കാഞ്ഞങ്ങാട്: സിപിഎമ്മിൽ ചേർന്ന മുസ്ലീം ലീഗ് മുൻ പഞ്ചായത്ത് അംഗം നേരം ഇരുട്ടി വെളുത്തപ്പോൾ മുസ്ലീം ലീഗിലേക്ക് തിരിച്ചെത്തി. അജാനൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ട്രഷററായിരുന്ന മുൻ അജാനൂർ പഞ്ചായത്തംഗം എം. എം. അബ്ദുൾ റഹ്മാനാണ് മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ ചേർന്നത്.
മഡിയനിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം എം. പൊക്ലൻ, അബ്ദുൾ റഹ്മാനെ ഹാരാർപ്പണം ചെയ്ത് പാർട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. അബ്ദുൾ റഹ്മാൻ ലീഗ് വിട്ട് സിപിഎമ്മിൽ ചേർന്ന കാര്യം ചർച്ചയാവുകയും സിപിഎം പ്രചാരണം നടത്തുകയും ചെയ്തതിന് തൊട്ട് പിന്നാലെയാണ് അബ്ദുൾ റഹ്മാൻ സിപിഎം വിട്ട് ലീഗിലേക്ക് തിരിച്ചെത്തിയത്. അജാനൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ഒാഫീസിൽ ഇന്നലെ വൈകിട്ട് ചേർന്ന നാലാം വാർഡ് യോഗത്തിൽ അബ്ദുറഹിമാൻ സംബന്ധിച്ചു.