സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയം തർക്കത്തിൽ

കാഞ്ഞങ്ങാട്: ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരുപടി മുന്നേറി എൽഡിഎഫ് തെരഞ്ഞെടുപ്പങ്കത്തിന് തയ്യാറെടുത്തു.  യുഡിഎഫിന്റെയും, എൻഡിഏ യുടെയും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ എങ്ങുമെത്താതെ നില്ക്കുമ്പോഴാണ് എൽഡിഎഫ് തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് തയ്യാറെടുത്തിരിക്കുന്നത്.

ജില്ലയിലെ 4 നിയമസഭാമണ്ഡലങ്ങളിലെയും, സിപിഎം, സിപിഐ സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഘടക കക്ഷിയായ ഐഎൻഎല്ലിന് നല്കിയ കാസർകോട് സീറ്റിൽ ആര് മൽസരിക്കുമെന്നതിനെക്കുറിച്ചുള്ള തീരുമാനം ഉടനുണ്ടാകും. ജില്ലയിൽ തൃക്കരിപ്പൂർ, ഹൊസ്ദുർഗ്, ഉദുമ സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

തൃക്കരിപ്പൂരിൽ സിപിഎം ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണന്റെ പേരാണ് ജില്ലാക്കമ്മിറ്റി നിർദ്ദേശിച്ചിരുന്നതെങ്കിലും, എം. രാജഗോപാലന് രണ്ടാമതൊരവസരം കൂടി നല്കാൻ സംസ്ഥാനക്കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. സിപിഐയുടെ സിറ്റിങ്ങ് സീറ്റായ ഹോസ്ദുർഗിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് മൂന്നാമത് ഒരവസരം കൂടി നല്കാൻ സിപിഐ സംസ്ഥാനക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഉദുമയിൽ സിപിഎം സ്ഥാനാർത്ഥിയായി അഡ്വ: സി. എച്ച്. കുഞ്ഞമ്പുവിനെയാണ്, നിശ്ചയിച്ചിരിക്കുന്നത്.

തൃക്കരിപ്പൂരിലെ സിപിഎം സ്ഥാനാർത്ഥിയായി പാർട്ടി ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണന്റെ പേരാണ് ആദ്യം മുതൽ പറഞ്ഞുകേട്ടിരുന്നത്. പാർട്ടി ജില്ലാ സിക്രട്ടറിയേറ്റിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും ഇദ്ദേഹത്തെ പിന്തുണച്ചിരുന്നെങ്കിലും, സംസ്ഥാനക്കമ്മിറ്റിയിലെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ പേര് പിന്തള്ളപ്പെടുകയായിരുന്നു. രൂപീകരണ കാലഘട്ടം മുതൽ ഏറ്റവും കൂടുതൽ തവണ ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലമാണ് തൃക്കരിപ്പൂർ.

2016‑ ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 16,959 വോട്ടുകളായിരുന്നു എൽഡിഎഫിന്റെ ഭൂരിപക്ഷം. ലോക്്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞെങ്കിലും, തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 19,387 ആയി വർധിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരെ 1987‑ ലും, 1991‑ ലും വിജയിപ്പിച്ച മണ്ഡലം കൂടിയാണ് തൃക്കരിപ്പൂർ.

പിണറായി മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ മന്ത്രി ഇ. ചന്ദ്രശേഖരന് മൂന്നാമത് ഒരവസരം കൂടി നല്കിയത് തുടർ ഭരണ സാധ്യതകൾ കൂടി വിലയിരുത്തിയാണെന്നാണ് റിപ്പോർട്ടുകൾ. പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള ചന്ദ്രശേഖരനെ മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് സ്ഥാനാർത്ഥിയാക്കിയതെന്ന് കരുതുന്നു. സിപിഐ രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നിഷേധിച്ചിരുന്നെങ്കിലും, ഇ. ചന്ദ്രശേഖരനെ മൂന്നാമതും. മത്സരിപ്പിക്കാൻ സിപിഐ സംസ്ഥാനക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

കേരളത്തിലെ കാർഷിക മേഖലയിൽ വൻ കുതിപ്പുണ്ടാക്കുന്നതിന് നേതൃത്വം നല്കിയ കൃഷി മന്ത്രി വി. എസ്. സുനിൽകുമാറിനെ വരെ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്നൊഴിവാക്കിയാണ് സിപിഐ ഇ. ചന്ദ്രശേഖരന് മൂന്നാമത് അവസരം നല്കിയിരിക്കുന്നത്.. ഉദുമ നിയോജക മണ്ഡലത്തിൽ അഡ്വ: സി. എച്ച് കുഞ്ഞമ്പുവാണ് സി. പി. എമ്മിന്റെ സ്ഥാനാർത്ഥി. ഉദുമയിൽ ഇ. പത്മാവതിയുടെ പേര് കൂടി പറഞ്ഞു കേട്ടിരുന്നെങ്കിലും, അവസാന നിമിഷം സി. എച്ച്. കുഞ്ഞമ്പുവിനാണ് നറുക്ക് വീണത്.

പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം രാഷ്ട്രീയ കാലാവസ്ഥ മാറിയ ഉദുമയിൽ ലോക്സഭാ തെറഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത വോട്ട് ചോർച്ചയുണ്ടായിരുന്നുവെങ്കിലും, സീറ്റ് നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം മഞ്ചേശ്വരത്ത് സിപിഎം ജില്ലാക്കമ്മിറ്റിയംഗം കെ. ആർ. ജയാനന്ദയെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നതെങ്കിലും, തർക്കത്തെത്തുടർന്ന് പ്രഖ്യാപനം മാറ്റിവെച്ചു. മണ്ഡലത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്.

ഇടതു മുന്നണിയിലെ ഘടകകക്ഷിയായ ഐഎൻഎല്ലിന് നല്കിയ സീറ്റിൽ അസീസ് കടപ്പുറം മത്സരിക്കുമെന്നാണ് കരുതുന്നത്. എൻ. ഏ. നെല്ലിക്കുന്നിനെതിരെ കാസർകോട് നിയോജകമണ്ഡലത്തിലുണ്ടായ പൊതുവികാരം തങ്ങൾക്ക് പ്രയോജനമാകുമെന്നാണ് എൽ. ഡി. എഫ് കണക്കു കൂട്ടുന്നത്. ജില്ലയിലെ 5 മണ്ഡലങ്ങളിൽ തൃക്കരിപ്പൂർ, ഹോസ്ദുർഗ്, ഉദുമ മണ്ഡലങ്ങളിൽ ഇക്കുറിയും ജനവിധി തങ്ങൾക്കനുകൂലമാകുമെന്നാണ് എൽഡിഎഫ് കണക്കു കൂട്ടുന്നത്.

LatestDaily

Read Previous

കുരുക്ക് മുറുകി; കോട്ടച്ചേരിയിൽ ഗതാഗത സ്തംഭനം പതിവായി

Read Next

പിലിക്കോട് ബാങ്ക് പ്രസിഡണ്ടിന്റെ രാജിയാവശ്യപ്പെട്ട് ഐ വിഭാഗം