വൈസ് ചെയർമാന്റെ ഔദ്യോഗിക മുറിയിൽ ഏസി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ലയുടെ ഔദ്യോഗിക മുറിയിലെ ഏസിയെച്ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. ചെയർപേഴ്സൺ കെ. വി. സുജാതയും, സിക്രട്ടറി ഗിരീഷുമുൾപ്പെടെ ഇരു ചെവിയറിയാതെ ബിൽടെക്, നഗരസഭാ കാര്യാലയത്തിലെ ഔദ്യോഗിക മുറി ശീതികരിച്ചതിനെച്ചൊല്ലിയാണ് കൗൺസിൽ യോഗം ബഹളമായത്. പ്രതിപക്ഷത്ത് നിന്നും മുസ്ലീം ലീഗിലെ ടി. കെ. സുമയ്യയാണ് വൈസ് ചെയർമാൻ, ഔദ്യോഗിക മുറി ശീതീകരിച്ച വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്.

ചെയർപേഴ്സണോ, നഗരസഭാ സിക്രട്ടറിയോ അറിയാതെയാണ് വൈ. ചെയർമാൻ ഏസി സ്ഥാപിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാരിന്റെയും, നഗരസഭയുടെയും പണം ഉപയോഗിച്ചല്ല മുറി ശീതികരിച്ചതെന്നായി ബിൽടെക്. നഗരസഭാ കാര്യാലയത്തിലെ മുറിയിൽ ഏസിയുൾപ്പെടെ എന്ത് പ്രവർത്തി നടത്തണമെങ്കിലും, ഔദ്യോഗികമായി അനുമതി തേടേണ്ടതുണ്ടെന്നായി പ്രതിപക്ഷം. സിക്രട്ടറിയുടെയോ, ബന്ധപ്പെട്ട വകുപ്പിലോ അനുമതി തേടാതെയാണ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമയത്ത് വൈസ് ചെയർമാൻ സ്വന്തം മുറി ശീതികരിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

രാത്രി സമയത്താണ് ഏസി സ്ഥാപിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. വൈസ് ചെയർമാന്റെ മറുപടിയിൽ തൃപ്തരാവതെ കൂടുതൽ പ്രതിപക്ഷാംഗങ്ങൾ ഏസി വിഷയത്തിൽ ശബ്ദമുയർത്തിയതോടെ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. ചെയർപേഴ്സൺ ഏസി വിഷയത്തിൽ ഒന്നും പ്രതികരിച്ചില്ല. വൈസ് ചെയർമാന്റെ മുറി ശീതികരിച്ച ദിവസം താൻ അവധിയിലായിരുന്നുവെന്നാണ് സിക്രട്ടറി എം. കെ. ഗിരീഷ് കൗൺസിൽ യോഗത്തെ അറിയിച്ചത്. മുറി ശീതികരിക്കാൻ അനുമതി തേടിയില്ലെന്നും സിക്രട്ടറി പറഞ്ഞു. ഏസി സ്വന്തം ചിലവിൽ സ്ഥാപിച്ചതാണെങ്കിലും ഭീമമായ വൈദ്യുതി ബില്ല് കെഎസ്ഇബിയിലേക്ക് അടക്കേണ്ടത് നഗരസഭാ ഫണ്ടിൽ നിന്നാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

വൈസ് ചെയർമാന്റെ ഔദ്യോഗിക മുറിയിൽ സ്ഥാപിച്ച ഏസി മാറ്റണമെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. വി. വി. രമേശന്റെ കഴിഞ്ഞ ഭരണ കാലത്താണ് ആദ്യമായി കാഞ്ഞങ്ങാട് നഗരസഭയിൽ ചെയർമാന്റെ ഔദ്യോഗിക മുറി ശീതികരിച്ചത്. ചെയർമാന്റെ മുറി ശീതികരിച്ചപ്പോഴും വൈസ് ചെയർപേഴ്സണായിരുന്ന എൽ. സുലേഖയുടെ മുറിയിൽ ഏസി സ്ഥാപിച്ചിരുന്നില്ല. നഗരസഭകളിലും പഞ്ചായത്തുകളിലും വൈസ് ചെയർമാൻമാരുടെയും വൈസ് പ്രസിഡണ്ടുമാരുടെയും മുറികൾ ശീതീകരിക്കുന്ന കീഴ്്വഴക്കമില്ല.

LatestDaily

Read Previous

മഞ്ചേശ്വരത്ത് പൊടിപാറും മത്സരം: ഫലം പ്രവചനാതീതം

Read Next

ജനാധിപത്യം വീട്ടുവാതിൽക്കൽ: ആബ്സന്റീസ് വോട്ടിംഗ് നടപടി പൂർത്തിയായി