ഔഫ് വധക്കേസിൽ കുറ്റപത്രം ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയായി

കഠാരയുടെ ഉൾപ്പെടെ പരിശോധനാഫലം കോടതിക്ക് കൈമാറി

കാഞ്ഞങ്ങാട് : പഴയകടപ്പുറത്തെ ഔഫ് അബ്ദുൾ റഹ്മാൻ വധക്കേസിൽ യൂത്ത് ലീഗ് പ്രവർത്തകരായ പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കല്ലൂരാവിയിലെ യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഹസ്സൻ, ഹാഷിർ എന്നിവരാണ് ഔഫ് വധക്കേസിൽ പ്രതികൾ. 2020 ഡിസംബർ 24 നാണ് ഔഫ്, മുണ്ടത്തോടിൽ സമീപം കുത്തേറ്റ് കൊല്ലപ്പെട്ടത്.

ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് കാസർകോട് ക്രൈംബ്രാഞ്ചിന് അന്വേഷണം വിടുകയായിരുന്നു. അറസ്റ്റിലായ പ്രതികൾ മൂന്ന് പേരും ഇപ്പോഴും റിമാന്റിലാണ്. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കൊലപാതകത്തിനുപയോഗിച്ച കഠാര സംഭവ സ്ഥലത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തി. ഔഫിനെ ആക്രമിക്കാനുപയോഗിച്ച മരവടിയും, ഇരുമ്പ് വടിയും കൊലപാതകത്തിനുപയോഗിച്ച കഠാരയും ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കണ്ണൂർ റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കയച്ചിരുന്ന ആയുധങ്ങളുടെ പരിശോധന പൂർത്തിയാക്കിയാണ് ആയുധങ്ങൾ കോടതിക്ക് കൈമാറിയത്. കഠാരയിലും മറ്റ് ആയുധങ്ങളിലും പുരണ്ട രക്തം ഔഫിന്റെതാണോയെന്ന് തിരിച്ചറിയാനാണ് രാസ പരിശോധനയ്ക്കയച്ചത്. ഫോറൻസിക് പരിശോധനാഫലം ഹൊസ്ദുർഗ് കോടതിക്ക് കൈമാറി.

ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റ പത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഫോറൻസിക് പരിശോധനാഫലം ക്രൈംബ്രാഞ്ച് സംഘം കോടതിക്ക് കൈമാറിയത്. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് ക്രൈംബ്രാഞ്ച് ശ്രമം. മാർച്ച് 22 ന് ഔഫ് കൊലപാതകം നടന്ന് 90 ദിവസം പൂർത്തിയാകുന്നതിനാൽ അതിന് മുമ്പ് ക്രൈംബ്രാഞ്ച് വധക്കേസിൽ കുറ്റപത്രം കോടതിക്ക് കൈമാറും.

LatestDaily

Read Previous

ഉണ്ണിത്താന്റെ വീടിന് കരിങ്കൊടി

Read Next

ഖമറുദ്ദീന് ഇനി വനവാസം