അധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ വീണ്ടും പോലീസ് അന്വേഷണം

കാഞ്ഞങ്ങാട്: യു.പി. സ്കൂൾ അധ്യാപകനെ വീടിന് സമീപം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം പോലീസ് വീണ്ടും അന്വേഷണമാരംഭിച്ചു. അധ്യാപകൻ കൊല്ലപ്പെട്ട കേസ്സിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സിബിഐ അന്വേഷണമാവശ്യപ്പെട്ട് അധ്യാപകന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കൊലപാതകക്കേസ്സിൽ വീണ്ടും അന്വേഷണം നടത്താൻ ഹൈക്കോടതി ചീമേനി പോലീസിന് നിർദ്ദേശം നൽകിയത്.

ചീമേനി നാലിലാംകണ്ടത്തെ ഗവ. യുപി സ്കൂൾ അധ്യാപകൻ ആലംതട്ടയിലെ പി.ടി. രമേശനെ 52, നാലംഗസംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്സിലാണ് കോടതി നിർദ്ദേശപ്രകാരം ചീമേനി പോലീസ് ഇൻസ്പെക്ടർ ഫായിസിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചത്. 2018 മാർച്ച് 3-ന് രാത്രി മാതാവ് പാർവ്വതിയുടെ വീട്ടിലെത്തി സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രമേശന് നേരെ ആക്രമണമുണ്ടായത്.  തലയ്ക്കടിയേറ്റ് ബോധരഹിതനായി ഏതാനും ദിവസം മംഗളൂരു യൂണിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രമേശൻ 7-ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

അനുജൻ പി.ടി. വിനോദ് കുമാറിന്റെ പരാതിയിൽ കൊലപാതകത്തിന് കേസ്സെടുത്ത ചീമേനി പോലീസ് രമേശന്റെ ബന്ധുക്കളായ ജയനീഷ്, അരുൺ, തമ്പാൻ, മകൻ അഭിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്യുകയും പ്രതികൾ റിമാന്റിൽ കഴിഞ്ഞതുമാണ്. നീലേശ്വരം പോലീസ് ഇൻസ്പെക്ടറായിരുന്ന സുനിലും ചീമേനി എസ്ഐ ആയിരുന്ന എം.ഇ. രാജഗോപാലനും ചേർന്ന് അന്വേഷണം പൂർത്തിയാക്കി ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പോലീസ് അന്വേഷണത്തിലും കുറ്റപത്രത്തിലും സംശയം പ്രകടിപ്പിച്ച രമേശന്റെ ബന്ധുക്കൾ കുറ്റപത്രത്തിൽ പോലീസ് അന്വേഷണോദ്യോഗസ്ഥർ ബോധപൂർവ്വം 18 ന്യൂനതകൾ കാട്ടിയിട്ടുള്ളതായി ചൂണ്ടിക്കാട്ടി യാണ് ഹൈക്കോടതിയെ സമീപിച്ചതും കൊലപാതകക്കേസ്സിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടതും. സിപിഎം പ്രവർത്തകരായ പ്രതികളെ രക്ഷപ്പെടുത്താൻ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായതായും ഇതുമൂലം കുറ്റപത്രം ദുർബ്ബലപ്പെടുത്തി പോലീസ് കോടതിയിൽ സമർപ്പിച്ച തായുമാണ് പരാതിക്കാരുടെ ആരോപണം.

പ്രതികൾക്ക് വേണ്ടപ്പെട്ടവരെ കേസ്സിൽ പോലീസ് പ്രധാന സാക്ഷികളാക്കി കേസ് ഡയറി കൃത്യമായി പോലീസ് കോടതിക്ക് കൈമാറിയില്ലെന്നും, പരാതിക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. രമേശൻ വധക്കേസ്സിൽ കാസർകോട് ജില്ലാ കോടതിയിലാരംഭിച്ച വിചാരണ നടപടികൾ ഹൈക്കോടതി പരാതിക്കാരുടെ ആവശ്യാർത്ഥം താൽക്കാലികമായി തടഞ്ഞശേഷമാണ് കുറ്റപത്രം സമർപ്പിച്ച കേസ്സിൽ പരാതിക്കാർ ചൂണ്ടിക്കാട്ടിയ 18 ന്യൂനതകളെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകിയത്.

രമേശൻ വധക്കേസ്സിൽ കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണം നടന്നുവരികയാണെന്ന് ചീമേനി പോലീസ് ഇൻസ്പെക്ടർ ഫായിസ് പറഞ്ഞു.സ്വത്ത് തർക്കവും മുൻ വിരോധവുമായിരുന്നു അധ്യാപകനെ പ്രതികൾ തലയ്ക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്താനുണ്ടായ കാരണം. സിബിഐ അന്വേഷണം വേണമെന്ന രമേശന്റെ ഭാര്യ യശോദയുടെ ആവശ്യം ചീമേനി പോലീസിന്റെ പുതിയ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

LatestDaily

Read Previous

മരുമകന്റെ പരാതി വ്യാജമെന്ന് വൈസ് ചെയർമാൻ

Read Next

മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടായെങ്കിലും വിജയം ഉറപ്പാക്കി യുഡിഎഫ്