ഉദുമ- തൃക്കരിപ്പൂർ സ്ഥാനാർത്ഥികളെ ചൊല്ലി കോൺഗ്രസ്സിൽ കലാപം

കാഞ്ഞങ്ങാട്: ഉദുമ- തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ചൊല്ലി കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നം രൂക്ഷമായി. ജില്ലയിലെ കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളായ ഡിസിസി പ്രസിഡണ്ട് ഹക്കീംകുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ ഏ. ഗോവിന്ദൻ നായർ, മുൻ കെപിസിസി ജനറൽ സിക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ഡിസിസി ജനറൽ സിക്രട്ടറി അഡ്വ. ഗോവിന്ദൻ നായർ എന്നിവരറിയാതെ ഉദുമ മണ്ഡലത്തിൽ കെപിസിസി സിക്രട്ടറി ബാലകൃഷ്ണൻ പെരിയയേയും കോൺഗ്രസ്സ് വിജയ സാധ്യത പുലർത്തുന്ന തൃക്കരിപ്പൂർ മണ്ഡലം കേരള കോൺഗ്രസ് ജോസഫിന് വിട്ടുകൊടുക്കാനുള്ള കെപിസിസി തീരുമാനത്തിനെതിരെയുമാണ് നേതാക്കളും അണികളും വാളെടുത്തിട്ടുള്ളത്.

ഉദുമയിൽ ബാലകൃഷ്ണനെ സ്ഥാനാർത്ഥിയായി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന കെപിസിസി നിലപാട് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പ്രഖ്യാപിച്ചു. ഇടതുമുന്നണിയുമായി നേരിയ വോട്ട് വ്യത്യാസമുള്ള തൃക്കരിപ്പൂർ മണ്ഡലം കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള തീരുമാനം, ജില്ലയിലെ മുതിർന്ന നേതാക്കൾ അറിഞ്ഞില്ല.  ജില്ലാ നേതാക്കളോട് ആലോചിക്കാതെ തലസ്ഥാനത്ത് നേതാക്കളെടുക്കുന്ന തീരുമാനം അംഗീകരിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളുടെ നിലപാട്.

ഇത്തവണ ഉറപ്പായും എൽഡിഎഫിൽ നിന്നും പിടിച്ചെടുക്കാനാകുമെന്ന് കോൺഗ്രസ്സ് കരുതിയിരുന്ന തൃക്കരിപ്പൂർ സീറ്റാണ് ജോസഫിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.  തൃക്കരിപ്പൂർ മണ്ഡലത്തിൽ പേരിന്പോലും സ്വാധീനമില്ലാത്ത കേരള കോൺഗ്രസ്സ് ജോസഫിന്, മുസ്്ലീം ലീഗിനും കോൺഗ്രസ്സിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലം വിട്ടുകൊടുത്തത് ജില്ലയിലെ കോൺഗ്രസ്സ് മുസ്്ലീം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. എന്ത് മാനദണ്ഡമാണ് തൃക്കരിപ്പൂർ സീറ്റ് ജോസഫിന് വിട്ടുകൊടുക്കാൻ സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം സ്വീകരിച്ചതെന്നാണ് അണികളുയർത്തുന്ന ചോദ്യം.

LatestDaily

Read Previous

മഞ്ചേശ്വരത്ത് ഏ കെ എം അഷ്റഫ്

Read Next

വ്യാജ ചികിത്സ: ഹംസ വൈദ്യരുടെ ആദ്യ ഭാര്യ പോലീസ് പിടിയിൽ