ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി: സ്വന്തം പാർട്ടി സ്ഥാനാർത്ഥിയുടെയും ഡമ്മിയുടെയും പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളപ്പെട്ടതോടെ ത്രിശങ്കുവിലായ കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന ഘടകത്തിന്റെ നേതാക്കൾ കൂട്ടലും കിഴിക്കലും നടത്തി ഗണിച്ചെടുത്ത കണക്കുകളും ആശയങ്ങളും തലശ്ശേരി നിയോജക മണ്ഡലത്തിൽ പിഴയ്ക്കുന്നു. നേതാക്കൾ വരച്ച വഴിയിലൂടെ അണികൾ ഇല്ലെന്ന സൂചനകൾ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ഇതോടെ കണ്ണൂർ ജില്ലയിൽ ബി.ജെ.പി.ക്ക് ഏറ്റവും കൂടുതൽ നേതാക്കളും പ്രവർത്തകരുള്ള തലശ്ശേരിയിലെ എൻ.ഡി.എ.വോട്ടുകൾ മലക്കം മറിയുമെന്നാണ് സൂചനകൾ.
തലശ്ശേരിയിൽ ബി.ജെ.പി.യുടെ പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി. നസീറിനാണെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നസീർ പിന്തുണ അഭ്യർത്ഥിച്ച് സമീപിച്ചതിന് തൊട്ടു പിറകെയായിരുന്നു പാർട്ടി തീരുമാനം പ്രസിഡണ്ട് വെളിപ്പെടുത്തിയത്. എന്നാൽ നേതാവിന്റെ പ്രസ്താവന അണികൾക്ക് അത്ര ദഹിച്ച മട്ടില്ല. നവമാധ്യമങ്ങളിലൂടെ ഈ ദഹനക്കേട് പൊട്ടലും ചീറ്റലുമായി ബഹിർഗ്ഗമിച്ചു കൊണ്ടിരിക്കയാണിപ്പോഴും.
നരേന്ദ്ര മോദിയേയും ഹിന്ദുത്വ പ്രതീകമായ വീര സവർക്കറെയും അപമാനിക്കുന്നവർക്ക് വോട്ടോ. ഇസ്ലാമിക രാഷ്ട്രിയക്കാർക്കായി കുഴലൂത്ത് നടത്തുന്ന ബ്രോക്കർ രാഷ്ട്രിയക്കാരെ തിരിച്ചറിയുക, തുടങ്ങിയവരികളിലൂടെയായിരുന്നു നീരസ പ്രകടനം. ഇതിനിടെ ബി.ജെ.പി.യുമായി സഖ്യമില്ല, ഒരുമിച്ച് വേദി പങ്കിടുകയോ യോജിച്ചുള്ള പ്രചരണ മോ ഉണ്ടാവില്ലെന്ന സി.ഒ.ടി.യുടെ തീരുമാനം ബി.ജെ.പി.യെ വീണ്ടും വെട്ടിലാക്കി. തലശ്ശേരിയിൽ എൻ.ഡി.ഏ.സ്ഥാനാർത്ഥിയായ ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക അവസാനഘട്ടത്തിൽ അപ്രതീക്ഷിതമായി നിരാകരിക്കപ്പെട്ടതോടെയാണ് വിഷയം കുഴഞ്ഞുമറിഞ്ഞത്.
പത്രിക തള്ളിയതിനെതിരെ ഹരിദാസൻ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല. നേതാക്കളുടെ പിടിപ്പുകേടാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയതെന്ന് ആരോപിച്ച് പ്രവർത്തകരിൽ അന്ന് തൊട്ട് മുറുമുറുപ്പ് ഉയർന്നു. അത് തുടരുകയുമാണ്. ഇതോടെ പ്രശ്നം പെട്ടെന്ന് തണുപ്പിക്കാനും തലശ്ശേരിയിലെ വോട്ടിന്റെ കാര്യത്തിൽ ഒരു നിലപാട് സ്വീകരിക്കാനും സംസ്ഥാന നേതൃത്വം നിർബ്ബന്ധിതമായി. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാരും പാർട്ടി ദേശീയ അധ്യക്ഷൻ അടക്കമുള്ള നേതാക്കളും വോട്ടിന് വേണ്ടി കേരളത്തിൽ തലങ്ങും വിലങ്ങും ഓടി വിയർപ്പൊഴുക്കുന്ന വേളയിലാണ് സ്വന്തം കീശയിലുള്ള വോട്ടുകൾ സ്വയം ഉപകരിക്കാനാവാതെ പാർട്ടിയുടെ തലശ്ശേരി ഘടകം ഉഴറുന്നത്. തലശ്ശേരിയിൽ പാർട്ടിക്കേറ്റ ഗതികേട് ബി.ജെ.പി.ദേശിയ നേതൃത്വത്തിന് മുന്നിൽ ചോദ്യചിഹ്നമായിട്ടുണ്ട്.