ഉദുമ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ കലാപം

കാഞ്ഞങ്ങാട് : ഉദുമ സീറ്റ് ബാലകൃഷ്ണൻ  പെരിയയ്ക്ക് നൽകിയതിന്റെ പേരിൽ കാസർകോട് ഡിസിസിയിലുയർന്ന കലാപം ആളിപ്പടരുന്നു.  സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയറിയിച്ച് കെപിസിസി ഭാരവാഹി, കെ. നീലകണ്ഠൻ രാജി വെച്ചതോടെ സ്ഥാനാർത്ഥിത്തർക്കം തുറന്ന യുദ്ധമായി. ബാലകൃഷ്ണൻ പെരിയയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാജ്മോഹൻ ഉണ്ണിത്താൻ എം. പി യാണെന്നാരോപിച്ച് ഡിസിസിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുണ്ട്.

ഉണ്ണിത്താനെ കാസർകോട് പാർലമെന്റ് നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത് മുതൽ ഡിസിസിയിലുണ്ടായിരുന്ന അതൃപ്തി നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തോടെ തുറന്ന യുദ്ധത്തിലെത്തി നിൽക്കുകയാണ്. ഡിസിസി നേതൃത്വത്തെ നോക്കുകുത്തിയാക്കി ഉണ്ണിത്താൻ നടത്തുന്ന ഗ്രൂപ്പ് പ്രവർത്തനത്തിൽ ജില്ലയിലെ കോൺഗ്രസ് ഘടകത്തിന് അതൃപ്തിയുണ്ട്. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നിഷ്ക്കാസനം ചെയ്യാൻ രാജ്മോഹൻ ഉണ്ണിത്താൻ ചരടുവലി നടത്തിയിരുന്നു. ഹക്കീം കുന്നിലിനെ ഡിസിസി  നേതൃ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് കെപിസിസിക്കയച്ച കത്തിൽ ബാലകൃഷ്ണൻ പെരിയയും ഒപ്പിട്ടിരുന്നു.

ബാലകൃഷ്ണൻ പെരിയയ്ക്കെതിരെ ഡിസിസി യിലുണ്ടായ അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പ് ഫലത്തേയും ബാധിക്കുമെന്നുറപ്പാണ്. സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് കൂടുതൽ നേതാക്കൾ രാജിഭീഷണി മുഴക്കിയ സാഹചര്യത്തിൽ ഉദുമ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഡിസിസി യുടെ പങ്കാളിത്തം കുറയുമെന്നുറപ്പായി. ഏഐസിസി നടത്തിയ സർവ്വേയുടെ ഭാഗമായാണ് ബാലകൃഷ്ണൻ പെരിയയെ ഉദുമയിൽ സ്ഥാനാർത്ഥിയാക്കിയത്. ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ ആരംഭം മുതൽ തന്നെ കോൺഗ്രസിൽ അതൃപ്തിയുണ്ടായിരുന്നു.

ഹക്കീം കുന്നിലിനെ ഉദുമ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയേക്കുമെന്നും, പ്രചാരണമുണ്ടായിരുന്നു. ഈ സാധ്യതകളെല്ലാം തട്ടിമാറ്റിയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ അരുമയായ ബാലകൃഷ്ണൻ പെരിയയ്ക്ക് ഉദുമയിൽ സീറ്റുറച്ചത്. ഉദുമയ്ക്ക് പുറമെ തൃക്കരിപ്പൂർ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയും കോൺഗ്രസിനുള്ളിൽ ശക്തമായ അമർഷമുണ്ട്.

തൃക്കരിപ്പൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് വിട്ടു കൊടുത്തത് മണ്ടൻ തീരുമാനമാണെന്നാണ് മണ്ഡലത്തിലെ പൊതുവികാരം. കേരള കോൺഗ്രസിലെ എം. പി. ജോസഫിനാണ് തൃക്കരിപ്പൂർ സീറ്റ് വിട്ടു നൽകിയത്. മണ്ഡലത്തിൽ പേരിന് പോലുമില്ലാത്ത കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തൃക്കരിപ്പൂർ സീറ്റ് കൊടുത്ത നടപടിയിൽ പാർട്ടിക്കുള്ളിൽ അമർഷമുണ്ട്.

പി. കെ. ഫൈസലടക്കമുള്ള കോൺഗ്രസ് നേതാക്കൾ കണ്ണുവെച്ച തൃക്കരിപ്പൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതോടെ മണ്ഡലം തിരികെ പിടിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾക്കാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം കത്തിവെച്ചത്. ഉദുമ സീറ്റിനെച്ചൊല്ലി ഡിസിസിയിൽ പുകയുന്ന അമർഷം, തീയായി പടർന്നാൽ ബാലകൃഷ്ണൻ പെരിയയുടെ വിജയ സാധ്യത തുലാസിലാകും. . സുധാകരൻ തോൽവി സമ്മതിച്ച് തിരിച്ചു പോയ മണ്ഡലമാണ് ഉദുമ.

LatestDaily

Read Previous

പോക്സോ പ്രതിയുടെ മകളെ പീഡിപ്പിച്ചയാൾക്കെതിരെ പോക്സോ കേസ്സ്

Read Next

മഞ്ചേശ്വരത്തും കാസർകോട്ടും എസ്ഡിപിഐ; ലീഗിന് നെഞ്ചിടിപ്പ്