മന്ത്രി ഇ. ചന്ദ്രശേഖരന് എതിരെ മടിക്കൈ സിപിഎമ്മിലും എതിർപ്പ്

കാഞ്ഞങ്ങാട്: സ്വന്തം പാർട്ടി സിപിഐയുടെ മണ്ഡലം കൺവീനറുടെ രാജിയിൽ വരെ എത്തി നിൽക്കുന്ന മന്ത്രി ഇ. ചന്ദ്രശേഖരന് എതിരായ പ്രതിഷേധം മടിക്കൈ നാട്ടിൽ സിപിഎമ്മിലേക്കും വ്യാപിച്ചു. ആയിരത്തി ഇരുന്നൂറ് ഉറച്ച പാർട്ടി അംഗങ്ങളുള്ള മടിക്കൈ നാട്ടിൽ സിപിഐ അംഗങ്ങൾ തുലോം വിരളമാണ്. ചന്ദ്രശേഖരന്റെ മൂന്നാമങ്കത്തിൽ പ്രതിഷേധിച്ച് സിപിഐയുടെ കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ ബങ്കളം കുഞ്ഞികൃഷ്ണൻ രാജിവെച്ചതിന് തൊട്ടു പിന്നാലെ മടിക്കൈ സിപിഐ പാർട്ടിയുടെ പത്ത് ബ്രാഞ്ച് സിക്രട്ടറിമാരും രാജി വെച്ചിരുന്നു.

സിപിഐയിൽ ചന്ദ്രശേഖരന് എതിരെ പ്രതിഷേധം കത്തിപ്പടരുന്നതിനിടയിൽ പ്രദേശത്ത് സിപിഎമ്മിലും ചന്ദ്രശേഖരന് എതിരെ പ്രതിഷേധമുയർന്നു. സിപിഎം പ്രവർത്തകരായ മടിക്കൈയിലെ തൊഴിലാളികളും, ഇടത്തരക്കാരുമാണ് ചന്ദ്രശേഖരന് എതിരെ പ്രതിഷേധം കടുപ്പിച്ചു കൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ചന്ദ്രശേഖരന്റെ ഒന്നാമങ്കത്തിലും, രണ്ടാമങ്കത്തിലും ലഭിച്ച വോട്ടുകളിൽ 40 ശതമാനം വോട്ടുകളും മടിക്കൈയിലെ സിപിഎം വോട്ടുകളാണ്.

60 ശതമാനം വോട്ടുകൾ മടിക്കൈ പ്രദേശത്തിന് പുറത്തുള്ള വോട്ടുകളുമാണ്. അഞ്ചു വർഷക്കാലം എംഎൽഏയും, അഞ്ചു വർഷക്കാലം മന്ത്രിയുമായിരുന്നിട്ടും, ഇന്നും അവികസിതമായിക്കിടക്കുന്ന മടിക്കൈക്ക് വേണ്ടി ഇ. ചന്ദ്രശേഖരൻ ഒന്നും ചെയ്തിട്ടില്ലെന്ന് മടിക്കൈ നിവാസികൾ പറയുന്നു.  കാസർകോട് ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ മടിക്കൈയിലും, തൊഴിലില്ലായ്മ സാധാരണ കുടുംബങ്ങളിൽ വലിയ ചോദ്യചിഹ്നമാണ്. ഇരുന്നൂറ് പേർക്കെങ്കിലും ജോലി ലഭിക്കുന്ന ഒരു വ്യവസായ സ്ഥാപനം പോലും മടിക്കൈ നാട്ടിലില്ല.

കഴിഞ്ഞ 40 വർഷക്കാലമായി മടിക്കൈയിൽ പ്രവർത്തിച്ചു വരുന്ന ബെസ്കോട്ട് എന്ന സ്വകാര്യ സ്ഥാപനത്തിൽ മുമ്പ് ഇരുന്നൂറ് പേർക്ക് നേരിട്ടും അല്ലാതെയും ജോലിയുണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ മുപ്പതിൽ താഴെ മാത്രം തൊഴിലാളികളാണ് ഈ ക്ലേപൗഡർ നിർമ്മാണക്കമ്പനിയിലുള്ളത്. ഏക്കർ കണക്കിന് റവന്യൂഭൂമി മടിക്കൈ പഞ്ചായത്തിൽ ഇന്നും തരിശായിക്കിടക്കുകയാണ്.

ഇ. ചന്ദ്രശേഖരൻ സംസ്ഥാന റവന്യൂമന്ത്രിയായിരുന്നിട്ടും, മടിക്കൈയിലെ തരിശുഭൂമികളിൽ ഒരു വ്യവസായശാല യാഥാർത്ഥ്യമാക്കിയിരുന്നവെങ്കിൽ, ചുരുങ്ങിയത് 500 കുടുംബങ്ങളെങ്കിലും പട്ടിണിയിൽ നിന്ന് കരകയറുമായിരുന്നു. മടിക്കൈയിൽ ഇതാ- വന്നു കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് ജനങ്ങളെ മോഹിപ്പിച്ച മാംസ സംസ്ക്കരണ ഫാക്ടറിയും, 91 ഏക്കർ ഗുരുവനം കുന്നിൽ വന്നുവെന്ന് പറഞ്ഞ വ്യവസായ പാർക്കും മടിക്കൈയിലെ ജനങ്ങളോട് ചെയ്ത ചതിയാണെന്നും മടിക്കൈ നിവാസികൾ തുറന്നു പറയുന്നു.

LatestDaily

Read Previous

ഗ്രീന്‍ സ്റ്റാര്‍ സൗജന്യ വസ്ത്ര വിതരണം ഉദ്ഘാടനം നാളെ

Read Next

ഉണ്ണിത്താന്റെ വീടിന് കരിങ്കൊടി