വ്യാജ ചികിത്സ: ഹംസ വൈദ്യരുടെ ആദ്യ ഭാര്യ പോലീസ് പിടിയിൽ

കാഞ്ഞങ്ങാട് : മടിക്കൈ ഹംസ വൈദ്യരുടെ ആദ്യ ഭാര്യയെ വ്യാജ ചികിത്സയ്ക്കിടെ തിരുവനന്തപുരം പാലോട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പെരിങ്ങമല കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തിവന്ന സോഫിമോൾ 43, ആണ് പോലീസിന്റെ പിടിയിലായത്. ഹംസവൈദ്യരുടെ ആദ്യ ഭാര്യയായിരുന്ന സോഫിമോൾ അജാനൂർ മഡിയൻ കേന്ദ്രീകരിച്ച് 3 വർഷത്തോളം വ്യാജ ചികിത്സ നടത്തിയിരുന്നു.

ഭർത്താവുമായി അകന്ന ശേഷം ഇവർ സ്വന്തം നിലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തുകയായിരുന്നു. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് ചികിത്സയ്ക്കായി രോഗികളെ ആകർഷിച്ചിരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർ വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ചാണ് ചികിത്സ നടത്തിയത്. രോഗികളിൽ നിന്ന് വൻതുക ഫീസ് വാങ്ങിയാണ് ചികിത്സ.

തിരുവനന്തപുരം ജില്ലയിലെ മടത്തറ കേന്ദ്രീകരിച്ച് ചികിത്സ നടത്തുന്നുണ്ടെന്ന പരസ്യം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ പിടിയിലായത്. പാരമ്പര്യ ചികിത്സകനെന്ന് അവകാശപ്പെടുന്ന മടിക്കൈ ഹംസ വൈദ്യരാണ് ഇവരുടെ ആദ്യ ഭർത്താവ്. ഇദ്ദേഹം ഇപ്പോൾ കാസർകോട് ജില്ല വിട്ട് പ്രവർത്തന മേഖല കോഴിക്കോട്ടേയ്ക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റിലായ സോഫിമോൾ റിമാന്റിലാണ്.

LatestDaily

Read Previous

ഉദുമ- തൃക്കരിപ്പൂർ സ്ഥാനാർത്ഥികളെ ചൊല്ലി കോൺഗ്രസ്സിൽ കലാപം

Read Next

പൊതുനിരത്തിലെ പൊതു പരിപാടികളിൽ ജനം പൊറുതിമുട്ടി