ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട മഞ്ചേശ്വരം തിരിച്ചുപിടിക്കാൻ കെ. സുരേന്ദ്രൻ

മഞ്ചേശ്വരം: സ്ഥാനാർത്ഥിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗതയേറിയിരിക്കുകയാണ്. പരമാവധി ആളുകളിലേക്ക് നേരിട്ടെത്താനുള്ള ഓട്ടപ്പാച്ചിലിലാണ് കെ. സുരേന്ദ്രനും ബിജെപി നേതാക്കളും. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം രാവിലെ തന്നെ കെ. സുരേന്ദ്രൻ നേരിട്ട് പ്രചാരണ പ്രവർത്തനത്തിനിറങ്ങുന്നു.

വോർക്കാടി, എൻമകജെ, സീതാംഗോളി, പെർള ഭാഗങ്ങളിലാണ് ശനിയാഴ്ച പ്രധാനമായും സുരേന്ദ്രൻ പ്രചാരണ പ്രവർത്തനത്തിനിറങ്ങിയത്. കാട്ടുകുക്കെ സബ്രായ ക്ഷേത്രത്തിലെത്തി രാവിലെ തന്നെ അനുഗ്രഹം വാങ്ങി. പ്രദേശത്തുള്ളവരോടും വിശ്വാസികളോടും വോട്ടഭ്യർത്ഥിച്ചും. കുബണൂർ മാലിന്യ സംസ്ക്കരണ പ്ലാന്റ് കെ. സുരേന്ദ്രൻ സന്ദർശിച്ചു. ഇവിടത്തെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. കഴിയുന്നത്ര ആളുകളിലേക്ക് നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കാനാണ് സ്ഥാനാർത്ഥിയും ഒപ്പമുള്ള നേതാക്കളും ശ്രമിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് നാമനിർദ്ദേശപത്രിക സമർപ്പണം പ്രചരണ ആഘോഷമാക്കി പ്രവർത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടുകൂടിയായിരുന്നു മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സുരേന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. സംസ്ഥാന ബിജെപി നേതാക്കളായ ബാലകൃഷ്ണഷെട്ടി, സുരേഷ് കുമാർ ഷെട്ടി, ഉത്തര മേഖല വൈസ് പ്രസിഡണ്ട് കെ. സതീഷ്ചന്ദ്ര ഭണ്ഡാരി, യുവമോർച്ചാ സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ ഉൾപ്പടെ സുരേന്ദ്രന്റെ പ്രചാരണത്തിനായി മഞ്ചേശ്വരത്തെത്തി.

ദുഷ്ടജനസമ്പർക്കം കൂടിയതിനാൽ മുഖ്യമന്ത്രി കാലിതുള്ളുന്നുവെന്നാണ് പത്രിക സമർപ്പണത്തിനുശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട് പരഞ്ഞത്. ശബരിമല വിഷയം തന്നെയാണ് സുരേന്ദ്രന്റെ പ്രചാരണത്തിലെ പ്രധാന വിഷയവും സ്വർണ്ണക്കള്ളക്കടത്തും ഇ. ശ്രീധരനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശവും പ്രചാരണ വിഷയമായി. സർക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്ന കെ. സുരേന്ദ്രൻ കോൺഗ്രസ്സിന്റെയും പ്രതിപക്ഷത്തിന്റെയും കൊള്ളരുതായ്മയും വോട്ടർമാർക്ക് മുന്നിൽ ചൂണ്ടിക്കാട്ടുന്നു.

എഡനാട് ബാങ്ക് ഹാളിൽ നേരത്തെ നടന്ന കൺവെൻഷനിൽ സുരേന്ദൻ പങ്കെടുത്തിരുന്നു.നായ്ക്കാപ്പു ടൗണിലും പ്രചാരണത്തിനിറങ്ങി. യുവമോർച്ചയുടെ നേതൃത്വത്തിൽ നടന്ന യുവസംഗമസദസ്സിൽ സ്ഥാനാർത്ഥി പങ്കെടുത്തു. 89 വോട്ടുകൾക്ക് കഴിഞ്ഞ തവണ കൈവിട്ടു പോയ മഞ്ചേശ്വരം മണ്ഡലത്തിൽ എന്ത് വില കൊടുത്തും വിജയക്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.  ഇതിനായി ചിട്ടയായ പ്രചാരണ പ്രവർത്തനമാണ് പാർട്ടി നടത്തുന്നത്. കെ. സുരേന്ദ്രൻ സംസ്ഥാനത്തെ മറ്റൊരു മണ്ഡലത്തിൽ കൂടി ജനവിധി തേടുന്നതിനാൽ ഉള്ള സമയത്തോളം സുരേന്ദ്രന്റെ സാന്നിധ്യം മഞ്ചേശ്വരത്ത് ഉപയോഗിക്കാനാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ള പാർട്ടി പ്രവർത്തകരുടെ ശ്രമം.

LatestDaily

Read Previous

പിലിക്കോട് ബാങ്ക് കോഴ : ഗ്രൂപ്പുകൾ തുറന്ന യുദ്ധത്തിൽ

Read Next

കടബാധ്യത: ഹോട്ടലുടമ തൂങ്ങിമരിച്ചു