ഐഎസ്ബന്ധം: ഇർഷാദിന്റെ നീക്കങ്ങൾ നാട്ടുകാർ അറിഞ്ഞില്ല

തൃക്കരിപ്പൂർ: ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന പടന്ന തെക്കേപ്പുറത്തെ ടി. കെ. ഇർഷാദിന്റെ പ്രവർത്തനങ്ങൾ നാട്ടുകാർക്ക് അജ്ഞാതം. ഇന്നലെ കൊച്ചിയിൽ നിന്നുമെത്തിയ എൻഐഏ സംഘം ഇർഷാദിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതോടെയാണ് ഇദ്ദേഹം ഭീകര സംഘടനയുമായി ബന്ധമുള്ളയാളാണെന്ന് നാട്ടുകാർ അറിഞ്ഞത്.

ഇംഗ്ലണ്ടിൽ എഞ്ചിനീയറിംങ്ങ് വിദ്യാർത്ഥിയായ ഇർഷാദ് തീവ്ര മതചിന്തയും, ദേശവിരുദ്ധമായ സന്ദേശങ്ങളും പ്രചരിപ്പിച്ചതിന്റെ പേരിലാണ് എൻഐഏയുടെ  നോട്ടപ്പുള്ളിയായത്. ദേശവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ ഇർഷാദിനെതിരെ ദൽഹി പോലീസ് കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എൻഐഏ കൊച്ചി ഒാഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്നലെ പടന്നയിലെ വീട്  പരിശോധിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ ദിവസം നടന്ന എൻഐഏ റെയ്ഡിൽ ഒാച്ചിറ സ്വദേശിയായ ദന്ത ഡോക്ടർ പിടിയിലായിരുന്നു.

പടന്ന തെക്കേപ്പുറം അംഗൺവാടിക്ക് സമീപത്തെ ടി. കെ. ഇർഷാദ് ഒന്നരമാസം മുമ്പ് നാട്ടിലുണ്ടായിരുന്നു. 24 വയസ്സുകാരനായ യുവാവ് ദേശദ്രോഹ പ്രവർത്തനത്തിലേർപ്പെട്ടതിന്റെ ഞെട്ടലിലാണ് പടന്ന സ്വദേശികൾ. 2016 ൽ ഐഎസിൽ ചേരാൻ ആറ് കുടുംബങ്ങൾ വീട് വിട്ടതിന് ശേഷം പടന്ന പ്രദേശം ദേശീയ അന്വേഷണ  ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു. ഡോക്ടർമാരടക്കമുള്ള സംഘമാണ് അതിതീവ്ര മതവികാരമുണർത്തുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തുകയും, ഐഎസിൽ  ചേക്കേറാൻ രാജ്യം വിടുകയും ചെയ്തത്. ഇവരിൽ ചിലർ പിന്നീട് തീവ്രവാദ സംഘടനയായ ദാഇഷിലെത്തിപ്പെട്ടു.

ഇതിന് ശേഷം വീണ്ടും പടന്ന ദേശീയ ശ്രദ്ധയിലെത്തിയിരിക്കുകയാണ്. ഇന്നലെ പുർച്ചെ പടന്നയിലെത്തിയ എൻഐഏ സംഘത്തെ നയിച്ചിരുന്നത് ഇൻസ്പെക്ടറായ പി. കെ. ഹരീഷ് കുമാറാണ്. ചന്തേര എസ്ഐ, പി. സി. സഞ്ജയ കുമാറിന്റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും, എൻഐഏ ഉദ്യോഗസ്ഥരെ അനുഗമിച്ചു. ഇർഷാദിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ദേശീയ അന്വേഷണ ഏജൻസി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

LatestDaily

Read Previous

പിലിക്കോട് ബാങ്ക് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് മണ്ഡലം കോൺഗ്രസ് മാർച്ച് നടത്തി

Read Next

കോട്ടച്ചേരി മേൽപ്പാലം : റെയിൽവേ സുരക്ഷാ കമ്മീഷൻ അനുമതിയായി