വിദ്യാർത്ഥി ഉപകരണമല്ല

അധ്യാപകർ വിദ്യാർത്ഥികളെ തല്ലുന്നത് ശരിയായ പ്രവണതയല്ലെന്ന കേരള ഹൈക്കോടതി നിരീക്ഷണം ആധുനിക കാലത്തെ വിദ്യാഭ്യാസ രീതികൾക്ക് അനുസൃതമായ സന്ദേശമാണ്. വിദ്യാർത്ഥികളെ മർദ്ദിക്കാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം നിലവിലുണ്ടെങ്കിലും പല അധ്യാപകരും വിദ്യാർത്ഥികളെ പ്രഹരിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന രീതിയിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്.

കെണിവെച്ച് വീഴിക്കുന്ന കാട്ടാനകളെ മെരുക്കുന്ന താപ്പാനകളെപ്പോലെ വിദ്യാർത്ഥികളോട് അപരിഷ്കൃതമായ രീതിയിൽ പെരുമാറുന്ന അധ്യാപകർ ഇപ്പോഴുമുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. പാഠപുസ്തകങ്ങളിൽ അച്ചടിച്ചു വെച്ച പാഠഭാഗങ്ങൾ അതേപടി ഉത്തരക്കടലാസിലേക്ക് പകർത്തിയെഴുതുന്നതാണ് വിദ്യാഭ്യാസമെന്ന പഴകിത്തേഞ്ഞ സങ്കൽപ്പങ്ങളാണ് പല അധ്യാപകർക്കുമുള്ളത്.

ബോധന രീതികളിൽ കാലാനുസൃതമായുണ്ടാകുന്ന പരിഷ്കാരങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാതെ കുട്ടികളെ തല്ലിപ്പഠിപ്പിക്കണമെന്ന വാശി പുലർത്തുന്ന ഒരു ന്യൂനപക്ഷം ഇപ്പോഴുമുണ്ടെന്നതാണ് യാഥാർത്ഥ്യം. പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെ നന്നാക്കിയെടുക്കുന്നതിന് പകരം ദണ്ഡനമുറകൾ നടപ്പാക്കി പഠിപ്പിക്കാൻ  ശ്രമിക്കുന്നവർ ചെരിപ്പിനൊപ്പിച്ച് കാൽ മുറിക്കുന്നവരാണെന്ന് പറയേണ്ടിയിരിക്കുന്നു.

ക്ലാസ് മുറികളിലിരിക്കുന്ന വിദ്യാർത്ഥികൾ യന്ത്രങ്ങളല്ലെന്നും വ്യത്യസ്ത അഭിരുചികളും ബുദ്ധിയുമുള്ളവരുമാണെന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ് ഒരു യഥാർത്ഥ അധ്യാപകനും, അധ്യാപികയും ഉണ്ടാകുന്നത്. ദണ്ഡനമുറകളൊന്നും സ്വീകരിക്കാതെ സ്വന്തം വിദ്യാർത്ഥികളെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കഴിവുള്ളവരെയാണ് മികച്ച ഗുരുക്കൻമാരെന്ന് പറയാൻ കഴിയുക.വിദ്യാർത്ഥികളെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കയ്യിൽ വടി ആയുധമായി കൊണ്ടു നടക്കുന്നവരെ മികച്ച അധ്യാപകരെന്ന് പറയാൻ കഴിയില്ല. ഈ തിരിച്ചറിവ് അധ്യാപികാധ്യാപകൻമാർക്കുണ്ടായിരിക്കണം.

കാലാനുസൃതമായ പരിശീലനങ്ങൾ വഴി പൊതു വിദ്യാഭ്യാസ മേഖല വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ മനോനിലവാരത്തിനൊപ്പിച്ച് അധ്യാപനം നടത്താൻ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഒരളവ് വരെ സാധിക്കുന്നുണ്ട്. ഇതിന്റെ ഫലമായി പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വന്തം വിദ്യാർത്ഥികളെ മർദ്ദിക്കുന്ന പ്രവണതയ്ക്ക് കുറവ് വന്നിട്ടുമുണ്ട്. പക്ഷേ, വിദ്യാഭ്യാസ മേഖല ആർജ്ജിച്ച സകല പുരോഗതികളെയും നൂറ്റാണ്ടുകൾക്ക് പിറകിലോട്ട് കൊണ്ടു പോകുന്ന നടപടിയാണ് അപൂർവ്വം സന്ദർഭങ്ങളിൽ ഉണ്ടാകുന്നത്.

വിദ്യാർത്ഥികളോട് പ്രാകൃതവും, അപരിഷ്കൃതവുമായ രീതിയിൽ പെരുമാറുന്നവരിലേറെയും സ്വകാര്യ വിദ്യാലയങ്ങളിലെ ഗുരുക്കൻമാരാണ്. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള വിദ്യാഭ്യാസ സങ്കൽപ്പങ്ങൾ വെച്ചു പുലർത്തുന്നവരാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും അതിലെ അധ്യാപകരുമെന്നതാണ് യാഥാർത്ഥ്യം. പ്രതികരിക്കാൻ അവകാശമില്ലാത്ത അടിമക്കൂട്ടങ്ങളെ വളർത്തിയെടുക്കുന്ന ഫാക്ടറികളെപ്പോലെ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ അധ്യാപകരാണ് അധ്യേതാക്കൾക്കെതിരെ ദണ്ഡനമുറകൾ പ്രയോഗിക്കുന്നതെന്നതും സത്യം. പഠിപ്പിക്കുന്ന പാഠങ്ങൾ പരീക്ഷാക്കടലാസുകളിൽ അതേപടി ഛർദ്ദിച്ചുവെക്കുകയാണ് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമെന്ന് കരുതുന്ന അധ്യാപികാധ്യാപകൻമാർ ഇപ്പോഴുമുണ്ടെന്നുള്ളത് കൗതുകം.

കുട്ടികളെ പഠിപ്പിക്കുന്ന ഗുരുക്കൻമാർ ആദ്യമറിയേണ്ടത് അവരുടെ മനസ്സാണ്. ക്ലാസ് മുറികളിലിരിക്കുന്ന വിദ്യാർത്ഥികളുടെ ബലഹീനതകളും ഗുരുക്കൻമാർ തിരിച്ചറിയണം. അധ്യാപനമെന്നത് ശമ്പളം വാങ്ങിക്കാനുള്ള തൊഴിൽ മാത്രമല്ലെന്ന തിരിച്ചറിവ് ഒാരോ അധ്യാപകർക്കുമുണ്ടാകുമ്പോഴാണ് ഗുരു എന്ന വാക്കിന്റെ അർത്ഥതലങ്ങൾ സാർത്ഥകമാകുന്നത്. വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിലെ അപരിഷ്കൃതത്വം ഒാരോ ഗുരുക്കൻമാരും തിരിച്ചറിയണം. ഹൈക്കോടതിയുടെ നിരീക്ഷണം വഴി ഈ തിരിച്ചറിവുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

LatestDaily

Read Previous

കാർ നിർത്തിയിട്ടതിനെച്ചൊല്ലി വാക്കേറ്റവും മർദ്ദനവും; 4 പേർക്കെതിരെ കേസ്സ്

Read Next

ഉദുമ എംഎൽഏയുടെ വീടിന് സമീപം കൃത്രിമക്കാൽ കണ്ടെത്തി