മോഷ്ടാവ് മഠത്തിൽ മണി പിടിയിൽ

കാഞ്ഞങ്ങാട്: മോഷണക്കേസ്സിലകപ്പെട്ട് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന മോഷ്ടാവിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.  കുപ്രസിദ്ധ മോഷ്ടാവ് തുരുത്തി മഠത്തിൽ മണിയെയാണ് കഴിഞ്ഞ ദിവസം ചെറുവത്തൂർ മാച്ചിക്കാട് നിന്ന് പോലീസ് പിടികൂടിയത്. കുശാൽ നഗറിലെ വീട്ടിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് ഒന്നരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും കവർന്ന സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് മണി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി സജേഷ് വാഴളപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി.കെ. മണി, എസ്ഐമാരായ വിജേഷ്, ഗണേശൻ, ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ പ്രബേഷ്, ഗിരീഷ്, കമൽ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് മഠത്തിൽ മണിയെ ചെറുവത്തൂർ മാച്ചിക്കാട് നിന്നും പിടികൂടിയത്.

നിരവധി ഭവനമോഷണക്കേസ്സുകളിൽ പ്രതിയായ തുരുത്തി മഠത്തിൽ മണി കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നിരവധി വീടുകളിൽ മോഷണം നടത്തിയിട്ടുണ്ട്.  പകൽസമയത്ത് ചുറ്റിക്കറങ്ങി ആൾത്താമസമില്ലാത്ത വീടുകൾ കണ്ടെത്തി രാത്രി കാലങ്ങളിൽ അവിടെക്കയറി മോഷണം നടത്തുകയാണ് മണിയുടെ രീതി.  ഒന്നര വർഷം മുമ്പ് പടന്നക്കാട് രണ്ട് വീടുകളിൽ മണി കവർച്ചയ്ക്ക് ശ്രമിച്ചിരുന്നു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. താമസിക്കുന്ന പടന്നക്കാട്ടെ പ്രവാസിയുടെ വീട്ടിലും, തൊട്ടടുത്ത വീട്ടിലുമാണ് ഒന്നര വർഷം മുമ്പ് മണി മോഷണശ്രമം നടത്തിയത്.

ഇരു വീടുകളിലും ആൾത്താമസമില്ലാത്ത സമയം നോക്കിയാണ് മണി കവർച്ചാ ശ്രമം നടത്തിയത്. വീടുകളെ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മണിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസ്സുകൾ നിലവിലുണ്ട്. ഈസ്റ്റ് എളേരി സ്വദേശിയായ ഇദ്ദേഹത്തിന് നാടുമായി വലിയ ബന്ധമൊന്നുമില്ല.  കുശാൽ നഗറിലെ മോഷണക്കേസ്സിൽ മണിക്ക് കോടതി ഒന്നരവർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ ജയിലിലേക്ക് മാറ്റി.

LatestDaily

Read Previous

ഫാഷൻഗോൾഡ് തട്ടിപ്പിനിരയായ പ്രവാസികൾ യുഏഇയിൽ സംഘടിച്ചു

Read Next

മഞ്ചേശ്വരത്ത് 2006 ആവർത്തിക്കാൻ വി.വി. രമേശൻ