അവസാന ലാപ്പിൽ ജില്ലയിൽ അഞ്ചിടത്തും തീപ്പാറും പോരാട്ടം

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിൽ എത്തുമ്പോൾ ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലും പോരാട്ടം തീപ്പാറുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണത്തിൽ പിണറായിയെ കേൾക്കാനെത്തിയത് അമ്പരിപ്പിക്കുന്ന ജനക്കൂട്ടമായിരുന്നു എന്നത് ഇടതു മുന്നണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്.

യുഡിഎഫ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ലീഗ് ദേശീയ സിക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി , കോൺഗ്രസ് ദേശീയ സിക്രട്ടറി കെ. സി. വേണുഗോപാലുൾപ്പടെ നേതാക്കൾ എത്തിയപ്പോൾ വലിയ ജനകൂട്ടത്തെ ആകർഷിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. ബിജെപി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ യുഡിഎഫുമായാണ് പ്രധാന മത്സരമെങ്കിലും, അവിടങ്ങളിലും ഇടതു മുന്നണിക്ക് പ്രചാരണത്തിൽ മികവ് നേടാൻ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തവണ കാൽലക്ഷത്തിലേറെ വോട്ടിന് ഇ. ചന്ദ്രശേഖരൻ വിജയിച്ച കാഞ്ഞങ്ങാട് മണ്ഡലത്തിൽ ചന്ദ്രശേഖരൻ ബഹുദൂരം മുന്നിലാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യാടനത്തിൽ മലയോര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. തൃക്കരിപ്പൂരിൽ മൂന്നാം ഘട്ട പര്യാടനം നടത്തുന്ന സിറ്റംഗ് എംഎൽഏ രാജഗോപാലന് എല്ലാ കേന്ദ്രങ്ങളിലും മുന്നേറ്റമുണ്ടാക്കാൻ സാധ്യമായി. കാസർകോട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ: കെ. ശ്രീകാന്ത്, കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ പര്യാടനം ശ്രദ്ധിക്കപ്പെട്ടു.

ബിജെപിക്ക് വേണ്ടി ആർഎസ്എസ് കേഡർമാരുടെ നേതൃത്വത്തിൽ നടത്തുന്ന വീട് കയറിയുള്ള പ്രചാരണം അവർക്ക് വലിയ തോതിൽ പ്രയോജനപ്പെടുന്നുണ്ടെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്. ഇത്തവണ പ്രചാരണ രംഗത്ത് ഏറ്റവും കൂടുതൽ പണമൊഴുക്കുന്നത് ബിജെപിയാണെന്നാണ് വിലയിരുത്തൽ. കണ്ണൂർ–കാസർകോട് ജില്ലകൾ അതിരിടുന്ന തൃക്കരിപ്പൂർ മണ്ഡലത്തിലെ തീരദേശ മേഖലയിൽ നല്ല ചലനമുണ്ടാക്കാൻ യുഡിഎഫിലെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി എംപി ജോസഫിന് കഴിയുന്നുണ്ടെങ്കിലും ഇടതു മുന്നണിക്ക് ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളാണ് മണ്ഡലത്തിലേറെയുള്ളത്.

കമ്മ്യൂണിസ്റ്റ് കർഷകസമരങ്ങളുടെ ചരിത്രമുറങ്ങുന്ന കയ്യൂരും, കരിവെള്ളൂരും ഉൾപ്പെടെ തൃക്കരിപ്പൂരിൽ ഇത്തവണയും ഇടതു മുന്നണി വലിയ പ്രതീക്ഷയിലാണ്. സംസ്ഥാന ദേശീയ നേതാക്കൾ എത്തി പ്രചാരണം കൊഴുപ്പിച്ച കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും അവസാന ലാപ്പിൽ പ്രചാരണം കൊഴുപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇടതു–വലതു മുന്നണികളും, ബിജെപിയും.

LatestDaily

Read Previous

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 14 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു രണ്ട് കാസർകോട് സ്വദേശികളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

Read Next

ഹമീദ്ഹാജിക്കും ബഷീറിനും ലീഗ് വിലക്ക് പിൻവലിച്ചു ഹമീദ് ഹാജി വിട്ട് നിൽക്കുന്നു