റംല രക്ഷപ്പെട്ടത് അന്തുക്കയുടെ കാറിൽ

കാഞ്ഞങ്ങാട്: ചെറുവത്തൂർ എസ്ആർ ഗോൾഡ് ജ്വല്ലറിയുടെ 2 ലക്ഷം രൂപ കാഞ്ഞങ്ങാട്ടെ അജാനൂർ തെക്കേപ്പുറത്ത് നിന്ന് തട്ടിയെടുത്ത ബല്ലാക്കടപ്പുറത്തെ റംല 40, രക്ഷപ്പെട്ടത് പരിയാരം പോലീസിൽ കുടുങ്ങിയ അജാനൂരിലെ ഡോക്ടർ അന്തുക്കയുടെ കാറിൽ. വെള്ള മാരുതി സ്വിഫ്റ്റ് കാറുമായി പരിയാരം വിളയാങ്കോട് ദേശീയ പാതയിൽ അന്തുക്ക പരിയാരം പോലീസിന്റെ പിടിയിലായത് കഴിഞ്ഞാഴ്ചയാണ്.

പുലർകാലം മൂന്നു മണിക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറികളുടെ പരിസരത്താണ് അന്തുക്കയെ പോലീസ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. അന്തുക്കയുടെ ഭാര്യയുടെ പേരിലുള്ള വെള്ള സ്വിഫ്റ്റ് കാറിനകത്ത് 2 വലിയ കന്നാസുകൾ പരിയാരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്തും, പാർട്ടിയും കണ്ടെത്തിയിരുന്നു. ഉറങ്ങാനായി ഡ്രൈവർമാർ ചരക്കു ലോറികൾ പതിവായി നിർത്തിയിടാറുള്ള സ്ഥലമാണ് ദേശീയ പാതയിലുള്ള വിളയാങ്കോട് പ്രദേശം.

ലോറികളിൽ നിന്ന് ഇന്ധനം ഊറ്റിയെടുക്കാൻ തന്നെയായിരിക്കണം അന്തുക്ക തനിച്ച് പുലർകാലം കാറുമായി ദേശീയ പാതയിൽ തമ്പടിച്ചതെന്ന് പോലീസ് സംശയിക്കുന്നു. 25 ലിറ്റർ ഇന്ധനം ഉൾക്കൊള്ളുന്ന വലിയ രണ്ട് പ്ലാസ്റ്റിക് കാനുകൾ, 50 ലിറ്റർ ഡീസൽ ഉൾക്കൊള്ളുന്നതാണ്. ഒരു ലിറ്റർ ഡീസലിന് 85 രൂപ നിരക്കിൽ 4,250 രൂപയുടെ മോഷണ ശ്രമത്തിനാണ് അന്തുക്ക കാഞ്ഞങ്ങാട്ടു നിന്ന് സ്വന്തം കാറിൽ പാതിരായ്ക്ക് പരിയാരത്തെത്തിയതെന്നാണ് പോലീസ് നിഗമനം.

കണ്ണൂർ– പിലാത്തറ ദേശീയ പാതയിൽ ഹൈവേ കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെ പുലർകാലം കൊള്ളയടിക്കുന്ന ഒരു സംഘത്തെക്കുറിച്ച് സൂചനകൾ പുറത്തു വന്നിട്ടുണ്ട്. കാഞ്ഞങ്ങാട്ടുകാർ ഉൾപ്പെടുന്ന ചില കുറ്റവാളികളാണ് ഈ സംഘത്തിന്റെ സൂത്രധാരൻമാർ. കഴിഞ്ഞ എട്ടു വർഷത്തോളമായി കവർച്ച, മോഷണം തുടങ്ങിയ കേസ്സുകളിലൊന്നും ഉൾപ്പെടാതെ അടങ്ങിയൊതുങ്ങി ജീവിക്കുകയായിരുന്ന അന്തുക്ക വീണ്ടും “പഠിച്ച പണി ” ആരംഭിച്ചതിനുള്ള തെളിവാണ് പരിയാരത്ത് കുടുങ്ങിയ സംഭവം. ഈ സംഭവത്തോടെ അന്തുക്ക വീണ്ടും പോലീസിന്റെ നോട്ടപ്പുള്ളിയായി മാറി.

LatestDaily

Read Previous

അജ്മൽ കടലിലേക്ക് താഴ്ന്നത് കരയിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ

Read Next

അജ്മലിന്റെ മരണം നാടിന്റെ നൊമ്പരമായി