ജനാധിപത്യം വീട്ടുവാതിൽക്കൽ: ആബ്സന്റീസ് വോട്ടിംഗ് നടപടി പൂർത്തിയായി

കാഞ്ഞങ്ങാട്: കുന്നും, മലയും, പാടങ്ങളും, പുഴകളും കടന്ന് ജനാധിപത്യം പൗരന്റെ വീട്ടുവാതിൽക്കലെത്തിയതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ സവിശേഷത. വിഭിന്ന ശേഷിയുള്ളവർക്കും 80 വയസ്സ് കഴിഞ്ഞവർക്കുമായി ഏർപ്പെടുത്തിയ പോസ്റ്റൽ വോട്ടിംഗ് സമ്പ്രദായത്തിന്റെ ഭാഗമായാണ് ഇക്കുറി ജനാധിപത്യം പൗരന്റെ വീട്ടുവാതിൽക്കലെത്തിയത്.

കോവിഡ് സാഹചര്യം കൂടി പരിഗണിച്ചാണ് ഇത്തവണത്തെ നിയമസഭാതെരഞ്ഞെടുപ്പിൽ വിഭിന്ന ശേഷിയുള്ളവർക്കും, 80 വയസ്സിന് മുകളിലുള്ളവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം വിനിയോഗിച്ചത്. ഇവരിൽ ഏറെയും 80 വയസ്സിന് മുകളിലുള്ളവരാണ്. ആബ്സെന്റീസ് വോട്ടേഴ്സ് എന്ന വിഭാഗത്തിലുൾപ്പെടുത്തി വോട്ടർമാരെ വീടുകളിൽ ചെന്ന് കണ്ട് പോസ്റ്റൽ ബാലറ്റ് നൽകി രഹസ്യസ്വഭാവത്തിലാണ് വോട്ടിംഗ് നടപടിക്രമങ്ങൾ നടന്നത്.

ഒരു മൈക്രോ ഒബ്സർവർ, രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു പോലീസ് ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണ് പോസ്റ്റൽ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിയന്ത്രിച്ചത്. വോട്ടിംഗ് നടപടികൾ വീഡിയോയിൽ പകർത്താൻ വീഡിയോ ഗ്രാഫറും സംഘത്തിലുണ്ടായിരുന്നു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിൽ പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു.

80 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തൃക്കരിപ്പൂർ മണ്ഡലത്തിലാണ്.  രണ്ടാം സ്ഥാനം കാഞ്ഞങ്ങാടിനും മൂന്നാം സ്ഥാനം ഉദുമ നിയോജക മണ്ഡലത്തിലുമാണ്. തൃക്കരിപ്പൂരിൽ 2358 മുതിർന്ന പൗരൻമാർക്കാണ് പോസ്റ്റൽ വോട്ട് സൗകര്യം അനുവദിച്ചത്. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ 2339 മുതിർന്ന പൗരൻമാർക്കും ഉദുമയിൽ 1652 മുതിർന്ന പൗരൻമാർക്കും പോസ്റ്റൽ വോട്ട് സൗകര്യം അനുവദിച്ചിരുന്നു. വീടുകളിലെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുദ്രയുള്ള വോട്ടിംഗ് കമ്പാർട്ടുമെന്റുകൾ സജ്ജീകരിച്ച് രഹസ്യസ്വഭാവത്തോടെയാണ് വോട്ടെടുപ്പ് നടത്തിയത്.

വോട്ടിംഗിനുശേഷം ഒട്ടിച്ച കവറുകളിലാക്കിയ പോസ്റ്റൽ ബാലറ്റുകൾ ഓരോ ദിവസവും തെരഞ്ഞെടുപ്പ് ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. പ്രായത്തിന്റെ അവശതകൾ മൂലം പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാൻ കഴിയാത്ത മുതിർന്ന പൗരൻമാർ അങ്ങേയറ്റം സന്തോഷത്തോടെയാണ് പടിവാതിൽക്കലെത്തിയ ജനാധിപത്യത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്.

LatestDaily

Read Previous

വൈസ് ചെയർമാന്റെ ഔദ്യോഗിക മുറിയിൽ ഏസി

Read Next

കോൺഗ്രസ്– ബിജെപി താര പ്രചാരകർ കാസർകോട്ടെത്തിയില്ല