എ.എൻ.ഷംസീറിനെതിരെ മത്സരിക്കാൻ യു.ഡി.എഫും ബി.ജെ.പി.യും സ്ഥാനാർത്ഥികളെ തിരയുന്നു.

തലശ്ശേരി: ഇടതു സർക്കാർ നടപ്പിലാക്കിയ വികസന – ക്ഷേമ-പ്രവർത്തനങ്ങൾ പ്രചരണ വിഷയമാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തലശ്ശേരി മണ്ഡലത്തിൽ രണ്ടാം തവണയും മത്സര രംഗത്തുള്ള അഡ്വ. എ.എൻ.ഷംസീറിനെതിരെ പോരാടാൻ യു.ഡി.എഫും ബി.ജെ.പി.യും ഇനിയും സ്ഥാനാർത്ഥികളെ ഉറപ്പിച്ചില്ല. ഇന്നത്തെ ദിവസം ഇരുട്ടി വെളുക്കുന്നതിനിടയിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്നാണ് ഇരുപക്ഷത്തിന്റേയും വെളിപ്പെടുത്തൽ.

യു.ഡി.എഫിന്റെ മനസ്സിലും പട്ടികയിലും നഗരസഭാ മുൻ കൗൺസിലറും ഡി.സി.സി. സിക്രട്ടറിയുമായ എം.പി. അരവിന്ദാക്ഷനാണുള്ളത്. ഇത് പുറത്തറിഞ്ഞതുമുതൽ പതിവുപോലെ ഇദ്ദേഹത്തിന് അനുകൂലമായും എതിരായും പാളയത്തിൽ തന്നെ വാദമുഖങ്ങൾ ഉയർന്നു കഴിഞ്ഞു. എല്ലാറ്റിനും ഒടുവിൽ ഇന്ന് വൈകീട്ടോടെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.

ബി..ജെ.പി ക്ക് വേണ്ടി വി.കെ. സജിവൻ, എൻ.ഹരിദാസ്, സദാനന്ദൻ മാസ്റ്റർ എന്നിവരെയാണ് കണ്ടു വെച്ചിട്ടുള്ളത് – തലശ്ശേരിയിൽ മേൽ പറഞ്ഞ മൂന്ന് പേരും മാറി അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മറ്റൊരാൾ പ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടാനില്ല. സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവർ ഏറെയാണ് സംഘ പരിവാറിലുള്ളത്. ഇന്ന് വൈകീട്ടോടെ എൻ.ഡി.എ. തീരുമാനവും പുറത്ത് വന്നേക്കും. തലശ്ശേരിയുടെ കാര്യത്തിൽ ആർ.എസ്.എസിന്റേതാണ് അന്തിമ വാക്ക്. സ്വയം സേവക് സംഘ് പിടിമുറുക്കി യാൽ സി. സദാനന്ദൻ മാസ്റ്റർ താമരയുമായി തലശ്ശേരിയിലിറങ്ങും.

നിലവിൽ ബി.ജെ.പി.യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടാണ് ആർ.എസ്.എസിന് പ്രിയങ്കരനായ മാസ്റ്റർ ഇതിനിടെ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. എ എൻ ഷംസീറിന്റെ വോട്ടഭ്യർത്ഥിച്ചുള്ള ഒന്നാം വട്ട പ്രചാരണ പ്രവർത്തനങ്ങൾ മൂന്നാം നാളിലേക്കെത്തിക്കഴിഞ്ഞു.  വികസന നേട്ടങ്ങൾ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് ഷംസീർ വോട്ട് ചോദിക്കുന്നത്- മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതമായതിനാൽ, ഒരിടത്തും തപ്പിത്തടയേണ്ടി വരുന്നില്ല.  വോട്ടർമാർക്കിടയിൽ പ്രത്യേകം മുഖവുരയോ പരിചയപ്പെടുത്തലോ വേണ്ടി വരുന്നുമില്ല.”

ഇന്നലെ കുന്നോത്ത്‌തെരു, മാടപ്പീടിക ബീഡി കമ്പനികളിലെ തൊഴിലാളികളുടെ ആശിർവാദം ഏറ്റുവാങ്ങിയാണ് ഷംസീർ പര്യടനം തുടങ്ങിയത്. മണ്ഡലത്തിലെ വികസനത്തെ മുന്നിൽ നിന്ന്‌ നയിച്ച പ്രിയ സഖാവിനെ ഹൃദ്യമായാണ്‌ തൊഴിലാളികൾ സ്വീകരിച്ചത്‌.  ജഗന്നാഥക്ഷേത്രം ഓഫീസിലെത്തി ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ്‌ അഡ്വ കെ സത്യൻ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരെ കണ്ടു. ചാലിൽ സെന്റ്‌പീറ്റേഴ്‌സ്‌ ചർച്ചും ഗോപാലപ്പേട്ട തിരുവാണി ക്ഷേത്രം ഓഫീസും സന്ദർശിച്ചു.

തലശേരി റൂറൽ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ മണ്ഡലം യൂത്ത്‌മീറ്റിലും ജൂബിലി ഷോപ്പിങ്ങ്‌ കോംപ്ലക്‌സിൽ ചേർന്ന തെരുവ്‌കച്ചവട തൊഴിലാളി മണ്ഡലം കൺവൻഷനിലും അദ്ദേഹം പങ്കെടുത്തു. നഗരസഭ വൈസ്‌ചെയർമാൻ വാഴയിൽ ശശി, എം ബാലൻ, എം പ്രസന്ന, എ. രമേഷ്‌ബാബു, എസ്‌ ടി ജെയ്‌സൺ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ അനുഗമിച്ചു.

LatestDaily

Read Previous

കാഞ്ഞങ്ങാട് വീണ്ടും ബൈക്ക് മോഷണം: സ്ക്കൂട്ടർ കവർന്നു തുടർച്ചയായി മോഷണം പോയ 5 ബൈക്കുകളിൽ നാലെണ്ണവും ഉപേക്ഷിച്ച നിലയിൽ

Read Next

ഗ്രീന്‍ സ്റ്റാര്‍ സൗജന്യ വസ്ത്ര വിതരണം ഉദ്ഘാടനം നാളെ