മഞ്ചേശ്വരത്ത് ഏ കെ എം അഷ്റഫ്

കാഞ്ഞങ്ങാട് : മണ്ഡലത്തിന്റെ ആവശ്യം പരിഗണിച്ച് മഞ്ചേശ്വരത്ത് യൂത്ത് ലീഗ് നേതാവ് ഏ. കെ. എം. അഷ്റഫിനെത്തന്നെ സ്ഥാനാർത്ഥിയാക്കിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇക്കുറി യുദ്ധം മുറുകുമെന്നുറപ്പായി. ബിജെപി മഞ്ചേശ്വരത്ത് ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുകയാണെങ്കിൽ മത്സരഫലം പ്രവചനാതീതമായിരിക്കും.

ഇടതു സ്ഥാനാർത്ഥിയായി ശങ്കർറൈയേയും, ജയാനന്ദയേയും വേണ്ടെന്ന് സിപിഎം പ്രവർത്തകർ വാശി പിടിച്ചതോടെ, സിപിഎം ജില്ലാക്കമ്മിറ്റിയംഗം വി. വി. രമേശനെയാണ് ഇടതു മുന്നണി കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിന് പുറത്തു നിന്നെത്തിയ വി. വി. രമേശനും, മഞ്ചേശ്വരം മണ്ഡലത്തിൽത്തന്നെ താമസക്കാരനായ ഏ. കെ. എം. അഷ്റഫും തമ്മിലുള്ള തെരഞ്ഞെടുപ്പ് യുദ്ധത്തിന് പുറമെ, ബിജെപി സ്ഥാനാർത്ഥി കൂടി രംഗത്തെത്തുന്നതോട് കൂടി തെരഞ്ഞെടുപ്പ് പ്രചാരത്തിന് വീറും വാശിയും വർദ്ധിക്കും.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിവസം തന്നെ വി. വി. രമേശൻ മഞ്ചേശ്വരം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു.  ഒന്നാം ഘട്ടത്തിൽ മണ്ഡലത്തിലെ മത നേനാക്കളേയും, ആത്മീയ നേതാക്കളേയും രമേശൻ സന്ദർശിച്ചു കഴിഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതോടെ ഇടതു മുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാകും. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇടതു മുന്നണിക്ക് വിജയ സാധ്യത കുറവാണെങ്കിലും, മണ്ഡലത്തിൽ ആധിപത്യമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥിയും ഇടതു മുന്നണി പ്രവർത്തകരും.

സിപിഎം നേതാവ് സി. എച്ച്. കുഞ്ഞമ്പു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമയത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച വി. വി. രമേശന് മണ്ഡലത്തെക്കുറിച്ച് നല്ല പരിചയവുമുണ്ട്.  ലീഗിന്റെ ആധിപത്വത്തിലുണ്ടായിരുന്ന കാഞ്ഞങ്ങാട് നഗരസഭയുടെ ഭരണം തിരികെപ്പിടിച്ച നേതാവെന്ന പരിവേഷമാണ് വി. വി. രമേശന് മണ്ഡലത്തിലുള്ളത്. അതേസമയം, മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തിലെ ലീഗ് അനുഭാവികൾ ഏ. കെ. എം. അഷ്റഫിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ എൻ. ഏ. നെല്ലിക്കുന്നിനെ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കാനുള്ള നീക്കത്തെ ലീഗ് അണികൾ ഒന്നടങ്കം എതിർത്തത് ഏ. കെ. എം. അഷ്റഫിന് വേണ്ടിയായിരുന്നു. മഞ്ചേശ്വരത്ത് ശക്തമായ ജന പിന്തുണയുള്ള ഏ. കെ. എം. അഷ്റഫിനെ അത്രയെളുപ്പത്തിൽ പരാജയപ്പടുത്താൻ സിപിഎമ്മിനോ, ബിജെപിക്കോ കഴിയുമെന്ന് തോന്നുന്നില്ല. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇടതു മുന്നണിയുടെ സ്ഥാനാർത്ഥിയായ വി. വി. രമേശൻ മഞ്ചേശ്വരത്ത് വിജയിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള വി. വി. രമേശന് വേണ്ടി ബിജെപി ദുർബ്ബലനായ സ്ഥാനാർത്ഥിയെ ഇറക്കുകയും, ഉപതെരഞ്ഞെടുപ്പിൽ എം. സി. ഖമറുദ്ദീനെ സഹായിച്ചതു പോലെ സഹായിക്കുകയും ചെയ്താൽ മാത്രമേ വി. വി. രമേശന് വിജയ സാധ്യതയുള്ളൂ.

LatestDaily

Read Previous

ഖമറുദ്ദീന് ഇനി വനവാസം

Read Next

ഉദുമ- തൃക്കരിപ്പൂർ സ്ഥാനാർത്ഥികളെ ചൊല്ലി കോൺഗ്രസ്സിൽ കലാപം