ഇടതു മുന്നണിയുടെ ജനകീയ അടിത്തറ വിപുലമായി: മുഖ്യമന്ത്രി

അരി വിതരണവും കിറ്റും തടഞ്ഞ പ്രതിപക്ഷ നേതാവിനെ സ്വന്തം അനുയായികൾ തന്നെ എതിർക്കുമെന്ന് പിണറായി

കാഞ്ഞങ്ങാട്: കേരളത്തിൽ ഇടതു ജനാധിപത്യ മുന്നണിയുടെ അടിത്തറ വലിയ തോതിൽ വിപുലീകരിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിലുടനീളം ഒരേപോലെയുള്ള ദൃശ്യങ്ങളാണ് കാണാൻ കഴിഞ്ഞത്. ഇടതു മുന്നമിയുടെ വളർച്ചയിലും ഭരണത്തിൽ ജനങ്ങൾക്കുണ്ടായ സുരക്ഷയിലും അസ്വസ്ഥത പൂണ്ടവരാണ് ഇടതു മുന്നണിയെ എതിർക്കുന്നത്. ഭക്ഷ്യ കിറ്റും, അരിയും, പെൻഷൻ വിതരണവും തടയാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ സ്വന്തം അനുയായികൾ എതിർക്കുമെന്ന് പുതിയകോട്ടയിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

വിഷുവും, റമദാൻ വ്രതാരംഭവും, ഈസ്റ്ററും അടുത്തടുത്ത ദിവസങ്ങളിൽ വരുന്നത് കാരണമാണ് ഭക്ഷ്യകിറ്റ് വിതരണം നേരത്തെയാക്കിയത്. ജനങ്ങൾ സന്തോഷിക്കുന്ന ദിവസങ്ങളിൽ അവർക്ക് ആശ്വാസമെത്തിക്കുന്ന സംസ്ഥാന സർക്കാറിനെ എതിർക്കുന്നവരെ ജനം എതിർക്കും. ഭക്ഷ്യക്കിറ്റുകളും, പെൻഷനും നേരത്തെ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും മുമ്പേ സർക്കാർ തീരുമാനിച്ചതാണ്.  കേന്ദ്ര സർക്കാറിൽ നിന്ന് ലേലത്തിലെടുത്ത അരി, ജനങ്ങളിൽ എത്തുമ്പോൾ പ്രതിപക്ഷം എതിർക്കുന്നത് എന്തിനെന്ന് ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെയും, അഴിമതി രഹിത ഭരണത്തെയും, നേട്ടങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ ഒരു മണിക്കൂർ പ്രസംഗത്തിലുടനീളം നാടിനോടുള്ള കരുതലും, ജനങ്ങളോടുള്ള പ്രതിബന്ധതയും പ്രകടമായിരുന്നു. അപ്രതിരോധ്യമായ കാർക്കശ്യത്തോട് കൂടി മുഖ്യമന്ത്രി ഭരണനേട്ടങ്ങൾ വിവരിക്കുമ്പോൾ ജനസദസ്സ് വൻ ഹർഷാരവത്തോടെയാണ് പ്രോത്സാഹിപ്പിച്ചത്. കുട്ടികൾ സ്വന്തമായി വരച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ അവർ തന്നെ പിണറായി വിജയന് സമ്മാനിച്ചപ്പോഴും, സദസ്സ് ഹർഷാരവം മുഴക്കി. ജനങ്ങളുടെ ഒരുമയാണ് എല്ലാ പ്രസിസന്ധികളെയും അതിജീവിക്കാൻ നമുക്ക് കരുത്ത് നൽകിയത്. അതാണ് ലോകം കേരളത്തെ ആദരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട്ടെ ഇടതു മുന്നണി സ്ഥാനാർത്ഥി ഇ. ചന്ദ്രശേഖരൻ, മുൻ എംപി, പി. കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. വി. കെ. രാജൻ അദ്ധ്യക്ഷനായി. കെ. വി. കൃഷ്ണൻ സ്വഗതം പറഞ്ഞു. മുതിർന്ന സിപിഎം നേതാവ് ഏ. കെ. നാരായണൻ ഉൾപ്പടെ ഇടതു മുന്നണി നേതാക്കളുടെ വലിയ നിരതന്നെ വേദിയിൽ ഉപവിഷ്ടരായിരുന്നു.

LatestDaily

Read Previous

കോട്ടച്ചേരിക്ക് ഉറങ്ങാത്ത രാത്രി മേൽപ്പാലം ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കം

Read Next

പിണറായിയെ കാതോർക്കാൻ പെരിയയിൽ തടിച്ചുകൂടിയത് ആയിരങ്ങൾ