കോവിഡ് കുത്തിവെപ്പിന് സംവിധാനമൊരുക്കിയത് ആയിരം പേർക്ക്, കുത്തിവെപ്പിനെത്തിയത് 50 പേർ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ആയിരത്തിലേറെ പേർക്ക് കോവിഡ് വാക്സിൻ കുത്തിവെപ്പിന് സംവിധാനമൊരുക്കിയ കേന്ദ്രത്തിൽ കുത്തിവെപ്പിനെത്തിയത്  അറുപതിൽ താഴെ പേർ. കാഞ്ഞങ്ങാട് നഗരസഭയിൽ കുശാൽ നഗർ നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. വൈകീട്ട് 5 മണിവരെയാണ് സമയം നിശ്ചയിച്ചത്.

ജില്ലയിലെ 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർ 45 വയസ്സിനും 59നുമിടയിൽ ഗുരുതര രോഗം ബാധിച്ചവർ എന്നിവർക്കാണ് തിങ്കളാഴ്ച കുത്തിവെപ്പിന് സൗകര്യമൊരുക്കിയത്. യാതൊരു  റജിസ്ട്രേഷനുമില്ലാതെ ആധാർ കാർഡുമായി നേരിട്ടെത്തി കുത്തിവെപ്പ് സ്വീകരിക്കാനാണ് സംവിധാനമൊരുക്കിയത്. വലിയ തിരക്ക് പ്രതീക്ഷിച്ച് ആരോഗ്യവകുപ്പ് നിത്യാനന്ദ സ്കൂളിലും പരിസരങ്ങളിലും വലിയ രീതിയിലുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി നടത്തി.

ആയിരത്തോളം കസേരകൾ വാടകയ്ക്കെടുത്ത് സ്ഥലത്തെത്തിച്ചു. 108 ആംബുലൻസിനെയും സ്ഥലത്തെത്തിച്ചു. ഡോക്ടർ, കമ്പ്യൂട്ടർ ഉൾപ്പെടെ ഉപകരണങ്ങൾ നഴ്സുമാരടക്കം 14 ആരോഗ്യപ്രവർത്തകർ മറ്റ് ഹെൽത്ത് വിഭാഗ ജീവനക്കാർ.      ആശാവർക്കർമാരെയും കോവിഡ് വാക്സിൻ കുത്തിവെപ്പിന് നിയോഗിച്ചിരുന്നു. കുത്തിവെപ്പ് സംബന്ധിച്ച് നാട്ടിലുടനീളം ആരോഗ്യവകുപ്പ് വലിയ പ്രചരണങ്ങളും നടത്തി. 10 മണിക്കാരംഭിച്ച വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ഉച്ചവരെ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണെത്തിയത്. ഇതോടെ ആരോഗ്യ പ്രവർത്തകർ എന്ത് ചെയ്യുമെന്നറിയാതായി.

ആശാവർക്കർമാർ തങ്ങൾക്ക് അറിയാവുന്ന പലരെയും ഫോണിലൂടെ നിർബന്ധിപ്പിച്ച് വിളിച്ചുവരുത്തിയാണ് പിന്നീട് കുത്തിവെപ്പെടുപ്പിച്ചത്. തെരഞ്ഞെടുപ്പ്  ഡ്യൂട്ടിക്ക് നിയോഗിച്ചവരിൽ കുത്തിവെപ്പ് സ്വീകരിക്കാൻ ബാക്കിയുണ്ടായിരുന്ന ഏതാനും ജീവനക്കാരെ കൂടി വിളിച്ചുവരുത്തി വാക്സിനെടുപ്പിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഇത്ര വലിയ സൗകര്യമൊരുക്കിയിട്ടും ആളുകൾ വാക്സിൻ സ്വീകരിക്കുന്നതിനോട്  പുറംതിരിഞ്ഞത്  ആരോഗ്യ പ്രവർത്തകരെ  അത്ഭുതപ്പെടുത്തി.

LatestDaily

Read Previous

ബാലശങ്കറിന്റെ വെളിപ്പെടുത്തൽ: മഞ്ചേശ്വരത്ത് മുന്നണികൾ ജാഗ്രതയിൽ

Read Next

വ്യാജ ഡോക്ടർ ചികിത്സിച്ച ബാങ്ക് ജീവനക്കാരൻ മരിച്ചു