ആവിക്കര കവർച്ചാകേസിൽ പ്രതികളെ കുറിച്ച് സൂചനയില്ല

കാഞ്ഞങ്ങാട്:- ആവിക്കരയിലെ വീട്ടിൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങളും, 27,000 രൂപയും കവർച്ച ചെയ്ത കേസിൽ പ്രതികളെ കുറിച്ച് പോലീസിന് ഒരു സൂചനയും ലഭിച്ചില്ല. ആവിക്കര ഗാർഡർ വളപ്പിലെ ടി. എം. ഹസ്സൻകുഞ്ഞിയുടെ വീട്ടിൽ നിന്നും പണവും, ആഭരണങ്ങളും കവർന്ന കേസിലാണ് പോലീസിന് പ്രതികളെ കുറിച്ച് സൂചനകൾ ലഭിക്കാത്തത്.

കവർച്ച നടന്ന വീട്ടിൽ പോലീസ് നായയെയെത്തിച്ച് തെളിവെടുത്തുവെങ്കിലും, ഫലമുണ്ടായില്ല. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. ഹസ്സൻകുഞ്ഞിയും, കുടുംബവും വീട് പൂട്ടി മംഗളൂരു ആശുപത്രിയിൽ പോയി മടങ്ങിവന്ന സമയത്തിനിടയിലായിരുന്നു കവർച്ച.

കുടുംബം വീട് പൂട്ടി പോയ വിവരമറിഞ്ഞ ആരുടെയെങ്കിലും സഹായമില്ലാതെ കവർച്ച നടക്കില്ലെന്ന നിഗമനത്തിലാണ് പോലീലിന്റെ അന്വേഷണം. പ്രതികളെ കണ്ടെത്തുന്നതിന് സൈബർ സെൽ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നു. കവർച്ച നടന്നിട്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും, ഈ കവർച്ചാ കേസിലെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.

മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ മാവുങ്കാൽ കല്ല്യാൺ റോഡിലെ വീട്ടിലും കവർച്ച നടന്നിരുന്നു. വീട് പൂട്ടി കുടുംബം കാഞ്ഞങ്ങട്ടെ സ്വകാര്യ ആശുപത്രിയിൽ പോയി തിരിച്ചെത്തിയതിനിടയിലാണ് കല്ല്യാൺ റോഡിൽ വീട് കുത്തിതുറന്ന് ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണ്ണ–വജ്രാഭരണങ്ങൾ   കവർച്ച ചെയ്തത്. ഈ കേസിന്റെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്.

LatestDaily

Read Previous

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീട് വിട്ട യുവതി റിമാന്റിൽ

Read Next

യുവാവിനെ ഇടിച്ചിട്ട കാർ കണ്ടെത്താനായില്ല