അമ്പലത്തറ കള്ളനോട്ട് കേസിൽ രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ 2,000 രൂപയുടെ കള്ളനോട്ട് വിതരണം ചെയ്ത സംഭവത്തിൽ രണ്ട് പേരെ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. ലോട്ടറി വിൽപ്പനക്കാരിയായ ഇരിയ മുട്ടിച്ചരലിലെ പത്മിനിക്ക് 2,000 രൂപയുടെ കള്ളനോട്ട് നൽകിയ കേസിലാണ് പ്രതികൾ അറസ്റ്റിലായത്. നിലേശ്വരം ചായ്യോത്തെ ജയ്സൺ എന്ന അഷ്റഫ് 46, കുന്നകുളം സ്വദേശി പജീഷ് 36, എന്നിവരാണ് അറസ്റ്റിലായത്. അഷ്റഫെന്ന ജയ്സണിന്റെ ഭാര്യയുടെ ജേഷ്ഠനാണ് അറസ്റ്റിലായ പജീഷെന്ന് പോലീസ് പറഞ്ഞു.

വെള്ളിയ്ഴ്ച ഉച്ചയ്ക്കാണ് സ്ക്കൂട്ടറിലെത്തിയ പ്രതികൾ, പത്മിനിക്ക് 2,000 രൂപ നൽകി ലോട്ടറി ടിക്കറ്റെടുത്തത്. 1,400 രൂപ ബാക്കി വാങ്ങി ഇരുവരും സ്ഥലം വിട്ടതിന് ശേഷമാണ് നോട്ട് വ്യാജമാണെന്ന് പത്മിനി തിരിച്ചറിഞ്ഞത്. തുടർന്ന് കള്ളനോട്ട് അമ്പലത്തറ പോലീസിന് കൈമാറി. സിസിടിവി ക്യാമറകൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നതിനിടെ പ്രതികൾ പോലീസ് വലയിൽ കുടുങ്ങുകയായിരുന്നു.

കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തുന്നതിനായി പോലീസ് ചായ്യോത്തെ പ്രതികളുടെ വീട്ടിൽ റെയിഡ് നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. സംഘത്തിന് പിന്നിൽ അന്തർസംസ്ഥാന കള്ളനോട്ട് വിതരണ കണ്ണികളുണ്ടെന്നാണ് സംശയം. കുന്നംകുളം സ്വദേശിയായ പജീഷ് കുറെ നാളുകളായി ചായ്യോത്താണ് താമസം.

LatestDaily

Read Previous

നേതാക്കൾ വരച്ച വഴിയിലൂടെ അണികളില്ല, തലശ്ശേരിയിലെ എൻ.ഡി.എ.വോട്ടുകൾ മലക്കം മറിയും

Read Next

ഉദുമയിൽ പോര് കനത്തു