തലശ്ശേരിയിൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു

തലശ്ശേരി: കള്ളവോട്ട് ആരോപണ തർക്കവുമായി ബന്ധപ്പെട്ട് പാനൂർ നഗരസഭയിൽപ്പെട്ട പുല്ലൂക്കര മുക്കിൽ പീടികയിൽ സി.പി.എം, ലീഗ് സംഘർഷം. ബോംബേറിലും അക്രമത്തിലും ഗുരുതരമായി പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടു . വെട്ടേറ്റ്  ഇടതുകാൽ അററ നിലയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട  പാറാൽ ഷഹീദ് മൻസൂർ 22, ഇന്ന് പുലർച്ചെയാണ്  മരണപ്പെട്ടത്.

അക്രമത്തിൽ മൻസൂറിന്റെ സഹോദരൻ മുഹസിനും പരിക്കുണ്ട്.  ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. തെരഞ്ഞെടുപ്പിൽ ബൂത്ത് ഏജൻറായിരുന്നു മൻസൂർ  വീടിനടുത്തുള്ള ഇടവഴിയിൽ  കൂട്ടുകാരോട് സംസാരിച്ചു നിൽക്കെ ഇരുട്ടിൽ നിന്നും  ബോംബേറുണ്ടായി. തൊട്ടുപിന്നാലെയെത്തിയ അക്രമിസംഘം മുഹസിനെയും,  തടയാനെത്തിയ സഹോദരൻ മൻസൂറിനെയും വെട്ടി.കൊടുവാൾ കൊണ്ടുള്ള വെട്ടിൽ മൻസൂറിന്റെ  ഇടതുകാൽ മുട്ടിന് താഴെ അറ്റു. 

അക്രമം തടയാനെത്തിയ മൻസൂറിന്റെ  മാതാവിനും അയൽപക്കത്തെ സ്ത്രീക്കും പരിക്കേറ്റു. അക്രമം നടന്ന സ്ഥലത്ത് നിന്നും ഒരു കൊടുവാളും ഇരുമ്പ് പൈപ്പും കണ്ടെത്തി. പൈപ്പും വാളും  പോലീസ് കസ്റ്റഡിയിലെടുത്തു. മൻസൂറിനും സഹോദരനും വെട്ടേറ്റ സ്ഥലത്ത് രക്തം തളം കെട്ടിയിട്ടുണ്ട്. ഈ സംഭവത്തിന് മുമ്പ് ലീഗ് പ്രവർത്തകരുടെ ആക്രമത്തിൽ സി.പി.എം.പുല്ലൂക്കര ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായ ഓച്ചിറക്കൽ പീടികയിൽ ഒതയോത്ത് സ്വരൂപ് 22, സി. ദാമോദരൻ 52,  എന്നിവരെ ലീഗ് പ്രവർത്തകർ ബൂത്ത് പരിസരത്ത്  ആക്രമിച്ചിരുന്നു.

സ്വരൂപിന്റെ  തലയ്ക്കും കൈകാലുകൾക്കുമാണ് പരിക്ക്. ദാമോദരന്റെ പല്ല് കൊഴിഞ്ഞു.  ഇരുവരെയും പാനൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  ഈ സംഭവത്തിലും രാത്രിയിൽ മൻസൂറിനും മുഹസീനും  കുടുംബത്തിനും നേരെ നടന്ന ആക്രമത്തിലും ചൊക്ലി പോലീസ് കേസെടുത്ത്  അന്വേഷിച്ചു വരുന്നതിനിടയിലാണ് ആശുപത്രിയിൽ നിന്നും യുവാവിന്റെ മരണവാർത്തയെത്തിയത്.

ഇതോടെ പെരിങ്ങത്തൂർ, പുല്ലൂക്കര, മുക്കിൽ പീടിക ഭാഗങ്ങൾ സംഘർഷഭരിതമായി. സുശക്തമായ പോലീസ് സംഘം പ്രദേശങ്ങളിൽ റോന്ത് ചുറ്റിവരികയാണ്.യുത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിലും കുടുംബത്തെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിലും പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് ആഹ്വാന പ്രകാരം ഹർത്താൽ നടക്കുകയാണ്.

ഇതിനിടെ ബോംബേറും അക്രമവും നടന്ന സ്ഥലത്ത് റിപ്പോർട്ടിംഗ് നടത്തുകയായിരുന്ന  മാധ്യമ  സംഘത്തിന് നേരെയും അക്രമം നടന്നു. റിപ്പോർട്ടർ സി.കെ.വിജയൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനവും ആക്രമിക്കപ്പെട്ടു. പാറാൽ മുസ്തഫ, സക്കീന ദമ്പതികളുടെ മകനാണ് മൻസൂർ. മുനീബ്, മുബിൽ, മുഹസിൻ, മുഹമ്മദ് സഹോദരങ്ങൾ.  യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ജില്ലയിലാകെ പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

LatestDaily

Read Previous

അവസാന വിശകലനത്തിലും ഇടതിന് തുടർഭരണ പ്രതീക്ഷ

Read Next

പറക്കളായിയിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു യുവമോർച്ച നേതാവിന്റെ കാലുകൾ വെട്ടി