ബാലശങ്കറിന്റെ വെളിപ്പെടുത്തൽ: മഞ്ചേശ്വരത്ത് മുന്നണികൾ ജാഗ്രതയിൽ

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് സിപിഎം – ബിജെപി രഹസ്യ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ വെളിപ്പെടുത്തലോടെ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടതു -വലത്-എൻഡിഏ മുന്നണികൾ അതീവ ജാഗ്രതയിൽ. മലബാർ മേഖലയിൽ  മഞ്ചേശ്വരം മണ്ഡലമാണ് ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ശ്രദ്ധാകേന്ദ്രമായി മാറുന്നത്.

രണ്ടുതവണ മഞ്ചേശ്വരത്ത് മത്സരിച്ച് തോറ്റ ബിജെപി  സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇത്തവണ മഞ്ചേശ്വരത്തെ ആദ്യഘട്ടത്തിൽ   കയ്യൊഴിഞ്ഞിരുന്നു. ബിജെപിയുടെ ഗണത്തിൽ ഏക്ലാസ്സ് മണ്ഡലമായ മഞ്ചേശ്വരത്ത് തന്റെ സ്വന്തം വിശ്വസ്തനായ അഡ്വ. കെ. ശ്രീകാന്തിനെയായിരുന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് ആദ്യം മുതലേ പരിഗണിച്ചു പോന്നത്. ഇതിനിടയിലാണ് കെ. സുരേന്ദ്രൻ നിലപാട് തിരുത്തി മഞ്ചേശ്വരത്ത് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത്.

ലീഗ് സ്ഥാനാർത്ഥി ഏകെഎം. അഷ്റഫ്   കെ. ആർ. ജയാനന്ദ (എൽഡിഎഫ്) കെ. ശ്രീകാന്ത് (എൻഡിഏ) എന്നിവരായിരുന്നു മഞ്ചേശ്വരത്ത് മുന്നണികളുടെ ആദ്യ പട്ടികയിലുണ്ടായിരുന്നത്. ഇതോടെ കെ. സുരേന്ദ്രൻ പത്തനംതിട്ടയിലെ  കോന്നി തന്റെ മണ്ഡലമായി തെരഞ്ഞെടുക്കുകയും ചെയ്തു. മാർച്ച് 10-ന് സിപിഎം സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വന്നപ്പോൾ ഒഴിച്ചിട്ട മഞ്ചേശ്വരത്ത് പാർട്ടിയുടെ കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.ആർ. ജയാനന്ദയുടെ ആദ്യം പേരാണ് നിർദ്ദേശിച്ചത്. 

തുളു, കന്നട, മലയാളം ഭാഷകളിൽ പ്രസംഗിക്കാനും എഴുതാനും കഴിയുന്ന ജയാനന്ദയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉപ്പളയിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന്റെ പേരിലാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ഇക്കാരണം പറഞ്ഞ് സിപിഎം ജയാനന്ദയുടെ പേര് വെട്ടുകയായിരുന്നു. തുടർന്ന് ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കൾ ഇടപെട്ട് ജില്ലാക്കമ്മിറ്റിയംഗമായ വി.വി. രമേശനെ മാർച്ച് 11-ന് സ്ഥാനാർത്ഥിയായി  പ്രഖ്യാപിച്ചു. ഇതോടെ അതേവരെയില്ലാതിരുന്ന കെ. സുരേന്ദ്രന്റെ പേരും മഞ്ചേശ്വരത്ത് ഉയർന്നുവന്നു.

14-ന് ബിജെപി പട്ടിക ദൽഹിയിൽ പ്രഖ്യാപിച്ച ഉടൻ കെ. സുരേന്ദ്രൻ  ബംഗളൂരുവിൽ വിമാനമിറങ്ങി അവിടെ നിന്ന് ഹെലികോപ്റ്ററിൽ മഞ്ചേശ്വരത്ത് പറന്നിറങ്ങുകയായിരുന്നു. 16-നാണ് ആർഎസ്എസ് സൈദ്ധാന്തികൻ ബാലശങ്കർ കേരളത്തിൽ സിപിഎം ബിജെപി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയത്. മഞ്ചേശ്വരത്തെ കെ.ആർ. ജയാനന്ദയെ മാറ്റി വി.വി. രമേശനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ജയശങ്കറിന്റെ വെളിപ്പെടുത്തലിന്റെ പൊരുളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ ഏതാനും വാർഡുകളിൽ ബിജെപി യുമായുള്ള വി.വി. രമേശന്റെ വോട്ടിടപാട് കൂടി കണക്കിലെടുക്കുമ്പോൾ, ജയശങ്കറിന്റെ വെളിപ്പെടുത്തലിലുള്ള   വസ്തുത  ബലപ്പെടുന്നു.

LatestDaily

Read Previous

സിപിഎമ്മിൽ ചേർന്ന മുസ്ലീം ലീഗ് മെമ്പർ നേരമിരുട്ടി വെളുത്തപ്പോൾ ലീഗിൽ

Read Next

കോവിഡ് കുത്തിവെപ്പിന് സംവിധാനമൊരുക്കിയത് ആയിരം പേർക്ക്, കുത്തിവെപ്പിനെത്തിയത് 50 പേർ