വർത്തമാനം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മാറ്റിവെക്കാനാവാത്ത ചരിത്ര പുരുഷൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരക്കുട്ടി സൈന സൂഫി ദൽഹിയിലുള്ള യൂണിവേവ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിനിയായി എത്തുന്നതും, സർവ്വകലാശാലയിലെ പഠനത്തിനിടയിൽ ഈ പെൺകുട്ടിക്ക് തീവ്ര ഹിന്ദുത്വവാദികളിൽ നിന്ന് നേരിടേണ്ടിവരുന്നതുമായ കടുത്ത പീഡനങ്ങളുടെ കഥ പറയുന്ന സിനിമയാണ് ആര്യാടൻ ഷൗക്കത്തിന്റെ വർത്തമാനം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്ര ഹിന്ദുത്വം വരുത്തിവെച്ച അക്രമങ്ങളും, പോലീസിനെ ഉപയോഗിച്ച് ഭരണകൂടം നടത്തി വരുന്ന ഹിന്ദുത്വ വാഴ്ചയ്ക്ക് ഇരയാകുന്ന നിരപരാധികളുടെ കഥ അധികം വളച്ചുകെട്ടില്ലാതെ തുറന്നു കാട്ടുന്ന ചലച്ചിത്രമാണ് ഇന്നലെ തിയേറ്ററുകളിലെത്തിയ സിനിമ വർത്തമാനം. ദൽഹിയിലും, ഛണ്ഡീഗഡിലെ മലനിരകളിലും ഏറെ ആയാസപ്പെട്ട് ചിത്രീകരിച്ച വർത്തമാനം കോവിഡാനന്തര കാലത്തിന് ശേഷം കാവി രാഷ്്ട്രീയത്തെ വരിഞ്ഞുമുറുക്കുന്ന സിനിമയാണ്.

ഇന്ത്യാ വിഭജന കാലത്ത് ഹിന്ദുക്കളും, മുസ്ലീംങ്ങളും ഏകോദര സഹോദരൻമാരായി ഇന്ത്യയിൽ ജീവിക്കണമെന്ന മഹാത്മജിയുടെ മഹത്തായ ആശയം തീവ്രഹിന്ദുത്വ നിലപാടുകളിൽ തട്ടി തകർന്നുപോവുകയാണെന്ന് സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത ഈ ചലച്ചിത്രം പ്രേക്ഷകരോട് പറയുന്നു. ചിത്രത്തിൽ ഗവേഷണ വിദ്യാർത്ഥിനി സൈന സൂഫിയുടെ വേഷമിട്ട താരം പാർവ്വതി തിരുവോത്തിന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു തിലകക്കുറിയാണ് ഈ ചലചിത്രം.

മലയാളവും, ഹിന്ദിയും, ഇംഗ്ലീഷും, മറാത്തിയും കലർന്നു നിൽക്കുന്ന സംഭാഷണങ്ങളിൽ പ്രേക്ഷകനെ ഒട്ടും മടുപ്പിക്കുന്നില്ല. അഴകപ്പന്റെ ഛായാഗ്രാഹണം ഒന്നാന്തരമായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആര്യാടൻ ഷൗക്കത്തിന്റേതാണ്. യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലായെത്തുന്ന നടൻ സിദ്ധിക്കും, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായി വേഷമിട്ട ഇതര താരങ്ങളും ഒന്നിനൊന്ന് മെച്ചമായി. സിനിമയുടെ പശ്ചാത്തലവും, ആഖ്യാന രീതികളും കൊണ്ട് വർത്തമാനം പതിവുമലയാള സിനിമകളുടെ ബോറടിപ്പിക്കുന്ന ഫ്രെയിമിൽ നിന്ന് വേറിട്ടു നിൽക്കുന്നു.

LatestDaily

Read Previous

പൊതുനിരത്തിലെ പൊതു പരിപാടികളിൽ ജനം പൊറുതിമുട്ടി

Read Next

കെ. സുരേന്ദ്രന് സിപിഎം ഹിന്ദുവോട്ട് മറിയും