മഞ്ചേശ്വരത്ത് 2006 ആവർത്തിക്കാൻ വി.വി. രമേശൻ

മഞ്ചേശ്വരം: വി.വി. രമേശനിലൂടെ മഞ്ചേശ്വരത്ത് 2006 ആവർത്തിക്കാൻ സിപിഎം. മണ്ഡലത്തിൽ ശക്തിപ്പെട്ടതും, മുഖ്യമന്ത്രി പിണറായി വിജയനോട് ജനങ്ങൾക്കുള്ള മതിപ്പും വോട്ടായി മാറുന്നതോടെ ഇത്തവണ മഞ്ചേശ്വരത്ത് ഒരിക്കൽ കൂടി ചുവപ്പ് പതാക വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു സ്ഥാനാർത്ഥി വി.വി. രമേശനും എൽഡിഎഫ് നേതൃത്വവും.

ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയപ്പോൾ, അനുകൂല നിലപാടാണ് വോട്ടർമാർ പ്രകടിപ്പിച്ചതെന്ന് ഇടതു നേതാക്കൾ വിലയിരുത്തുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതുമുതൽ രമേശൻ മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമാണ്. കുറഞ്ഞ ദിവസങ്ങൾക്കകം രമേശൻ മഞ്ചേശ്വരത്തുകാരനായി മാറി.  കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായ രമേശന്റെ നഗര ഭരണത്തിലെ പ്രകടനവും കാഞ്ഞങ്ങാട്ട് അദ്ദേഹം നടപ്പിൽ വരുത്തിയ വികസന പ്രവർത്തനങ്ങളും ഇടതു നേതാക്കൾ മഞ്ചേശ്വരത്ത് ഉയർത്തിക്കാട്ടുന്നു.

മീഞ്ച പഞ്ചായത്തിലായിരുന്നു ഇന്നലെ രമേശന്റെ പര്യടനം. രാവിലെ 8 മണിക്ക് പ്രധാനപ്പെട്ട നിരവധി പേരുടെ വീടുകളിലെത്തി വോട്ടഭ്യർത്ഥിച്ചു. മത- സാമുദായിക നേതാക്കളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. വീടുകൾ സന്ദർശിച്ചുള്ള വോട്ടഭ്യർത്ഥന. ഉച്ചയ്ക്ക് 2-30 മണികൊണ്ട് പൂർത്തിയാക്കി. പിന്നീട് രാത്രിവരെ പ്രധാന കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കെടുത്തു. മീഞ്ച പഞ്ചായത്തിൽ മാത്രം ഇന്നലെ ഉച്ച കഴിഞ്ഞ് 9 പൊതുയോഗങ്ങളിൽ വോട്ടഭ്യർത്ഥിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിൽ സുപരിചിതരായ യുഡിഎഫ് സ്ഥാനാർത്ഥി ഏകെഎം. അഷറഫ്, ബിജെപി മുന്നണി സ്ഥാനാർത്ഥി കെ. സുരേന്ദ്രനൊപ്പവും പ്രചാരണ രംഗത്ത് ഒരുപടി കൂടുതൽ മുന്നേറാൻ ഇടതുമുന്നണി സ്ഥാനാർത്ഥി വി.വി. രമേശന് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം.  സിപിഎം നേതാവായ സി.എച്ച്. കുഞ്ഞമ്പുവിനെ 2006-ൽ വിജയിപ്പിച്ച മഞ്ചേശ്വരത്തെ വോട്ടർമാർ 2021-ൽ ചരിത്രം ആവർത്തിക്കാൻ തയ്യാറാകുമെന്ന് സിപിഎം വിലയിരുത്തുന്നു.

മുസ്്ലീം വോട്ടർമാർക്കിടയിൽ പ്രചാരണം വ്യാപിപ്പിച്ച് മുസ്്ലീം വോട്ടുകൾ പരമാവധി അനുകൂലമാക്കാനുള്ള ശ്രമം ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. ബിജെപിയുടെ ഉറച്ച വോട്ടിൽ കാര്യമായ വിള്ളലുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, നിഷ്പക്ഷ വോട്ടുകളും മുസ്്ലീം സമുദായത്തിൽ നിന്നും മുസ്്ലീം ലീഗിലേക്ക് പോകുന്ന വോട്ടുകളിൽ ചെറിയൊരു ശതമാനം വോട്ടുകളും അനുകൂലമാക്കാൻ കഴിഞ്ഞാൽ ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടിനൊപ്പം വി.വി. രമേശൻ നിയമസഭയിലെത്തുമെന്ന കണക്ക് കൂട്ടലിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന നേതാക്കൾ.

സിപിഎം ജില്ലാ സിക്രട്ടറിയേറ്റംഗമായ വിപിപി. മുസ്തഫയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.  കാഞ്ഞങ്ങാട്ട് നിന്നും കുശാൽ നഗർ സിപിഎം ബ്രാഞ്ച് സിക്രട്ടറിയായ മുൻ നഗരസഭാ കൗൺസിലർ സന്തോഷ് രമേശനൊപ്പം ദിവസങ്ങളായി മഞ്ചേശ്വരത്ത് തങ്ങി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നു. ഒപ്പം മഞ്ചേശ്വരത്തെ പാർട്ടി പ്രവർത്തകരും രമേശന്റെ വിജയത്തിന് രംഗത്തിറങ്ങിക്കഴിഞ്ഞു.

LatestDaily

Read Previous

മോഷ്ടാവ് മഠത്തിൽ മണി പിടിയിൽ

Read Next

ഹജ്ജ് നിബന്ധനകൾ പ്രഖ്യാപിച്ചു വിദേശികൾക്കും ഹജ്ജിന് അവസരം ലഭിച്ചേക്കും