നാടും നഗരവും പ്രചാരണച്ചൂടിൽ ജില്ലയിൽ അഞ്ചിടത്തും പോരാട്ടം കനത്തു

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും പ്രചാരണച്ചൂടിൽ. വേനൽച്ചൂടിന്റെ കാഠിന്യം കൂടുന്നതിനേക്കാൾ വേഗത്തിൽ പ്രചാരണച്ചൂടും കനക്കുകയാണ്. ശക്തമായ മത്സരത്തിന്റെ അലയൊലികളാണ് അഞ്ച് മണ്ഡലങ്ങളിലുമുള്ളത്. ഇടതു–വലതു മുന്നണികളും, ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുന്ന മഞ്ചേശ്വരത്ത് ഇരുമുന്നണികളും ബിജെപിയും ഒപ്പത്തിനൊപ്പം നീങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

മഞ്ചേശ്വരം മൂന്നാം സ്ഥാനത്തായിരുന്ന ഇടതു മുന്നണി തങ്ങളും ഒപ്പമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള നീക്കങ്ങൾ ഏറെക്കുറെ വിജയം കണ്ട നിലയിലാണുള്ളത്. എങ്കിലും, യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മാറ്റിയെടുക്കാനുള്ള പ്രചണ്ഡമായ പ്രചാരണ കോലാഹലങ്ങളാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും തീരദേശ മേഖലകളിൽ യുഡിഎഫ് പ്രചാരണം കുറെക്കൂടി ശക്തിപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ് കേഡർമാർക്ക് വീടുകൾ വീതം വെച്ചുള്ള നിശബ്ദ പ്രചാരണത്തിനാണ് മഞ്ചേശ്വരം ഉൾപ്പടെ മണ്ഡലങ്ങളിൽ ബിജെപി പ്രധാന്യം നൽകിയിട്ടുള്ളത്. വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഇടതു മുന്നണി വിജയം ഉറപ്പിച്ച കാഞ്ഞങ്ങാട് മണ്ഡലത്തിൽ വൈകിയെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ഏറെ വേഗത്തിൽ ഒാടിയെത്തി, ചുരുങ്ങിയ ദിവസങ്ങൾക്കകം പ്രചാരണത്തിൽ ഇടതിനൊപ്പമെത്തിയിട്ടുണ്ട്.

ബിജെപി പ്രചാരണവും കാഞ്ഞങ്ങാട്ട് ശക്തമാണ്. കൂടുതലായി ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലുന്ന രീതിയിലുള്ള പ്രചാരണത്തിൽ ഇടതു മുന്നണിയാണ് ഏറെ മുന്നിൽ. കാസർകോട് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ യുഡിഎഫാണ് ഏറെ മുന്നിൽ. എന്നാൽ ഇടതു മുന്നണിയിൽ ഐഎൻഎൽ ജനവിധി തേടുന്ന കാസർകോട് പ്രചാരണം കൊഴുപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇടതു മുന്നണി.

അതേ സമയം മന്ത്രി മണ്ഡലമായ കാഞ്ഞങ്ങാട്ട് ഇടതുപക്ഷം മറ്റുള്ളവരെക്കാൾ ഒരടി മുന്നിൽ തന്നെയാണ്. കാഞ്ഞങ്ങാട്ട് വികസനത്തിന്റെ പോരായ്മകളാണ് യുഡിഎഫും, ബിജെപിയും എണ്ണിപ്പറയുന്നത്. വളരെക്കാലമായി ഇടതുപക്ഷം കൈവശം വെച്ചു പോന്ന ഉദുമ മണ്ഡലത്തിൽ പുതുമുഖത്തെ ഇറക്കിയുള്ള യുഡിഎഫ്് പരീക്ഷണത്തിൽ പ്രചാരണം ഹൈടെക്കിലാണ്. കൂടുതൽ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

അപ്രതീക്ഷിതമായി കേരള കേൺഗ്രസ് ജേക്കബ് ഗ്രൂപ്പ് പ്രമുഖനെ ഇറക്കി യുഡിഎഫ് പരീക്ഷണം നടത്തുന്നത്. തൃക്കരിപ്പൂരിൽ വികസനം എണ്ണിയെണ്ണിപ്പറഞ്ഞാണ് ഇടതുപക്ഷം മുന്നേറുന്നത്. തീരദേശത്തും,മലയോരത്തും നിർണ്ണായക വോട്ടുകളുള്ള യുഡിഎഫ്, തൃക്കരിപ്പൂർ പിടിച്ചെടുക്കാൻ കടുത്ത പോരാട്ടം നടത്തുമ്പോൾ നിലനിർത്താനുള്ള സമ്പൂർണ്ണ ഒരുക്കത്തിലാണ് ഇടതു മുന്നണി. ബിജെപി തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നു.

LatestDaily

Read Previous

ഉദുമ പിടിക്കാൻ യുഡിഎഫ്, കോട്ട കാക്കാനുറച്ച് സിപിഎം, വോട്ട് വിഹിതം വർധിപ്പിക്കാൻ ബിജെപി

Read Next

സീഡ് തൃക്കരിപ്പൂരിന്റെ മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു