ജയിക്കും; എന്റെ മലയാളം നിയമസഭ കേൾക്കും: ഏ.കെ.എം അഷ്റഫ്

കാസർകോട് : എംഎൽഎയായി നിയമസഭയിലെത്തുമ്പോൾ എങ്ങനെ മലയാളത്തിൽ പ്രസംഗിക്കും? ചെറുപ്പത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ബുക്സ്റ്റാളിനു മുന്നിൽ നിന്നാണ് അഷ്റഫ് ഇങ്ങനെ ചിന്തിച്ചത്.  ഒട്ടും അമാന്തിക്കാതെ കടയിൽ നിന്ന് മലയാള ഭാഷാ പഠനസഹായിയും വാങ്ങിയാണ് അഷ്റഫ് പിന്നീട് യാത്ര തുടർന്നത്. മടക്കയാത്രയിൽ മലയാളം പഠനം തുടങ്ങിയ അഷ്റഫ് അന്നു ട്രെയിനിലിരുന്നു കണ്ട സ്വപ്നത്തിന്റെ പടിവാതിൽക്കലാണിപ്പോൾ.

മഞ്ചേശ്വരത്തു നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്കു മത്സരിക്കുന്ന അഷ്റഫ് ഉറപ്പിച്ചു പറയുന്നു– ‘ജയിക്കും. എന്റെ മലയാളം നിയമസഭ കേൾക്കും’.സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തു ജനിച്ചു വളർന്ന അഷറഫ് ചെറുപ്പം മുതലേ പഠിച്ചതു കന്നഡ. തുളു, ഉറുദു, ഇംഗ്ലിഷ്, ബ്യാരി ഭാഷകൾ. എന്നാൽ മലയാളത്തിൽ മാത്രം പിന്നിലായിപ്പോയി. പഠിച്ചതു കന്നഡ സാഹിത്യം. 1993ൽ എംഎസ്എഫ് ഭാരവാഹിയായിരിക്കെയാണ് ആദ്യമായി കാസർകോട് വിട്ടൊരു ജില്ലയിൽ അഷറഫ് ചെല്ലുന്നത്. അന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അഷറഫ് സമീപത്തെ ബുക്സ്റ്റാളിൽ കണ്ട മാഗസിനുകൾ മറിച്ചുനോക്കി. മലയാളത്തിൽ ഒരു അക്ഷരം പോലും മനസിലാകുന്നില്ല.

മാത്രമല്ല, മഞ്ചേശ്വരം ചുവയിൽ തപ്പിത്തടഞ്ഞുള്ള മലയാളം കേട്ട് പലരും ചിരിക്കുകയും ചെയ്യുന്നു.മലയാളം പഠിക്കാതെ ഇനി തനിക്ക് രക്ഷയില്ലെന്നും രാഷ്ട്രീയമാണ് തന്റെ കർമ മേഖലയെന്നും തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്റെ മലയാള പഠനം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ചു.ഗുരുവിന്റെ സഹായമില്ലാതെ മലയാളം അക്ഷരങ്ങൾ പഠിച്ചു. വീട്ടിൽ മലയാളം പത്രങ്ങൾ വരുത്തിത്തുടങ്ങി. സാവധാനം മലയാളം വഴങ്ങിത്തുടങ്ങി. ഇന്ന് നന്നായി മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അഷ്റഫിനു കഴിയും. പത്രങ്ങളിലേക്കു നൽകുന്ന സ്വന്തം പ്രചാരണ റിലീസുകളിലെ തെറ്റുകൾപോലും അഷ്റഫ് ഇന്നു തിരുത്തി നൽകുന്നു.

ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ സജീവമായിരുന്ന അഷ്റഫ് രാവിലെ ആറിനു മൊബൈൽ സ്വിച്ച് ഓഫ് ചെയ്യും. പലരും ഇതിനു പരാതി പറയും. പക്ഷേ അഷ്റഫ് പത്ര വായനയിലാവും.  രാവിലെ പത്രം വായിക്കാതെ പുറത്തുപോകില്ല.‘ഇപ്പോൾ പ്രചാരണത്തിരക്കായതിനാൽ പലപ്പോഴും പത്രം വായിക്കാൻ സമയം കിട്ടില്ല. ഭാര്യ മറിയം ഫൈറൂസയോട് പത്രങ്ങളെല്ലാം എടുത്ത് ഒരു ബാസ്കറ്റിൽ വയ്ക്കാൻ പറഞ്ഞിട്ടുണ്ട്. സ്ഥാനാർഥി ആയതിനാൽ എന്നെ കുറിച്ചും ധാരാളം വാർത്തകൾ പത്രത്തിൽ വരുന്നുണ്ടല്ലോ. പ്രചാരണത്തിരക്കു കഴി‍ഞ്ഞാൽ അതൊക്കെ ഇരുന്നു വായിക്കണം.’–അഷറഫ് പറയുമ്പോൾ ഓർമയുടെ ട്രെയിൻ കോഴിക്കോട്ടേക്ക് ഓടുകയാണ്.

LatestDaily

Read Previous

മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ടു നൽകി ഉദുമ സീറ്റ് പിടിക്കാൻ കോൺഗ്രസ്സ് നീക്കം ലീഗിൽ അതൃപ്തി പുകയുന്നു

Read Next

വസ്ത്രാലയത്തിന്റെ ഷട്ടർ വെൽഡ് ചെയ്ത് പൂട്ടി കെട്ടിട ഉടമ