മടിക്കൈ ചോദിക്കുന്നു; എന്തിന് വോട്ടു ചെയ്യണം-?

മടിക്കൈ നിവാസികൾ ഇത്തവണ ഒരേ സ്വരത്തിൽ ചോദിക്കുന്നു എന്തിന് ഞങ്ങൾ വോട്ട് ചെയ്യണം. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ഞങ്ങൾസിപിഐ ചിഹ്നമായ അരിവാൾ നെൽക്കതിരിൽ വോട്ടു ചെയ്യുന്നു. ഈ നാടിനോ, നാട്ടാർക്കോ ഒരു ഗുണവും മടിക്കൈയിൽ നിന്ന് വിജയിച്ചു പോയ ഒരു  സിപിഐ എംഎൽഏയും ചെയ്തിട്ടില്ലെന്ന് ഇത്തവണ മടിക്കൈ പ്രദേശത്തുകാർ തുറന്നു പറയുകയാണ്.

1970 മുതൽ 8 നിയമസഭാതെരഞ്ഞെടുപ്പുകളെ മടിക്കൈയിലെ കമ്മ്യൂണസ്റ്റ് വോട്ടർമാർ നേരിട്ടു. തളിപ്പറമ്പിൽ നിന്നെത്തിയ സിപിഎം സ്ഥാനാർത്ഥി പട്ടുവം രാഘവൻ പരാജയപ്പെട്ടത്, ഹൊസ്ദുർഗ്ഗ് സംവരണ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിലാണ്.  അന്ന് സിപിഐ-സിപിഎം തമ്മിലായിരുന്നു മത്സരം. 1957-ൽ മടിക്കൈ നീലേശ്വരം  നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഈ നവോത്ഥാന ഗ്രാമത്തിൽ നിന്ന് അന്ന് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും മടിക്കൈയിലെ വിഷ വൈദ്യൻ കല്ലളൻ വൈദ്യരും കേരള നിയമസഭയിലെത്തി.

അന്ന് നീലേശ്വരം ദ്വയാംഗ മണ്ഡലമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഇ.എം. എസ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആവുകയും ചെയ്തു. പിന്നീട് നടന്ന 7 നിയമസഭാ തെരഞ്ഞെടുപ്പുകളിലും സിപിഐ സ്ഥാനാർത്ഥിയെ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു വിട്ട മടിക്കൈയിലെ  ജനങ്ങളുടെ ഇന്നത്തെ മുഖ്യ വിഷയം തൊഴിലില്ലായ്മ തന്നെയാണ്. ഗൾഫിന്റെ പ്രസരിപ്പ് മങ്ങിയതും, കോവിഡ് മഹാമാരിയും മടിക്കൈയെ ഒട്ടൊന്നുമല്ല വറുതിയിലാഴ്ത്തിയത്. ഹോസ്ദുർഗ്ഗ് സംവരണ മണ്ഡലത്തിൽ നിന്നുള്ള ആദ്യ എംഎൽഏ കെ.പി. കുമാരനും പള്ളിപ്രം ബാലനും കണ്ണൂരിൽ നിന്ന് ഇറക്കിയ  സിപിഐ സ്ഥാനാർത്ഥികളായിരുന്നു.

ഇടയ്ക്ക് കോൺഗ്രസിലെ എൻ. മനോഹരൻ മാഷിനെ  ഹോസ്ദുർഗ്ഗ് മണ്ഡലം തുണച്ചു. പിന്നീട് എം.നാരായണനും, എം.കുമാരനും, രണ്ടു ഘട്ടങ്ങളിൽ ഇ. ചന്ദ്രശേഖരനെയും മടിക്കൈയിലെ ഉറച്ച കമ്മ്യൂണിസ്റ്റ് വോട്ടർമാർ നിയമസഭയിലെത്തിച്ചിട്ടും , കുടുംബത്തിൽ പട്ടിണിയകറ്റാൻ, ചുരുങ്ങിയത് 200 പേർക്കെങ്കിലും, തൊഴിൽ ലഭിക്കുന്ന പൊതുമേഖലാ തലത്തിലുള്ള ഒരു ചെറു തൊഴിൽശാല പോലും മടിക്കൈയിൽ ആരംഭിക്കാൻ വിജയിച്ചു പോയ ഒരു  എംഎൽഏയും അവരുടെ പാർട്ടിക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.

മടിക്കൈ നാട് രണ്ടാം തവണയും നിയമസഭയിലെത്തിച്ച എംഎൽഏയും ഇ. ചന്ദ്രശേഖരൻ റവന്യൂ  മന്ത്രിയുമായിട്ടും, മടിക്കൈ പ്രദേശത്തെ റവന്യൂ ഭൂമി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഏക്കർ കണക്കിന് റവന്യൂ ഭൂമി മടിക്കൈയിൽ ഇന്നും തരിശായി കിടക്കുകയാണ്. എന്തിന് ഞങ്ങൾ വോട്ടു ചെയ്യണം. എന്ന മടിക്കൈ ഗ്രാമത്തിന്റെ ചോദ്യത്തിന് പിന്നിലുള്ള വോട്ടർമാരുടെ വികാരം മുകളിലുദ്ധരിച്ചതാണ്.

LatestDaily

Read Previous

താൻ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ച് കാഞ്ഞങ്ങാട്ടെ സ്വർണ്ണവ്യാപാരി

Read Next

സമീറയ്ക്ക് കസ്റ്റംസ് കൊഫെപോസ ചുമത്തും