീറ്റർ അകലെ ഉൾക്കടലിൽ

കാഞ്ഞങ്ങാട്:-  കേരളത്തിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ട് മർച്ചന്റ് നേവിയുടെ കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരണപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന 12 മത്സ്യതൊഴിലാളികളെ കാണാതായി. മംഗളൂരുവിനടുത്ത് ഇന്ന് രാവിലെയാണ് വൻ അപകടമുണ്ടായത്.

മംഗളൂരുവിൽ നിന്നും പടിഞ്ഞാറ് 60 കിലോ മീറ്റർ അകലെ ഉൾക്കടലിൽ രാവിലെ 9 മണിയോടെയാണ് അപകടം നടന്നതെന്നാണ് തീരദേശ പോലീസിന് വിവരം ലഭിച്ചു. മംഗളൂരു കടലിൽ കപ്പലും, ബോട്ടുമായി കൂട്ടിയിടിച്ചതായാണ് ആദ്യം ലഭിച്ച വിവരം. കേരളത്തിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നും, മൂന്ന് മൃതദേഹങ്ങൾ ലഭിച്ചതായും തൊട്ട് പിന്നാലെ അറിയിപ്പുവന്നു.

ബോട്ടിൽ 15 പേർ ഉണ്ടായിരുന്നതായും, മറ്റ് 12 പേരെ കാണാനില്ലെന്നും, പിന്നീട് വിവരം ലഭിച്ചു. ബോട്ടുടമയുടെയും, അപകടത്തിൽപ്പെട്ട ബോട്ടിന്റെയും പേര് ലഭിച്ച കേരള തീരദേശ പോലീസ് ബോട്ടുടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മംഗളൂരു തീരദേശ പോലീസ് സംഘം അപകട സ്ഥലത്തേക്ക് പോയിട്ടുണ്ടെങ്കിലും, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉൾക്കടലിലാണ് അപകടമെന്നതിനാൽ, ഏത് പ്രദേശത്തുള്ളവരാണെന്നറിയാൻ മണിക്കൂറുകൾ  കഴിഞ്ഞിട്ടും ഇനിയും സാധിച്ചില്ല. അപകട വിവരം ലഭിച്ചതിനെ തുടർന്ന് കാസർകോടിന്റെ കടൽ തീരത്ത് കേരളത്തിന്റെ തീരദേശ പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിവരികയാണ്.

LatestDaily

Read Previous

യുവാവിനെ ഇടിച്ചിട്ട കാർ കണ്ടെത്താനായില്ല

Read Next

ഒാട്ടോയ്ക്ക് മുകളിൽ തെങ്ങ് കടപുഴകി വീണു