ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തെരഞ്ഞെടുപ്പിന്റെ ചൂടിനപ്പുറം ഉള്ളുരുകി കഴിയുന്ന ഒരുപറ്റം ആൾക്കാരുണ്ട് ഒഞ്ചിയത്ത്. വിപ്ലവ മണ്ണിൽ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവരക്തം വീണ് കളങ്കപ്പെട്ടു പോയ രക്തസാക്ഷി മണ്ഡപങ്ങൾ തലകുനിച്ചു നിൽക്കുന്ന ഒഞ്ചിയത്ത് ടി. പി. ചന്ദ്രശേഖരന്റെ പ്രിയതമ മത്സരിക്കുകയാണ്. രക്തസക്ഷികളുടെ ചരിത്രം പറയുന്ന ഒഞ്ചിയത്തിന്റെ മണ്ണിൽ ടി.പി ചന്ദ്രശേഖരൻ എന്ന സി.പി.എം പ്രവർത്തകൻ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പത് വർഷം പിന്നിടാൻ പോവുകയാണ് ഈ മെയ് നാലാം തീയതി.
ആർ.എം.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണവും അത് രാഷ്ട്രീയ കേരളത്തിന്റെ മറക്കാത്ത ഏടായി മാറുകയും ചെയ്തത് ഒരിക്കൽ കൂടെ സജീവമായി ചർച്ച ചെയ്യപ്പെടുകയാണ് വടകരയിൽ. കാരണം ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ ഇത്തവണത്തെ നിയമസഭാ മത്സരം ഇടതുപക്ഷത്തേയും പ്രത്യേകിച്ച് സി.പി.എമ്മിനേയും സംബന്ധിച്ച് നിർണായകമാണ്. അവരെ സംബന്ധിച്ച് ഇത് ഒരു കേവലമായ തെരഞ്ഞെടുപ്പല്ല. ജീവിതത്തിൽ ഇരുൾ പരക്കാതിരിക്കാൻ ചോരകൊണ്ട് ചരിത്രം തീർത്ത ഒഞ്ചിയത്തെ രക്തസാക്ഷികൾ മുന്നിൽ തലയുയർത്തി നിൽക്കാനുള്ള മത്സരമാണ്.
വടകര മണ്ഡലം രൂപീകരിച്ചത് മുതൽ ഇടതിനൊപ്പം ചേർന്ന് നിന്ന മണ്ഡലത്തിലാണ് ഇത്തവണ കെ.കെ രമ യു.ഡി.എഫ് പിന്തുണയോടെ ഇടതിനെതിരേ വടകരയിൽ മത്സരിക്കുന്നത്. മെയ് രണ്ടിന് ഫലം വരുമ്പോൾ അത് വടകരയിൽ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികൾക്കുള്ള പകരം വീട്ടലായിരിക്കുമെന്നാണ് കെ.കെ രമ ഓരോ ദിവസവും പ്രതികരിക്കുന്നത്. ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിന് എതിരേ ആയിരിക്കുമെന്നും പറയുന്നു.
മെയ് നാലിനാണ് ടി.പിയുടെ ഒമ്പതാം ചരമവാർഷികം. ഈ ദിനം ടി.പിക്കുള്ളതായിരിക്കുമെന്നാണ് കെ.കെ രമ പറയുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ 20504 വോട്ടിന്റെ ആത്മവിശ്വാസത്തിലാണ് കെ.കെ രമ മത്സര രംഗത്ത് സജീവമാകുന്നത്. ഇത്തവണ യു.ഡി.എഫിന്റെ പിന്തുണ കൂടി വരുമ്പോൾ വിജയം സുനിശ്ചിതമെന്ന് പറയുന്നു കെ.കെ രമ. മണ്ഡലം പിറവിയെടുത്തത് മുതൽ സോഷ്യലിസ്റ്റുകളെ മാത്രം നിയസമയഭയിലെത്തിച്ച വടകര ഇടതിന്റെ കോട്ടയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒഞ്ചിയമുൾപ്പെടെയുള്ള ഇടത് കോട്ടകൾ തകർന്ന് വീണത് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആർ.എം.പിയെന്ന രാഷ്ട്രീയ പാർട്ടിയുടെ പിറവിയോടെയുമായിരുന്നു.
യു.ഡി.എഫിൽ നിന്നും എൽഡിഎഫിലെത്തിയ എൽ.ജെ.ഡിയിലെ മനയത്ത് ചന്ദ്രനാണ് ഇടത് സ്ഥാനാർഥിയായി കെ.കെ രമയ്ക്കെതിരേ മത്സരിപ്പിക്കുന്നത്. സോഷ്യലിസ്റ്റുകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇടതുപക്ഷത്തോടൊപ്പം എൽ.ജെ.ഡി ചേർന്നത് കരുത്ത് വർധിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നണി പ്രതീക്ഷ. എന്നാൽ അപ്പുറത്ത് കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച ആർ.എം.പി ഇപ്പോൾ യു.ഡി.എഫിന് ഒപ്പം ചേർന്നിരിക്കുന്നു. ഇതോടെ മണ്ഡല പോരാട്ടം തീപാറുന്നതായി.
കൊലപാത രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്തിക്കൊണ്ട് തന്നെയാണ് കെ.കെ രമയുടെ ഓരോ ദിവസത്തേയും പ്രചാരണം. ഒപ്പം ടി.പി ചന്ദ്രശേഖരനെന്ന വൈകാരിക വിഷയവും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും ആർ.എം.പിയും. ഈ തെരഞ്ഞെടുപ്പ് ചില തീർപ്പുകളുടേതു കൂടിയായിരിക്കും കെ. കെ. രമയ്ക്കപ്പുറം, ആർഎംപിയ്ക്കും വിജയം മധുര പ്രതികാരമാണെങ്കിൽ പരാജയം ഒഞ്ചിയത്തിന്റെ മണ്ണിൽ ഇടതുപക്ഷത്തോടുള്ള സ്നേഹ വായ്പായിരിക്കും പ്രകടമാവുക.