ഖമറുദ്ദീന് ഇനി വനവാസം

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലീഗ് സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ നിന്ന് എം.സി. ഖമറുദ്ദീനെ ഒഴിവാക്കിയതോടെ, ഖമറുദ്ദീന് ഇനി രാഷ്ട്രീയ വനവാസം.  നിരപരാധി വേഷമണിഞ്ഞും, കള്ള കണ്ണീരൊഴിക്കിയും ഖമറുദ്ദീൻ പതിനെട്ടടവും പയറ്റിയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ അപ്രസക്തമാകുന്ന വിധത്തിലുള്ള തീരുമാനമാണ് ലീഗ് സംസ്ഥാന സമിതി കൈക്കൊണ്ടത്.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ പ്രതിയായ എം.സി. ഖമറുദ്ദീൻ ഇരവാദമുയർത്തി സഹതാപ തരംഗമുണ്ടാക്കിയശേഷം മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ ശ്രമം നടത്തിയിരുന്നു. തട്ടിപ്പ് കേസ്സിൽ നൂറ് ദിവസത്തോളം ജയിലിൽക്കഴിഞ്ഞ ശേഷം മണ്ഡലത്തിലെത്തിയ ഖമറുദ്ദീൻ മണ്ഡലത്തിൽ നിറഞ്ഞുകളിച്ചത് ഈ ശ്രമങ്ങളുടെ ഭാഗമായാണ്. പക്ഷേ, ഖമറുദ്ദീനെ തങ്ങൾക്ക് വേണ്ടെന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ഘടകങ്ങൾ ഒന്നടങ്കം പറഞ്ഞതാണ് ഖമറുദ്ദീന്റെ രണ്ടാമങ്കത്തിന് തടസ്സമായത്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് ശേഷം ചുരുങ്ങിയ കാലമാണ് എം.സി. ഖമറുദ്ദീനെ മണ്ഡലത്തിന് ലഭിച്ചത്. ഇദ്ദേഹം എംഎൽഏയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ജ്വല്ലറിത്തട്ടിപ്പിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികളെത്തിയതും. തുടർന്ന് 158 വഞ്ചനാക്കേസ്സുകൾ ഇദ്ദേഹത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്തതും.

150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിൽ പ്രതിയാക്കപ്പെട്ട ഖമറുദ്ദീൻ ജയിലിലായതോടെ, മണ്ഡലത്തിന് എംഎൽഏ ഇല്ലാതായി. ജയിൽമോചിതനായതിന് പിന്നാലെ മഞ്ചേശ്വരം സീറ്റിന് വേണ്ടി ഖമറുദ്ദീൻ ലീഗ് സംസ്ഥാനാധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളെ സമീപിച്ചിരുന്നു.
നിക്ഷേപത്തട്ടിപ്പ് കേസ്സുകളിൽ ഖമറുദ്ദീനെ പാർട്ടിക്കുള്ളിൽ സംരക്ഷിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയും കൈവെടിഞ്ഞതോടെ, ഖമറുദ്ദീന്റെ രാഷ്ട്രീയ ഭാവി തുലാസിലായി.

അതേസമയം, നിക്ഷേപത്തട്ടിപ്പിൽ ഖമറുദ്ദീനെ വെള്ള പൂശാനുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ അനുയായികൾ നടത്തുന്നുണ്ട്.ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന ന്യായീകരണ കഥകളിൽ ഖമറുദ്ദീന് വീര പരിവേഷമാണ്. ഖമറുദ്ദീൻ ജയിലിൽക്കിടന്നത് ഏതോ വീരകൃത്യം ചെയ്തിട്ടാണെന്ന് വരുത്തിത്തീർക്കാനാണ് അനുയായികൾ ശ്രമിക്കുന്നത്.  150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിൽ ഖമറുദ്ദീൻ നിരപരാധിയാണെന്നും, അദ്ദേഹത്തിനെതിരെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് കേസ്സുകളെന്നുമാണ് ഫേസ്ബുക്ക് പാണൻമാർ പാടി നടക്കുന്നത്.

കുറ്റങ്ങളെല്ലാം ടി.കെ. പൂക്കോയയുടെ തലയിൽ കെട്ടിവെച്ച് കൈകഴുകാനുള്ള ശ്രമമാണ് എം.സി. ഖമറുദ്ദീൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഖമറുദ്ദീന്റെയും ടി.കെ. പൂക്കോയയുടെയും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ഇരുവരും ഫാഷൻ ഗോൾഡ് ജ്വല്ലറിയിലേക്ക് കോടികളുടെ നിക്ഷേപം വാരിക്കൂട്ടിയത്.  നിക്ഷേപകരിൽ ഭൂരിഭാഗവും ലീഗ് അനുഭാവികളാണ്. പാർട്ടിയുടെ അടിത്തട്ടിലുള്ള അനുഭാവികളെ കെവെടിഞ്ഞാണ് പി. കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കൾ ഖമറുദ്ദീനെ സംരക്ഷിച്ചത്.  148 വഞ്ചനാക്കേസ്സുകളിൽ പ്രതിയായ ഖമറുദ്ദീനെ ഒരു നോട്ടംകൊണ്ടുപോലും ലീഗ് ഇന്നുവരെ ശാസിച്ചിട്ടുമില്ല.

LatestDaily

Read Previous

ഔഫ് വധക്കേസിൽ കുറ്റപത്രം ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയായി

Read Next

മഞ്ചേശ്വരത്ത് ഏ കെ എം അഷ്റഫ്