കോട്ടച്ചേരിക്ക് ഉറങ്ങാത്ത രാത്രി മേൽപ്പാലം ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കം

കാഞ്ഞങ്ങാട്: കോട്ടച്ചേരി നഗരത്തിന് ഉറങ്ങാത്ത രാത്രി സമ്മാനിച്ച് റെയിൽവെ മേൽപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിക്ക് തുടക്കമായി. കഴിഞ്ഞ വർഷം തൃശ്ശിനാപ്പള്ളിയിലെ റെയിൽ ഫാക്ടറിയിൽ നിർമ്മിച്ച കൂറ്റൻ ട്രെയിനുകളിൽ കാഞ്ഞങ്ങാട്ടെത്തിച്ച നട്ടും ബോൾട്ടുമിട്ട് കൂട്ടിയോജിപ്പിച്ച ഗർഡറുകൾ റെയിൽവെ ഗെയിറ്റിന് പടിഞ്ഞാറ് വശത്ത് റെയിൽവെ യാർഡിൽ സൂക്ഷിച്ചു വെക്കുകയായിരുന്നു.

ഗർഡറുകൾ മേൽപ്പാലത്തിനടുത്തേക്ക് എത്തിക്കുന്ന ശ്രമകരമായ പ്രവൃത്തിയാണ് ഇന്നലെ രാത്രി പത്ത് മുതൽ ഇന്ന് പുലർച്ച വരെ നടത്തിയത്. റെയിൽവെ പാളത്തിലൂടെ കടന്നു പോവുന്ന വൈദ്യുതി ലൈൻ ഒാഫ് ചെയ്ത് ട്രെയിനുകൾ യാത്ര നിർത്തിയാണ് രാത്രിയിലുടനീളം പണി നടത്തിയത്. റെയിൽവെ സെക്ഷൻ എഞ്ചിനിയർ മനോഹരന്റെ നേതൃത്വത്തിൽ പത്ത് റെയിൽവെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇരുപത് വിദഗ്ദ തൊഴിലാളികൾ ഒരു രാത്രി മുഴുവൻ പണിയെടുത്ത് മൂന്ന് ഗർഡറുകൾ ഇന്ന് പുലർച്ചെയാവുമ്പോഴേക്കും പാലത്തിന് സമീപത്തെത്തിക്കുകയായിരുന്നു.

റെയിൽവെ കരാറുകാരൻ എറണാകുളത്തെ വർഗീസിന്റെ നേതൃത്വത്തിൽ ഒരു സംഘം തൊഴിലാളികൾ രാത്രിയിലുടനീളം അതീവ ജാഗ്രതയോടെ പണി നിയന്ത്രിച്ചു. മേൽപ്പാലം കർമ്മസമിതി കൺവീനർ ഏ. ഹമീദ് ഹാജി, റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി. മുഹമ്മദ് അസ്്ലം, ജൂനിയർ ബെസ്റ്റോ എന്നിവരും ബല്ല കടപ്പുറത്ത് നിന്നുള്ള വൈറ്റ് ഗാർഡ് വളണ്ടിയർമാരുൾപ്പടെ നാട്ടുകാരുടെ ഒരു സംഘം തന്നെ ജോലിക്കാർക്കും ഉദ്യോഗസ്ഥർക്കും സഹായകരമായി രംഗത്തുണ്ടായിരുന്നു.

മൊത്തം ആറ് കൂറ്റൻ ഗർഡറുകളിൽ മൂന്നെണ്ണം ഇന്ന് പുലർച്ചെവരെയായി പാലത്തിന് സമീപത്തെത്തിച്ചു. ഇന്ന് രാത്രിയിലും പണി തുടരും. ട്രെയിൻ സർവ്വീസുകളും, വൈദ്യുതിലൈനും നിർത്തി വെച്ചുകൊണ്ടുള്ള പ്രവൃത്തിയായതിനാലാണ് രാത്രിയിലുടനീളം പണിയെടുത്തത്. ഒരേ സമയം രണ്ട് ക്രെയിനുകൾ ഉപയോഗിച്ചായിരുന്നു ഗർഡറുകൾ പൊക്കി റെയിൽവെ ഗെയിറ്റ് വഴി കടത്തിയത്.

LatestDaily

Read Previous

ഉദുമയിൽ പോര് കനത്തു

Read Next

ഇടതു മുന്നണിയുടെ ജനകീയ അടിത്തറ വിപുലമായി: മുഖ്യമന്ത്രി