വ്യാജ ഡോക്ടർ ചികിത്സിച്ച ബാങ്ക് ജീവനക്കാരൻ മരിച്ചു

വ്യാജ ഡോക്ടർ സോഫിയ മടിക്കൈ ഹംസ വൈദ്യൻെറ  ഭാര്യ

തലശ്ശേരി: വനിതാ വ്യാജ ഡോക്ടരുടെ തലശ്ശേരി ക്ലിനിക്കിൽ   തട്ടിപ്പ് ചികിത്സയ്ക്ക് വിധേയനായ ബാങ്ക് ജിവനക്കാരൻ നരകയാതന അനുഭവിച്ച്  മരണപ്പെട്ടു. സഹകരണ ബാങ്കിൽ  അപ്രൈസറായ  ബാലകൃഷ്ണനാണ് 52, കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിൽ  മരണപ്പെട്ടത്. സംഭവം സംബന്ധിച്ച് ഇദ്ദേഹത്തിന്റെ ഭാര്യ കണ്ണൂർ വളപട്ടണത്തെ കക്കറയിൽ നിഷയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു.

ഇന്ത്യൻ ശിക്ഷാ നിയമം 417,420 വകുപ്പിലാണ് കേസ്. പ്രമേഹരോഗം ഭേദമാക്കാനാണ് 2020 ഏപ്രിൽ മുതൽ  വ്യാജ ഡോക്ടർ  പെരിങ്ങമല ഡിസന്റ്മുക്ക് ജംഗ്ഷന് സമീപം ഹിസാനാ മൻസിലിൽ വൈദ്യ-ഫിയാറാവുത്തർ എന്ന സോഫിയയുടെ 43, തലശ്ശേരി ജില്ലാ കോടതിക്ക് സമീപത്തെ വാടക വീട്ടിൽ ബാലകൃഷ്ണൻ ചികിത്സക്കെത്തിയിരുന്നത്. ഇവർ നൽകിയ മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ പ്രമേഹം മൂർഛിച്ചു. കാൽവിരലുകൾ പഴുത്തു. വ്രണം കൂടിയതോടെ വിരൽ മുറിച്ചു മാറ്റേണ്ടി വന്നു.

ഒടുവിൽ കഴിഞ്ഞ വർഷം സെപ്തംബർ  24-ന് ബാലകൃഷ്ണൻ മരണപ്പെട്ടു. സോഫിയ നൽകിയ തെറ്റായ  ചികിത്സയെ തുടർന്നാണ് ഭർത്താവ് മരണപ്പെട്ടതെന്നാണ് നിഷയുടെ പരാതി. ഒ.വി റോഡിലെ ഒരു സ്വകാര്യ  ആശുപത്രിയിലും ഡോക്ടറായി സോഫിയ കുറഞ്ഞ കാലയളവിൽ പ്രാക്ടീസ് ചെയ്തിരുന്നു.   ആശുപത്രിയിൽ ആഴ്ചയിൽ ഒരുദിവസമാണ് രോഗികളെ പരിശോധിച്ച് മരുന്ന് നൽകിയിരുന്നത്.

കാൽപാദങ്ങളിലുണ്ടാവുന്ന വിണ്ടു കീറൽ, വ്രണ രോഗങ്ങൾക്കാണ് ചികിത്സ നൽകിയിരുന്നതെന്ന് സ്വകാര്യ ആശുപത്രി മാനേജർ പറഞ്ഞു.  2020-ലാണ് പ്രാക്ടീസ് തുടങ്ങിയത്.  സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് അന്വേഷണം തുടങ്ങിയതോടെ തലശ്ശേരിയിൽ നിന്നും മുങ്ങി. ഇതിൽ പിന്നീടാണ് നെടുമങ്ങാട്ട്  പോലീസ് പിടികൂടിയത്. അലോപ്പതിയും ആയൂർവേദവും ഹോമിയോപ്പതിയും ചേർത്തായിരുന്നു ഇവരുടെ ചികിത്സാ രീതികൾ.

കാസർകോട്  ജില്ലയിൽ നീലേശ്വരം, മടിക്കൈ, എരിക്കുളം ഭാഗത്തും വാടക വീടെടുത്ത് താമസിച്ച് ചികിത്സ നടത്തിയിരുന്നതായും പോലീസ് അന്വഷണത്തിൽ വ്യക്തമായിട്ടുണ്ട്. മടിക്കൈയിലെ ഹംസ വൈദ്യരുടെ ഭാര്യയായിരുന്നു. ഇപ്പോൾ ഇവർ തമ്മിൽ പിണങ്ങി ഇരുവരും വേറിട്ടാണ് താമസം.   

ആൾട്ടർനേറ്റീവ് മെഡിസിൻ സിസ്റ്റം  പ്രാക്ടീസ് ചെയ്യുന്നതിനുള്ള തമിഴ് നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാററ്റയിൽ ആർട്ട്സ് അക്കാദമിയുടെ കളരിമർമ്മ ഗുരുകുലത്തിന്റ ഒരു സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുമാണ്  പത്താം തരം  വിദ്യാഭ്യാസം മാത്രമുളള ഇവർ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിൽസിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ചികിൽസയ്ക്കായി ആളുകളിൽ നിന്ന് അമിതമായി ഫീസും ഈടാക്കിയിരുന്നു.  ഡോ. സോഫി മോൾ എന്ന പേരിലുള്ള ഐ.ഡി കാർഡ് ഉപയോഗിച്ചാണ് ആശുപത്രികളിൽ പ്രാക്ടീസിനെത്തിയിരുന്നത്. ഇപ്പോൾ ജയിലിലുള്ള വ്യാജ ഡോക്ടറെ തലശ്ശേരി പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

LatestDaily

Read Previous

കോവിഡ് കുത്തിവെപ്പിന് സംവിധാനമൊരുക്കിയത് ആയിരം പേർക്ക്, കുത്തിവെപ്പിനെത്തിയത് 50 പേർ

Read Next

ഗർഭിണികളെയും രോഗികളെയും കാത്ത് അമ്മയും കുഞ്ഞും ആശുപത്രി