ഫാഷൻ ഗോൾഡ് തട്ടിപ്പ്: നിയമോപദേശം നൽകിയ വക്കീലിനെതിരെ നിക്ഷേപകരുടെ പ്രതിഷേധം

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായ നിക്ഷേപകരുടെ സംഘം, പരാതിക്കാർക്ക് നിയമോപദേശം നൽകിയ കാഞ്ഞങ്ങാട്ടെ അഭിഭാഷകന്റെ മുന്നിൽ പ്രതിഷേധവുമായെത്തി. നിക്ഷേപത്തട്ടിപ്പിനിരയായവരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ച കാഞ്ഞങ്ങാട്ടെ  ഇടതു സഹയാത്രികനായ അഭിഭാഷകനെ നേരിൽക്കണ്ടാണ് നിക്ഷേപകർ പ്രതിഷേധമറിയിച്ചത്.

എം.സി. ഖമറുദ്ദീൻ എം.എൽ.ഏ, ടി.കെ. പൂക്കോയ എന്നിവർ പ്രധാന പ്രതികളായ വഞ്ചനാക്കേസിൽ അഭിഭാഷകന്റെ  പ്രേരണ മൂലമാണ് ഭൂരിഭാഗം നിക്ഷേപകരും പരാതി കൊടുത്തത്. എം.സി. ഖമറുദ്ദീൻ  അറസ്റ്റിലായതിന് ശേഷം അഭിഭാഷകൻ തട്ടിപ്പ് കേസുകളിലെ പരാതിക്കാരോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. എം.സി.ഖമറുദ്ദീനോട് പ്രതികാരം തീർക്കാൻ അഭിഭാഷകൻ തങ്ങളെ  കരുവാക്കുകയായിരുന്നെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്.

എംഎൽഏയുടെ അറസ്റ്റോടെ നാട്ടിൽ നിന്നും മുങ്ങിയ ടി.കെ. പൂക്കോയയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് നിക്ഷേപകർ ആക്ഷേപിക്കുന്നത്. പൂക്കോയയുടെ അറസ്റ്റ് തടയുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ജില്ലയിലെ സിപിഎം  നേതൃത്വമാണെന്നും നിക്ഷേപകർ വിശ്വസിക്കുന്നു.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവർ മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനത്തിലും തുടർ നടപടിയൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ  കാണാൻ  തട്ടിപ്പിനിരയായവരുടെ പ്രതിനിധികൾ ശ്രമിച്ചിരുന്നെങ്കിലും, ജില്ലയിലെ സിപിഎം നേതൃത്വം അതിന് അവസരമൊരുക്കിയതുമില്ല. അഞ്ച് മാസത്തോളമായി ഒളിവിൽക്കഴിയുന്ന ടി.കെ. പൂക്കോയയെ ജില്ലയിലെ ചില സിപിഎം നേതാക്കളുടെ ഒത്താശയോടെ  ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണെന്നാണ് നിക്ഷേപത്തട്ടിപ്പിനിരയായവർ ആരോപിക്കുന്നത്.

തട്ടിപ്പിനിരയായവർ  പല തവണ ടി.കെ. പൂക്കോയയുടെ ചന്തേരയിലെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പൂക്കോയ ചന്തേരയിലെ വീട്ടിലുണ്ടെന്ന സംശയമുയർത്തി രണ്ട് ദിവസം മുമ്പ് നിക്ഷേപകർ അദ്ദേഹത്തിന്റെ വീടിനകത്ത് കയറിയിരുന്നെങ്കിലും പോലീസ് നിക്ഷേപകരെ വീട്ടിൽ നിന്ന് പുറത്തിറക്കുകയായിരുന്നു.

സിപിഎമ്മിന്റെ  ഉടമസ്ഥതയിലുള്ള കൈരളി ചാനലിൽ ടി.കെ. പൂക്കോയ ജ്വല്ലറിയുടെ പരസ്യം നൽകിയിരുന്നു. ഇതിന്റെ പ്രത്യുപകാരമെന്ന നിലയിൽ ജില്ലയിലെ സിപിഎം നേതൃത്വം  പൂക്കോയയെ സംരക്ഷിക്കുകയാണെന്നാണ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ ആക്ഷേപം. നിക്ഷേപത്തട്ടിപ്പിനിരയായവരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത് കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ സി.ഷുക്കൂറാണ്. ലീഗിൽ നിന്നും തെറ്റിപ്പിരിഞ്ഞ് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സി. ഷുക്കൂർ എം.സി ഖമറുദ്ദീനോട് പക തീർക്കാൻ ഫാഷൻ ഗോൾഡ് നിക്ഷേപകരെ കരുവാക്കുകയായിരുന്നുവെന്നാണ് നിക്ഷേപകർ സംശയിക്കുന്നത്.

നിക്ഷേപത്തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ കേസന്വേഷണം മരവിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ധർമ്മടം മണ്ഡലത്തിലുള്ള മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ പ്രതിനിധികൾ സംഭവം വിശദീകരിച്ചിട്ടുണ്ട്. ടി. നസീർ, വി.കെ. ഷബീർ, ടി.എൻ.സി. ഹംസ, സൈനുദ്ദീൻ കെ.കെ. എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പ്രതിഷേധമറിയിച്ചത്.

LatestDaily

Read Previous

മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടായെങ്കിലും വിജയം ഉറപ്പാക്കി യുഡിഎഫ്

Read Next

സുദിനം പത്രാധിപരുടെ മൃതദേഹം സംസ്ക്കരിച്ചു