മഞ്ചേശ്വരത്ത് അങ്കം ബിജെപിയുമായി: ഏ കെ എം അഷറഫ്

ബിജെപിക്ക് വോട്ട് മറിക്കാനുള്ള നീക്കം സിപിഎം അണികൾ തള്ളും

കാഞ്ഞങ്ങാട്: സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബഹുദൂരം പിന്നിലുള്ള ഒന്നാം കക്ഷി മാത്രമാണ് സിപിഎമ്മെന്നും, മണ്ഡലത്തിൽ യുഡിഎഫ് ഏറ്റ് മുട്ടുന്നത് ബിജെപിയോടാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഏ. കെ. എം. അഷറഫ് ലേറ്റസ്റ്റിനോട് പറഞ്ഞു. പ്രചാരണ പ്രവർത്തനം സജീവമായപ്പോൾ, വിജയ പ്രതീക്ഷ പതിന്മടങ്ങ് വർദ്ധിച്ചു. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ തന്നെ വിജയം ഉറപ്പാക്കിയതാണ്. ഇപ്പോഴത് ഊട്ടി ഉറപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.

സിപിഎമ്മും എൽഡിഎഫും ഈ നിയമസഭാ തെരഞ്ഞെടുപ്പിലുംയുഡിഎഫിന് വിഷയമല്ല. ബിജെപിയുമായാണ് യുഡിഎഫിന്റെ പോരാട്ടം വളരെ പിന്നിൽ നിൽക്കുന്ന മൂന്നാം സ്ഥാനാർത്ഥി മാത്രമാണ് എൽഡിഎഫിന്റെത്. വിജയമകലെയാണെന്നറിയാവുന്ന സിപിഎം, ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കാൻ സാധ്യതയുണ്ടെങ്കിലും നേതൃത്വത്തിന്റെ ഈ നീക്കം മതേതര വിശ്വാസികളായ സിപിഎം അണികൾ അംഗീകരിക്കില്ല.

നേതാക്കൾ ആവശ്യപ്പെട്ടാലും, ബിജെപിക്ക് വോട്ട് ചെയ്യാൻ തയ്യാറാകാത്ത മതേതര വിശ്വാസികളായ സിപിഎം പ്രവർത്തകർ യുഡിഎഫിന് വോട്ട് ചെയ്യും. എങ്കിലും നാമ മാത്രമായ സിപിഎം വോട്ടുകളെങ്കിലും ബിജെപിക്കനുകൂലമാക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നുണ്ടെന്നാണ് സ്ഥാനാർത്ഥി പറയുന്നത്. ബിജെപിക്ക്, സിപിഎം വോട്ട് മറിച്ചാലും തന്റെ വിജയം സുനിശ്ചിതമാണ്.

കാഞ്ഞങ്ങാട്ടെ വികസനം ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി മഞ്ചേശ്വരത്ത് വോട്ട് ചോദിക്കുന്നത്. കാഞ്ഞങ്ങാട്ട് ഏത് വികസനമാണുണ്ടായിട്ടുള്ളതെന്ന് അഷ്റഫ് ചോദിച്ചു.  കാഞ്ഞങ്ങാട്ട് നിന്ന് മഞ്ചേശ്വരത്ത് വന്ന് എന്ത് വികസനമാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മഞ്ചേശ്വരത്ത് ചെയ്യാനാവുന്നത്–? മഞ്ചേശ്വരത്തെ അറിയുന്ന നാട്ടുകാരനായ താൻ, വികസന പ്രവർത്തനത്തിലൂന്നിയാണ് വോട്ട് ചോദിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയം വേറെയാണ്. അടിസ്ഥാന മേഖലകളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ഏ. കെ. എം. അഷറഫ് പറഞ്ഞു.

LatestDaily

Read Previous

കടബാധ്യത: ഹോട്ടലുടമ തൂങ്ങിമരിച്ചു

Read Next

സംയുക്ത ജമാഅത്ത്: സി. കുഞ്ഞാമത് ഹാജി പാലക്കി വീണ്ടും പ്രസിഡന്റ്; എം. മൊയ്തു മൗലവി ജനറൽ സിക്രട്ടറി