ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മനസ്സിനുള്ളിലെ വിങ്ങിപ്പൊട്ടൽ പുറത്ത് കാണാതിരിക്കാൻ പാടുപെടുകയാണ് വടകരമുക്കിലെ പ്രവാസി സക്കറിയ. മൂത്ത മകൻ മുഹമ്മദ് അജ്മലിന്റെ 16, മരണ വാർത്തയറിഞ്ഞ് രാവിലെ മുതൽ വീട്ടിലേക്കെത്തിത്തുടങ്ങിയ നാട്ടുകാർക്കും, ബന്ധുക്കൾക്കും മുന്നിൽ പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോഴും, സക്കറിയയുടെ നെഞ്ചകം പിടയുകയാണ്. മുഹമ്മദ് അജ്മലിന്റെ മാതാവ് സർബിന, മകനെ കടലിൽ കാണാതായ വിവരമറിഞ്ഞ ഇന്നലെ സന്ധ്യ മുതൽ എഴുന്നേറ്റിട്ടില്ല.
മരണവീട്ടിലേക്കെത്തിയവരോട് ഇരിക്കാനും വെള്ളം കുടിക്കാനും ആവശ്യപ്പെടുമ്പോഴും പൊന്നുമോനെ കുറിച്ച് സക്കറിയ വാചാലനായി. ആനാവശ്യമായി കൂട്ടികൂടി ചുറ്റിക്കറങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല മുഹമ്മദ് അജ്മൽ. ഒരു ദിവസം ആകെ ഒരു മണിക്കൂർ മാത്രം കൂട്ടുകാർക്കൊപ്പം പുറത്തുപോയി ഫുട്ബോൾ കളിക്കും. 5-30ന് വീട്ടിൽ നിന്നും പോയാൽ വൈകീട്ട് കൃത്യം 6-30 മണിയാകുമ്പോഴേക്കും വീട്ടിലേക്ക് മടങ്ങിയെത്താറുണ്ട്.
ഇന്നലെ 5-30ന് കളിക്കാൻ പുറത്തേക്ക് പോകുംന്നേരം വസ്ത്രം കാണാത്തതിനാൽ മാതാവിനോട് ചോദിച്ചു. മാതാവ് നൽകിയ വസ്ത്രം എടുത്തുടുത്തപ്പോൾ എന്നും കളിക്കാൻ പോകുന്ന സമയം വൈകി 5-45 മണിയോടെയാണ് അജ്മൽ വീട്ടിൽ നിന്നിറങ്ങിയത്. കുളികഴിഞ്ഞ് മുടിചീകി വീട്ടിൽ നിന്നുമിറങ്ങുമ്പോൾ , വീട്ടിലുണ്ടായിരുന്ന പിതാവും മാതാവും കൂടപ്പിറപ്പുകളായ മുഹമ്മദ് അഫ്്ലഹും ആയിഷയും നിനച്ചിരുന്നില്ല അജ്മലിന്റേത് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത അവസാന യാത്രയെന്ന്.
മീനാപ്പീസ് കടൽ തീരത്ത് കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ വീണ ഫുട്ബോൾ എടുക്കാനുള്ള ശ്രമത്തിനിടെയാണ് അജ്മലിനെ തിരമാലകളിൽപ്പെട്ട് കാണാതായത്. തിരമാലയിൽപ്പെട്ട അജ്മൽ കൂട്ടുകാരന്റെ കൈയ്യിൽ അകപ്പെട്ടിരുന്നുവെങ്കിലും, തൊട്ടുപിന്നാലെെയത്തിയ ശക്തമായ തിരമാല അജ്മലിനെ ആഴക്കടലിലേക്ക് വലിച്ചുകൊണ്ടുപോയി. കടൽത്തീരത്ത് ഈ സമയം മത്സ്യത്തൊഴിലാളികളൊന്നുമില്ലായിരുന്നു. വിവരമറിഞ്ഞയുടൻ നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാകെ കടലിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ഇന്ന് രാവിലെ മീനാപ്പീസ് കടപ്പുറം കടലിൽ മൃതദേഹം കരയ്ക്കടിഞ്ഞു.
9-ാംതരം വിദ്യാർത്ഥി അജ്മൽ അജാനൂർ ക്രസന്റ് സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഈ വർഷം ഹൊസ്ദുർഗ് ഹയർസെക്കണ്ടറി സ്കൂളിലേക്ക് മാറ്റിയിരുന്നുവെങ്കിലും, കോവിഡ് കാരണം വിദ്യാലയം തുറക്കാത്തതിനാൽ ഹൊസ്ദുർഗ് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ പോകാനായില്ല. ഖത്തറിലായിരുന്ന സക്കറിയ കോവിഡ് മഹാമാരിയെ തുടർന്നാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. റംസാൻ കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് മകന്റെ വിയോഗം . ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉച്ചയോടെ ബല്ലാകടപ്പുറം പള്ളിപരിസരത്ത് പൊതുദർശനത്തിന് വെച്ചശേഷം ഖബറടക്കും.