സമീറ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് 1.10 കോടിയുടെ സ്വർണ്ണം

അജാനൂർ: അജാനൂർ വെള്ളിക്കോത്ത് കാരക്കുഴിയിലെ മുപ്പത്തിയഞ്ചുകാരി വീട്ടമ്മ സമീറ ദുബായിൽ നിന്നും നാട്ടിലേക്ക് കടത്തിയത് 2.40 കിലോഗ്രാം സ്വർണ്ണം.ഉരുക്കി പേസ്റ്റ് രൂപത്തിലാക്കി പ്രത്യേക അറകളുള്ള അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സമീറ കടത്തിയ സ്വർണ്ണത്തിന് മംഗളൂരു എയർപോർട്ട് കസ്റ്റംസ് നിജപ്പെടുത്തിയ  മാർക്കറ്റ് വില 1.10 കോടി രൂപ.

സമീറ കാരക്കുഴിയിലെ മുഹമ്മദ് കുഞ്ഞിയുടെയും നബീസയുടെയും മകളാണ്. വെള്ളിക്കോത്ത് മൂലക്കണ്ടം  റോഡിൽ കാരക്കുഴി വളവിലുള്ള ബസ്റ്റോപ്പിന് തൊട്ടു മുന്നിലാണ് സമീറയുടെ ഇരുനില വീട്. യുവതിയുടെ ഭർത്താവ് മുഹമ്മദലി ബേക്കൽ പള്ളിക്കര സ്വദേശിയാണ്. മുഹമ്മദലി വർഷങ്ങളായി ദുബായിലാണ്.

സമീറയ്ക്ക് മൂന്ന് മക്കളുണ്ട്. മൂത്ത പെൺകുട്ടി 7-ാം തരത്തിൽ പഠിക്കുന്നു. രണ്ടാമത്തേത് ആൺകുട്ടി. മൂന്നാമത്തേത് ഒന്നര വയസ്സുള്ള ആൺകുട്ടി. ഒരു മാസം മുമ്പ് ആദ്യമായാണ് സമീറ സന്ദർശനാർത്ഥം ദുബായിലേക്ക് പറന്നത്. സമീറ യും മൂന്ന് മക്കളും മംഗളൂരു വിമാനത്താവളത്തിൽ നിന്ന് ആൺതുണയൊന്നുമില്ലാതെയാണ് ദുബായിലേക്ക് പറന്നത്. തിരിച്ചു വന്നതും തനിച്ചാണ്. വീടു പൂട്ടി താക്കോൽ വീടിന് തൊട്ടു പുറകിൽ താമസിക്കുന്ന സ്വന്തം സഹോദരന്റെ വീട്ടിൽ ഏൽപ്പിച്ചിരുന്നു.

മൂത്ത പെൺകുട്ടിക്കും, അഞ്ച് വയസ്സുള്ള ആൺകുട്ടിക്കും,  ഒന്നര വയസ്സുള്ള ഇളയ ആൺകുട്ടിക്കുമൊപ്പമാണ് സമീറ ഗൾഫിലെത്തിയത്. മാർച്ച് 11-ന് പുലർച്ചെ ദുബായിൽ നിന്ന് പറന്നെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് യുവതിയും മക്കളും മംഗളൂരു വിമാനത്താവളത്തിലിറങ്ങിയത്.

2.40 കിലോ ഗ്രാം സ്വർണ്ണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന സമീറയുടെ നടത്തത്തിൽ  എന്തോ പന്തികേട് തോന്നിയ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയെ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വസ്ത്രങ്ങൾ മാറ്റി പരിശോധിച്ചപ്പോഴാണ് അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 2.40 കിലോഗ്രാം സ്വർണ്ണം കണ്ടെടുത്തത്.

സമീറയുടെ പിതാവ് മുഹമ്മദ് കുഞ്ഞി കോട്ടച്ചേരി മെട്രോ കെട്ടിടത്തിന് മുന്നിൽ പഴവർഗ്ഗ കച്ചവടക്കാരനായിരുന്നു. 4 വർഷം മുമ്പ് മരണപ്പെട്ടുപോയി.ഒരു സ്ത്രീ 1.10 കോടി രൂപയുടെ സ്വർണ്ണം അടി വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുന്നത് മംഗളൂരു ബജ്പെ അന്താരാഷ്ട്ര വിമാനത്താവള ചരിത്രത്തിൽ ഇതാദ്യമാണ്. സമീറയുടെ ഉമ്മ നബീസ ജീവിച്ചിരിക്കുന്നുണ്ട്. സ്വർണ്ണ വേട്ട നടന്നയുടൻ മംഗളൂരു കസ്റ്റംസും, എയർപോർട്ട് കസ്റ്റംസും , ഡിആർഐ ഉദ്യോഗസ്ഥരും, വെള്ളിക്കോത്ത് മൂലക്കണ്ടം റോഡിൽ കാരക്കുഴിയിലുള്ള സമീറയുടെ വീട്ടിലെത്തി.

  ഉദ്യോഗസ്ഥരെത്തുമ്പോൾ ഇരുനില വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പൂട്ട് തകർത്ത് കസ്റ്റംസ് ഉദ്യാഗസ്ഥർ വീട്ടിനകത്ത് പ്രവേശിക്കുമെന്ന് വന്നപ്പോൾ,  സമീറയുടെ വീടിന് തൊട്ടു പുറകിലുള്ള  യുവതിയുടെ സഹോദരന്റെ വീട്ടിൽ നിന്ന് താക്കോൽ കൊണ്ടു വരികയും വീട് തുറക്കുകയും ചെയ്തു. വീട്ടിലെ മുറികൾ മുഴുവൻ കസ്റ്റംസും, ഡിആർഐ ഉദ്യോഗസ്ഥരും ചികഞ്ഞ് പരിശോധിച്ചുവെങ്കിലും, കാര്യമായി ഒന്നും കണ്ടെത്താനായില്ല. മംഗളൂരു കോടതിയിൽ ഹാജരാക്കിയ സമീറയെ  കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

1.10 കോടി രൂപ വില വരുന്ന സ്വർണ്ണം ആരാണ് നാട്ടിലേക്ക് കൊടുത്തയച്ചതെന്ന് സമീറ കസ്റ്റംസിന് മുന്നിൽ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. യുവതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമീറയുടെ ഭർത്താവ് മുഹമ്മദലി കഴിഞ്ഞ 15 വർഷക്കാലമായി ദുബായിലാണ്.

LatestDaily

Read Previous

മഞ്ചേശ്വരത്തും കാസർകോട്ടും എസ്ഡിപിഐ; ലീഗിന് നെഞ്ചിടിപ്പ്

Read Next

പിലിക്കോട് ബാങ്ക് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് മണ്ഡലം കോൺഗ്രസ് മാർച്ച് നടത്തി