ചെറുവത്തൂർ കൊലയ്ക്ക് കാരണം സംശയം

ചെറുവത്തൂർ: മടിവയലിലെ രൂകേഷ് സ്വന്തം മക്കളെക്കൊന്ന് തൂങ്ങി മരിക്കാൻ കാരണം ഭാര്യയെക്കുറിച്ചുള്ള സംശയം. രൂകേഷിന്റെ പേഴ്സിൽ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിലാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം എഴുതിവെച്ചിട്ടുള്ളത്. യുവാവിന്റെ ഓട്ടോയ്ക്കകത്ത് സൂക്ഷിച്ച പേഴ്സിൽ നിന്നാണ് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

ആദ്യം കാഞ്ഞങ്ങാട്ടെ ഓട്ടോ മൊബൈൽ ഷോപ്പിൽ ജീവനക്കാരിയായിരുന്നു  രൂകേഷിന്റെ ഭാര്യ സബിയ.  ഇരുവരും ഒന്നരവർഷം മുമ്പാണ് അകന്നത്. ഭാര്യ പിണങ്ങിപ്പോയതിൽ കടുത്ത മനോവിഷമത്തിലായിരുന്ന യുവാവ് ഭാര്യയെ മറ്റൊരാൾ വിവാഹം കഴിച്ചതായിവരെ സംശയിച്ചിരുന്നു. മക്കളെയുപേക്ഷിച്ച് ഭാര്യ മറ്റൊരാളോടൊപ്പം ജീവിക്കാൻ പോകുകയാണെന്ന സംശയമാണ് രൂകേഷിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

സ്വന്തം മക്കളെ ജീവന് തുല്യം സ്നേഹിച്ചിരുന്ന രൂകേഷ് സംശയ രോഗത്തിനടിമയായി ഒടുവിൽ മക്കളുടെ അന്തകനായിത്തീരുകയായിരുന്നു. പിന്നീട് ചെറുവത്തൂരിലെ കാർ വിൽപ്പന സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന സബിയ ചെറുവത്തൂർ തിമിരി സ്വദേശിയുമായി പരിചയത്തിലായതിന് ശേഷമാണ് ഭർത്താവുമായുള്ള  ദാമ്പത്യബന്ധത്തിൽ  വിള്ളലുണ്ടായത്. ഇതോടെയാണ് ഭർതൃവീട്ടിൽ നിന്ന് യുവതി സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. ഇതിന് ശേഷം കുറച്ചുകാലം ഇവർ കാഞ്ഞങ്ങാട്ടും ജോലി ചെയ്തിരുന്നു.

ഭാര്യ തിമിരി സ്വദേശിയെ വിവാഹം ചെയ്യുമെന്ന ആശങ്ക രൂകേഷിനുണ്ടായിരുന്നു. സബിയ വേറെ വിവാഹം കഴിച്ചാൽ മക്കളുടെ ഭാവിയെന്താകുമെന്ന കാര്യത്തിലും ഇദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ചെറുവത്തൂർ കുന്നിന് മുകളിലുള്ള മടിക്കുന്നിൽ നിർമ്മിക്കുന്ന വീട്  പൂർത്തിയാക്കാൻ കഴിയാത്തതിലും രൂകേഷിന് കടുത്ത മാനസിക വിഷമമുണ്ടായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്.

മക്കളും ഭർത്താവും മരിച്ച വിവരമറിഞ്ഞ്  സബിയ ഇന്നലെ മടിക്കുന്നിലെത്തിയിരുന്നു. രൂകേഷിന്റെ കുടുംബം കണ്ണൂർ ജില്ലയിൽ നിന്നാണ് പിലിക്കോട് മടിവയലിലെത്തിയത്. ഇദ്ദേഹത്തിന്റെ പിതാവ് കെഎസ്ഇബി റിട്ടയേഡ് ജീവനക്കാരനായിരുന്നു. ജോലി ആവശ്യാർത്ഥം കൂത്തുപറമ്പിൽ നിന്നെത്തിയ കുടുംബം പിന്നീട് മടിവയലിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

LatestDaily

Read Previous

ചിത്രം തെളിഞ്ഞു: കാഞ്ഞങ്ങാട് മണ്ഡലം പ്രചാരണ ചൂടിൽ

Read Next

പ്രസവത്തെത്തുടർന്ന് ഡോക്ടർ മരിച്ചു